ഡെറാഡൂൺ: നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ ജയിക്കാം എന്ന് കരുതി ഇരിക്കരുതെന്ന് എംഎൽഎമാരെ ഉപദേശിച്ച് ഉത്താരാഖണ്ഡ് ബിജെപി പ്രസിഡന്റ് ബൻസിദർ ഭഗത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അം​ഗീകാരം ലഭിക്കണമെങ്കിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പാർട്ടിയുടെ നിയമസഭാം​ഗങ്ങളെ ഉപദേശിച്ചു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമർശം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിയെരുക്കിയിരിക്കുന്നത്. മോദി പ്രഭാവം അവസാനിച്ചുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമർശം ശരിയായ പ്രസ്താവനയാണെന്ന് കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദശ്മാന പറഞ്ഞു. കാര്യങ്ങൾ തുറന്ന പറഞ്ഞ ബിജെപി നേതാവിനെ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനിയും ആളുകൾ മോദിയുടെ പേരിൽ വോട്ടുചെയ്യുമെന്ന് കരുതാനാവില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകൾ. മോദിയുടെ പേരിൽ ജനങ്ങൾ ഇതിനകം തന്നെ വോട്ടുചെയ്തു. എംഎൽഎമാർ അവരുടെ പ്രകടനം മെച്ചപ്പെടുത്തിയെങ്കിൽ മാത്രമെ തെരഞ്ഞടുപ്പിൽ ഇനി വിജയിക്കുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാരുടെ വ്യക്തിഗത പ്രകടനം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മാത്രമെ വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയുള്ളു. എംഎൽഎമാർ അവരവരുടെ മണ്ഡലത്തിൽ കഠിനാദ്ധ്വാനം നടത്തിയാൽ മാത്രമെ തുടർഭരണം സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. മുന്മുഖ്യമന്ത്രിയും കോണഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പരാജയപ്പെട്ടിരുന്നു. 2022ലാണ് ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ്.