ന്യൂഡൽഹി: ലോക പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് ഇമ്രത് ഖാൻ (86) അന്തരിച്ചു. അമേരിക്കയിലെ സെയ്ന്റ് ലൂയിയിലെ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. 20 വർഷമായി സെയ്ന്റ് ലൂയിയിലാണ് ഇദ്ദേഹത്തിന്റെ താമസം. തന്ത്രിവാദ്യങ്ങളായ സിത്താറിന്റെയും സുർബഹാറിന്റെയും സ്വരമാധുര്യം ലോകം എങ്ങും എത്തിച്ച് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ കലാകാരനാണ് ഇമ്രാത് ഖാൻ.

യൂറോപ്പിലും അമേരിക്കയിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും കച്ചേരികളുമായി കടന്നു ചെന്ന ഇമ്രത് ഖാന് വൻ വരവേല്ഡപ്പാണ് എല്ലായിടത്തും ലഭിച്ചത്. 1970-ൽ കാൻ ചലച്ചിത്രോത്സവത്തിൽ പരിപാടി അവതരിപ്പിച്ചു. ഉസ്താദ് ബിസ്മില്ലാ ഖാൻ, ഉസ്താദ് അമേദ്ജാൻ തിരക്വ ഖാൻ, പണ്ഡിറ്റ് വി.ജി. ജോഗ് എന്നിവർക്കൊപ്പവും കച്ചേരികൾ നടത്തി.

കഴിഞ്ഞവർഷം ലഭിച്ച പത്മശ്രീ നിരസിച്ച് അദ്ദേഹം വാർത്തിയിലിടം നേടിയിരുന്നു. തന്നെ അംഗീകരിക്കാൻ വൈകിയെന്നും നേട്ടങ്ങളെ വിലകുറച്ചുകണ്ടുവെന്നും പറഞ്ഞായിരുന്നു നിരാസം. ഇമ്രത് ഖാന്റെ മൂത്തസഹോദരനാണ് ഉസ്താദ് വിലായത് ഖാൻ. പുരസ്‌കാരങ്ങൾ സ്വീകരിച്ച് തന്റെ മഹത്തായ സംഗീതപാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ഇംദാദ്ഘാനി ഖരാനയെന്നും അറിയപ്പെടുന്ന ഇട്ടാവ ഖരാനയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഉസ്താദ് ഇംദാദ് ഖാന്റെ പേരിലാണ് ഈ ശൈലിയറിയപ്പെടുന്നത്. 400 വർഷത്തിലേറെ പഴക്കമുള്ള ഹിന്ദുസ്ഥാനി ആലാപനശൈലിയാണിത്. ആഗ്രയിലാണ് അതിന്റെ വേരുകൾ. ആഗ്രയിൽനിന്ന് ഇംദാദ് ഖാന്റെ കുടുംബം ഉത്തർപ്രദേശിലെ ഇട്ടാവയിലേക്കു കുടിയേറി. ഇദ്ദേഹത്തിന്റെ മകനും ഇമ്രത്തിന്റെ പിതാവുമായ ഇനായത് ഖാൻ പിന്നീട് കൊൽക്കത്തയിൽ താമസമാക്കി. സുർബഹാർ എന്ന വാദ്യോപകരണം വികസിപ്പിച്ചതും ഈ കുടുംബമാണ്.

ബാല്യത്തിലേ പിതാവിനെ നഷ്ടമായ ഇമ്രതിനെയും വിലായത്തിനെയും അമ്മ ബാഷിറാൻ ബീഗമാണ് വളർത്തിയത്. 1944-ൽ സഹോദരങ്ങൾ അമ്മയ്‌ക്കൊപ്പം മുംബൈയിലെത്തി. പിതൃസഹോദരൻ വാഹിദ് ഖാനാണ് ഇരുവരെയും സംഗീതമഭ്യസിപ്പിച്ചത്. '52-ൽ കൊൽക്കത്തയിലേക്കു മടങ്ങിയ സഹോദരങ്ങൾ ഒരുമിച്ച് ഏറെനാൾ കച്ചേരികൾ അവതരിപ്പിച്ചു.

സിതാർ വാദകനായ നിഷാത്, സിതാറിലും സുർബഹാറിലും മികവു തെളിയിച്ച ഇർഷാദ്, സരോദ് വാദകൻ വജാഹത്, ഷഫാതുള്ള, അസ്മദ് ഖാൻ എന്നിവരാണ് മക്കൾ.