കൊച്ചി : കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) മുപ്പത്തിമൂന്നാമത് യങ് മാനേജർസ് 2015 വാർഷിക മത്സരത്തിൽ പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സർവ്വീസസ്സ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിലെ വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന വിഷയത്തിൽ മികച്ച പരിഹാരമാർഗ്ഗങ്ങൾ ഗവേഷണങ്ങളിലൂടെ കണ്ടെത്തി അവതരിപ്പിച്ച 30 ടീമുകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

തൊഴിൽ രംഗത്തെ യാഥാർത്ഥ്യങ്ങളും വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് അതുകൊണ്ടുള്ള പ്രാധാന്യവും വിശദമാക്കി അവതരിപ്പിച്ച ആറ്റിറ്റിയൂഡ്, സ്‌കിൽസ് ആൻഡ് നോളജ്-മെത്തഡോളജി, കണ്ടന്റ് ആൻഡ് ക്വാളിറ്റി ഓഫ് ടീച്ചിങ് (എ.എസ്.കെ - എം.സി.ക്യു) എന്ന ഗവേഷണമാണ് യു.എസ്.ടി ഗ്ലോബലിനെ അവാർഡിന് അർഹരാക്കിയത്.

കൊച്ചിയിലെ പനമ്പിള്ളി നഗറിലെ സെന്റർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ജയിൽ ഡിജിപി ലോകനാഥ് ബെഹ്‌റ ഐ.പി.എസിൽ നിന്ന് യു.എസ്.ടി ഗ്ലോബൽ ടീം അംഗങ്ങളായ ശ്രീനാഥ് നാരായണൻ, അനികേത് യവാൾക്കർ, അനൂപ് എളേടത്ത്പറമ്പിൽ, രമ്യ രാമകൃഷ്ണൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം മനസിലാക്കുന്നതിന് നടത്തിയ സമീപനം, പഠനങ്ങളിലൂടെ ലഭിച്ച വിവരങ്ങളെ കുറിച്ചുള്ള കാര്യക്ഷമമായ വിലയിരുത്തൽ, വളരെ എളുപ്പം മനസിലാകുന്ന രീതിയിലുള്ള പഠനം എന്നിവയിൽ യു.എസ്.ടി ഗ്ലോബൽ ടീം മികച്ച് നിന്നതായി ജൂറി വ്യക്തമാക്കി. കൂടാതെ അവസാന റൗണ്ടിൽ കഥപറച്ചിലിലൂടെയും സംസ്‌കൃത ശ്ലോകങ്ങൾ ഉദ്ധരിച്ചു കൊണ്ടും വളരെ രസകരമായ രീതിയിൽ നടത്തിയ വിഷായവതരണം യു.എസ്.ടി ഗ്ലോബലിനെ മറ്റ് ടീമുകളിൽ നിന്നും ബഹുദൂരം മുന്നിലാക്കി.

തുടർച്ചയായ രണ്ടാം വർഷവും കെ.എം.എ യിലൂടെ അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലോകത്തിലെ ലക്ഷക്കണക്കിന് ജീവിതങ്ങൾ സാങ്കേതിക വിദ്യകളിലൂടെ നവീകരിക്കുന്നതിനുള്ള യു.എസ്.ടി ഗ്ലോബലിന്റെ ശക്തമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. 2020 ഓടെ 25 വയസിൽ താഴെയുള്ള 500 മില്യൺ യുവജനങ്ങളുമായി ലോകത്ത് ഏറ്റവുമധികം യുവജനതയുള്ള രാജ്യമായി ഇന്ത്യ മാറും.

ഇതിൽ മൂന്നിൽ രണ്ട് പേരും തൊഴിൽ നേടാൻ യോഗ്യതയുള്ളവരായിരിക്കും. യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് സുസ്ഥിരമായ വിദ്യാഭ്യാസ പശ്ചാത്തലം വികസിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ മേഖലയും തമ്മിൽ ശക്തമായ സഹകരണം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഈ വർഷത്തെ മത്സരത്തിലൂടെ കെ.എം.എ യുവ കോർപ്പറേറ്റ് മാനേജർമാരുടെ കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിലെ അഭ്യസ്ത വിദ്യർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. യു.എസ്.ടി ഗ്ലോബൽ ഡവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പൊതു-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന യുവ പ്രൊഫഷണൽ മാനേജർമാരുടെ ഭരണപരമായ മികവുകളെ കേരളാ മാനേജ്‌മെന്റ് അസോസിയേഷൻ പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി കെ.എം.എ യുവ മാനേജർമാർക്കായി നടത്തി വരുന്ന വാർഷിക മത്സരങ്ങൾ അവരുടെ കഴിവുകൾ, സർഗ്ഗപരമായ ചിന്തകൾ, അറിവ്, തൊഴിൽപരമായ യുക്തി എന്നിവ പ്രകടിപ്പിക്കുന്നതിനും അത്തരം മികവുകൾക്ക് അംഗീകാരം നേടുന്നതിനുമുള്ള മികച്ച അവസരങ്ങളാണ്.