കൊച്ചി: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായ യു എസ് ടി ഗ്ലോബൽ ഇന്ന് കൊച്ചി ഇൻഫോപാർക്കിലെ വിസ്മയ ബിൽഡിങ്ങിലുള്ള തങ്ങളുടെ കേന്ദ്രത്തിൽ ഇൻഫിനിറ്റി ലാബ്സിന്റെ ഇന്നോവേഷൻ ഗരാഷ് ഉദ്ഘാടനം ചെയ്തു.

യു എസ് ടി ഗ്ലോബൽ മുന്നോട്ട് വയ്ക്കുന്ന നൂതന സേവനങ്ങളിലെ മുഖ്യ ഘടകമാണ് ഇൻഫിനിറ്റി ലാബ്‌സ്. സാങ്കേതിക സംവിധാനങ്ങൾ, മനുഷ്യ കേന്ദ്രീകൃത മാതൃകകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പങ്കാളികളുൾപ്പെടുന്ന ശൃംഖല, മുൻനിര ഗവേഷണ സേവനങ്ങൾ എന്നിവയുടെ സംഗമമാണ് ഇതിലൂടെ സാധ്യമാകുന്നത്. യു എസ് ടി ഗ്ലോബൽ ജീവനക്കാർക്ക് മുന്നിൽ മുൻനിര സാങ്കേതിക വിദ്യകൾ തുറന്നു കൊടുക്കുന്നതിനു പുറമെ, അവർക്ക് ലോക നിലവാരമുള്ള ആർ & ഡി സ്ഥാപനങ്ങളിലെയും, നവയുഗ സ്റ്റാർട്ടപ്പുകളുടെയും സാങ്കേതിക മുന്നേറ്റങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാനും ഇൻഫിനിറ്റി ലാബ്സ് അവസരമൊരുക്കുന്നു. ഉപഭോക്താക്കൾക്ക് യു എസ് ടി ഗ്ലോബലിന്റെ സേവനങ്ങളും മികവും തിരിച്ചറിയുന്നതിനായി ഇൻഫിനിറ്റി ലാബ്‌സിൽ 'എക്‌സ്പീരിയൻസ് കേന്ദ്രവും' സജ്ജമാണ്.

ഇൻഫിനിറ്റി ലാബ്സിന്റെ ഇന്നോവേഷൻ ഗരാഷുകളിൽ ഹാക്കത്തോണുകൾ, ഇന്നോവേഷൻ ജിമ്മുകൾ, പ്രശ്‌നങ്ങളും പരിധികളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ, മുൻകൂട്ടി തയ്യാറാക്കപ്പെട്ട കോമ്പോണന്റുകൾ, ദ്രുത ഗതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതി നായുള്ള റാപിഡ് പ്രോട്ടോടൈപിങ്ങ് എന്നീ സാങ്കേതികതകളും സജ്ജീകരിക്കുവാൻ സ്ഥാപനം പദ്ധതിയിട്ടിട്ടുണ്ട്.

യു എസ് ടി ഗ്ലോബൽ നവീനതയുടെ ഉച്ചസ്ഥായിയിലാണെന്നും ആഗോള തലത്തിലുള്ള തങ്ങളുടെ ഗ്ലോബൽ 1000 ഉപഭോക്താക്കളെ ഉയർന്ന പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള ചവിട്ടുപടിയാണ് തങ്ങളുടെ ഇന്നോവേഷൻ കേന്ദ്രങ്ങളെന്നും യു എസ് ടി ഗ്ലോബൽ ഡെവലപ്പ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ മേധാവിയായ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ ഇന്നോവേഷൻ ഗരാഷ് ആരംഭിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും തങ്ങളുടെ ജീവനക്കാർ അണിനിരത്തുന്ന ഡിജിറ്റൽ നവീകരണ സാധ്യതകൾക്ക് പുറമെ അക്കാദമിക രംഗത്തുള്ളവർക്ക് പുതുയുഗ സാങ്കേതികതയെ അടുത്തറിയുവാനും സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി ലാബ്‌സിന്റെ ഡിജിറ്റൽ ഉദ്ഘാടന ചടങ്ങിൽ യാൻ ചുമ്മാർ വിശിഷ്ടാതിഥിയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡെവലപ്പർ എന്ന ഖ്യാതി സ്വന്തമാക്കിയ വ്യക്തിയാണ് 14 കാരനായ യാൻ ചുമ്മാർ. തിരുവനന്തപുരം ടെക്‌നോപാർക്കിൽ യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച ഡെവലപ്പർ കോൺഫ്‌ളുവൻസ് 2017ൽ 250 ഓളം സോഫ്ട്‌വെയർ വിദഗ്ദ്ധരോടൊപ്പം യാൻ പങ്കെടുത്തിരുന്നു. കമ്പനിയുടെ നേതൃത്വ നവീകരണ ടീമുകൾ പങ്കെടുത്ത ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് പുറമെ ഇൻഫിനിറ്റി ലാബ്‌സ് ടീമംഗങ്ങൾ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ, അടുത്തകാലത്ത് യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച ഡി 3 പ്ലസ് ഡെവലപ്പർ കോൺഫെറൻ സിൽ അവതരിപ്പിച്ച നവയുഗ സാങ്കേതിക മുന്നേറ്റങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി.