മുംബൈ: ട്രെയിനിന് എന്തെങ്കിലും തകരാർ വന്നാൽ അത് കണ്ടുപിടിക്കാൻ ഇനി ടെക്ക്‌നിഷ്യന്മാർക്ക് ട്രെയിനിന് അടിയിൽ കിടന്ന് തപ്പേണ്ടി വരില്ല. ഇനിയെല്ലാം ഉസ്താദ് നോക്കിക്കോളും. മധ്യ റെയിൽവേ നാഗ്പൂർ ഡിവിഷനിലാണ് നാഴികല്ലാകാൻ പോകുന്ന കണ്ടുപിടുത്തം നടന്നിരിക്കുന്നത്. ഇവിടത്തെ റെയിൽവേ എൻജിനീയർമാർ നിർമ്മിച്ച റോബോട്ടിന്റെ പേരാണ് 'ഉസ്താദ്'. അണ്ടർഗിയർ സർവൈലൻസ് ത്രൂ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റഡ് ഡ്രോയിഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഉസ്താദ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലാണ് ഉസ്താദിന്റെ പ്രവർത്തനം.

ഈ റോബോട്ട് വണ്ടിയുടെ അടിഭാഗത്തെ ഗിയറുകളുടേയും മറ്റുപകരണങ്ങളുടേയും ഫോട്ടോകളും വീഡിയോകളും എടുത്ത് യഥാസമയം വൈഫൈവഴി എൻജിനീയർമാർ ഇരിക്കുന്ന മുറിയിലേക്കെത്തിക്കും. ഇവ നോക്കി എളുപ്പത്തിൽ അറ്റകുറ്റപ്പണി നടത്താനുംകഴിയും. ഉസ്താദിൽ ഘടിപ്പിച്ചിരിക്കുന്ന വീഡിയോ, സ്റ്റിൽ ക്യാമറകൾ ഹൈ ഡെഫിനിഷനിലുള്ളതാണ്. എൻജിനീയർമാർക്ക് അത് കൺട്രോൾ റൂമിലെ വലിയ സ്‌ക്രീനിൽ കണ്ടശേഷം കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കാം. എൻജിനീയർമാർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് 'ഉസ്താദി'ന് പ്രവർത്തിക്കാനും കഴിയും. റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ ഏതുഭാഗത്തേക്ക് തിരിക്കാനും റോബോട്ടിനെ ആവശ്യമുള്ള സ്ഥലത്തേക്ക് ചലിപ്പിക്കാനും കൺട്രോൾറൂമിലിരുന്നുകൊണ്ട് സാധിക്കും.

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇതിലെക്യാമറ സൂം ചെയ്ത് കൃത്യമായചിത്രങ്ങൾ എടുക്കാൻ സാധിക്കുമെന്ന് മധ്യറെയിൽവേ വക്താവ് സുനിൽ ഉദാസി പറഞ്ഞു. മനുഷ്യന് കയറിപ്പോയി പരിശോധിക്കാൻ കഴിയാത്ത ഇടുങ്ങിയയിടങ്ങളിലേക്ക് കയറി സ്വയം എൽ.ഇ.ഡി. ലൈറ്റ് തെളിയിച്ച് ചിത്രങ്ങളെടുക്കാൻ സാധിക്കുമെന്നതാണ് ഉസ്താദിന്റെ പ്രത്യേകത. ഈ വിജയകഥ അറിഞ്ഞ റെയിൽവേ മധ്യ റെയിൽവക്ക് പുറമെ മറ്റുസോണുകളിലും ഉസ്താദിനെ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.