ചെന്നൈ: 62ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ ഒരു മലയാളി മിടുക്കിയെ തേടിയും ഒരു പുരസ്‌ക്കാരമെത്തി. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌ക്കാരം ഉത്തര ഉണ്ണികൃഷ്ണനാണ് ലഭിച്ചത്. ഗായകനായ ഉണ്ണികൃഷ്ണന്റെ മകളാണ് പത്തു വയസ്സുകാരിയായ ഉത്തര. തമിഴ് ചിത്രമായ ശൈവത്തിലെ ഗാനത്തിനാണ് ഉത്തരയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഇതാദ്യമായിട്ടാണ് പത്തു വയസ്സുകാരിയായ ഒരു പെൺകുട്ടിക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നതെന്നതാണ് ഏറ്റവും പ്രത്യേകയുള്ള കാര്യം. എ.എൽ. വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ശൈവം. ഇതിലെ അഴക് എന്ന ഗാനത്തിനാണ് ഉത്തരയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ശൈവത്തിലെ ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ബേബി സാറ എന്ന പെൺകുട്ടിയാണ്. ജി.വി. പ്രകാശാണ് ഉത്തര പാടിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പാടിയ ആദ്യ തമിഴ് ഗാനത്തിന് തന്നെ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ പാത തന്നെയാണ് ഇപ്പോൾ ഉണ്ണികൃഷ്ണന്റെ മകളും പിൻതുടരുന്നത്. ഉത്തര പാടിയ ആദ്യ തമിഴ് ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ ഉത്തര സംഗീത ക്ലാസുകളിൽ പോയി തുടങ്ങിയിരുന്നു. ചെന്നൈയിലെ ലേഡി അൻഡാൽ വെങ്കട സുബ്ബറാവു മെട്രിക്കുലേഷൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഉത്തര. 1994 ൽ ഇറങ്ങിയ 'കാതലൻ' എന്ന ചിത്രത്തിലെ 'എന്നവളേ' എന്ന ഗാനം എക്കാലത്തേയും ഹിറ്റ് ഗാനമായതോടെയാണ് ഉത്തരയുടെ പിതാവ് ഉണ്ണികൃഷ്ണന് തമിഴകത്ത് കാലുറപ്പിച്ചത്.