തിരുവനന്തപുരം: ഊർമ്മിളാ ഉണ്ണിയും സംയുക്ത വർമ്മയുമെല്ലാം വ്യക്തിമുദ്രകൾ തീർത്ത അഭിനയരംഗത്ത് ആ കുടുംബത്തിൽ നിന്നെത്തുന്ന ഉത്തര തന്റെ ആദ്യ നായികാ കഥാപാത്രം പതർച്ചകൂടാതെ വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. എങ്കിലും ഇടയ്ക്കിടെ ഗൂഗിളിൽ നോക്കും. തനിക്കെതിരെ ഗോസിപ്പുകൾ വല്ലതും ഇറങ്ങിയോ. ഗോസിപ്പുകളെ പേടിയുണ്ടായിട്ടല്ല. നമ്മൾ പ്രശസ്തരാകുമ്പോഴാണല്ലോ ഗോസിപ്പുകളുടെ എണ്ണവും കൂടുന്നത്. പ്രശസ്തരല്ലെങ്കിൽ പിന്നെ നമ്മളെക്കുറിച്ച് എന്തുപറയാൻ. വെള്ളിത്തിരയിൽ ഇടവപ്പാതി സമ്മാനിച്ച നല്ല വേഷത്തിന്റെ അഭിനന്ദനങ്ങൾക്കു പിന്നാലെ മറ്റൊരു നല്ല കഥാപാത്രത്തിനായി കാത്തിരിക്കെ ഉത്തര പറയുന്നു.

അഭിനയത്തിനപ്പുറം സംവിധാനത്തിലും പാട്ടിലും നൃത്തത്തിലുമെല്ലാം മിടുക്കിയായ ഉത്തര രാഷ്ട്രദീപിക സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. വളരെ ടഫ് ആയ കഥാപാത്രമായിരുന്നു ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതിയിലേത്. എന്നാലും നന്നായി ചെയ്യാനായി. എറണാകുളം കടവന്ത്രയിലെ വീട്ടിലേക്ക് യാദൃച്ഛികമായാണ് ലെനിൻ രാജേന്ദ്രന്റെ ക്ഷണമെത്തുന്നത്. നേരിട്ടുകണ്ടപ്പോൾ അയ്യോ...ഇത്രയ്ക്കും ചെറിയ കുട്ടിയാണോ എന്നുപറഞ്ഞ് മടക്കിയയച്ചതോടെ വിഷമമായി. മനീഷ കൊയ്‌രാളയും അതിൽ അഭിനയിക്കുന്നു എന്നു കേട്ടപ്പോൾ വിഷമം കൂടി. അവരോടൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം നഷ്ടമായല്ലോ എന്നായി. പക്ഷെ പ്രതീക്ഷിക്കാതെ വീണ്ടും ലെനിൻസാർ വിളിച്ചു. അങ്ങനെ നായികയായി.

തൃപ്തിയാകുംവരെ റീടെക്കുകളെടുക്കുന്നതാണ് സാറിന്റെ രീതി. അധികമൊന്നും പറഞ്ഞുതരില്ല. ക്യാരക്ടറിനെക്കുറിച്ച് അധികം ആലോചിക്കേണ്ടെന്നും എന്തുപറയുന്നോ അതു ചെയ്താൽമതിയെന്നും സാർ പറയും. ഡബിൾ റോളിലായിരുന്നു നായികയായുള്ള അരങ്ങേറ്റം. സിനിമാരംഗത്തെത്താൻ നേരത്തെ മുതലേ താൽപര്യമുണ്ടായിരുന്നു. ഉത്തര പ്‌ളസ് ടു കഴിഞ്ഞപ്പോഴേ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ഡിഗ്രി ചെയ്യുകയായിരുന്നു.

ഫിലിംമേക്കിംഗും ഫോട്ടോഗ്രാഫിയുമെല്ലാം പഠിച്ചു. പിന്നീട് ഭരതനാട്യത്തിൽ ബിരുദം, മാസ് കമ്യൂണിക്കേഷനിൽ പിജി എന്നിവ നേടി. കോഴ്‌സ് കഴിഞ്ഞപ്പോഴേക്കും സ്വന്തമായി ഒരു ഹൃസ്വചിത്രം ചെയ്തു. ഇപ്പോൾ നയൻത് മന്ത് എന്നൊരു ഷോർട്ട് ഫിലിംകൂടി ചെയ്ത ഉത്തര കഴിഞ്ഞവർഷം ഒരു ആൽബം സോങ്ങ് സ്വയം സംവിധാനം ചെയ്ത്, പാടി അഭിനയിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു.