തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാനയിലെ ഹൈദരാബാദിൽ പുതിയ കേന്ദ്രം തുടങ്ങി. 2019 അവാസാനത്തോടെ 1000 ടെക്നോളജി പ്രൊഫഷനലുകളെ കൂടെ പുതിയ കേന്ദ്രത്തിൽ നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. തെലങ്കാനയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ ഐ എ എസ്, യു എസ് ടി ഗ്ലോബൽ ഉദ്യോസ്ഥർ എന്നിവർ പുതിയ ഹൈദരാബാദ് ഓഫിസിന്റെ ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

ആഗോളതലത്തിൽ തങ്ങൾ നടപ്പിലാക്കി വരുന്ന ബാങ്കിങ്, സാമ്പത്തിക, ഇൻഷുറൻസ്, ആരോഗ്യ, റീട്ടെയിൽ, സാങ്കേതിക, ടെലികോം, സെമികണ്ടക്ടർ മേഖലകളിലെ സേവനങ്ങൾക്ക് ഹൈദരാബാദിലെ ഹൈടെക്ക് സിറ്റിയിലെ പുതിയ കേന്ദ്രത്തിൽ നിന്ന് മികവോടെ സഹായങ്ങളൊരുക്കാൻ സാധ്യമാകുമെന്ന് യു എസ് ടി ഗ്ലോബൽ പറഞ്ഞു.

യു എസ് ടി ഗ്ലോബലിനെ ഹൈദരാബാദിലേയ്ക്ക് സ്വാഗതം ചെയ്ത തെലങ്കാന വിവര സാങ്കേതിക-മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് അർബൻ ഡെവലപ്പ്‌മെന്റ് -ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി കെ ടി രാമ റാവു, കമ്പനിയുടെ തുടർന്നുള്ള വളർച്ചക്ക് ആശംസകൾ നേർന്നു.
യു എസ് ടി ഗ്ലോബൽ പോലെയുള്ള ഡിജിറ്റൽ ടെക്നോളജി കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സംസ്ഥാനനമാണ് തെലങ്കാന എന്ന് പുതിയ ഹൈദരാബാദ് കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിച്ച ജയേഷ് രഞ്ജൻ ഐ എ എസ് അറിയിച്ചു. യു എസ് ടി ഗ്ലോബൽ ഹൈദരാബാദ് കേന്ദ്രം മികച്ച രീതിയിൽ തങ്ങളുടെ പ്രവർത്തങ്ങൾ തുടരുമെന്നും, മികവാർന്ന സാങ്കേതിക പ്രൊഫഷണലുകളെ ഇവിടെ കണ്ടെത്താൻ കഴിയുമെന്നുമുള്ള പ്രത്യാശ അദ്ദേഹം പങ്കു വച്ചു.

നിലവിലുള്ള ഉപഭോക്താക്കൾ, വിശാലമായ ബിസിനസ് സാധ്യതകൾ, മികച്ച ടെക്നോളജി പ്രഫഷനലുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഹൈദരാബാദ് തങ്ങൾക്ക് മികച്ച വിപണി സാധ്യതകളാണ് ഒരുക്കുന്നത് എന്ന് യു എസ് ടി ഗ്ലോബലിന്റെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസറും കൺട്രി മേധാവിയുമായ അലക്സാണ്ടർ വർഗ്ഗീസ് പറഞ്ഞു. 'വിവിധ ആഗോള കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു വരുന്ന യു എസ് ടി ഗ്ലോബലിന്റെ ഡെലിവറി സെന്ററുകളുടെ കൂട്ടത്തിൽ ഹൈദരാബാദ് കേന്ദ്രവും കൂടി ചേർക്കാൻ കഴിഞ്ഞതിൽ യു എസ് ടി ഗ്ലോബലിന് ചാരിതാർഥ്യമുണ്ട്. പുതുയുഗ ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ ജീവിത സാഹചര്യങ്ങളിൽ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന യു എസ് ടി ഗ്ലോബൽ, ഹൈദരാബാദിലും ബൃഹത്തായ രീതിയിൽ നിയമനങ്ങൾ നടത്താൻ ആഗ്രഹമുണ്ട്. ഞങ്ങളുടെ കാഴ്‌ച്ചപ്പാടിനെ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന തെലങ്കാന സർക്കാരിനോട് യു എസ് ടി ഗ്ലോബലിന്റെ കൃതജ്ഞത അറിയിക്കുകയാണെന്ന്,' അലക്സാണ്ടർ വർഗ്ഗീസ് പറഞ്ഞു.
യു എസ് ടി ഗ്ലോബലിന്റെ പുതിയ ഹൈദരാബാദ് കേന്ദ്രത്തെ ഹരിലാൽ നീലകണ്ഠൻ നയിക്കും.
കാലിഫോർണിയ, സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിൽ റീജിയണൽ ആസ്ഥാനങ്ങളും, ലോകമെമ്പാടും 35 ലധികം കേന്ദ്രങ്ങളും ഉള്ള യു എസ് ടി ഗ്ലോബൽ തങ്ങളുടെ ആഗോള സാന്നിധ്യത്തിന്റെ സഹായത്തോടെ അമ്പതിലേറെ ഫോർച്ച്യൂൺ 500 ഉപഭോക്താക്കൾ ഉൾപ്പടെ അനവധി ബഹുരാഷ്ട്ര കമ്പനികൾക്ക് വേണ്ടി ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്തു വരുന്നു. അമേരിക്ക, ഇന്ത്യ, മെക്‌സിക്കോ, സ്പെയിൻ, ഡെന്മാർക്ക്, യു കെ, ജർമ്മനി, പോളണ്ട്, സിംഗപ്പൂർ, ഫിലിപ്പീൻസ്, മലേഷ്യ, തായ്വാൻ, ചൈന, ഓസ്ട്രേലിയ, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന യു എസ് ടി ഗ്ലോബലിന്റെ ബൃഹത്തായ ഇൻഫർമേഷൻ ടെക്നോളജി ഡെലിവറി കേന്ദ്രങ്ങൾ ഇന്ത്യ, അമേരിക്ക, മെക്‌സിക്കോ സ്പെയിൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.