ചമോലി: കോവിഡ് മഹാമാരിയുടെ കാലത്തുണ്ടായ ദുരന്തമായതിനാൽ ഒരുപക്ഷേ വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപെട്ടു എന്നാണ് ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ പൊതുവേയുള്ള വിലയിരുത്തൽ. തണുപ്പുകാലത്ത് വലിയ തോതിൽ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലത്താണ് മിന്നൽ പ്രളയം ഉണ്ടായത്. കോവിഡ് പശ്ചാത്തലത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതു കൊണ്ട് മാത്രം ആൾ്തിരക്കു കുഞ്ഞതോടെ മരണസംഖ്യ കുറഞ്ഞു. എന്നാൽ, പ്രാദേശികമായി ഉണ്ടായ മരണങ്ങളുടെ കാര്യത്തിൽ ഇപ്പോഴും കൃത്യമായ കണക്കുകൾ വ്യക്തമായിട്ടില്ല.

എങ്ങനെയാണ് ഉത്തരാഖണ്ഡിനെ തകർത്ത അപകടം ഉണ്ടായതെന്ന കാര്യത്തിൽ ഇനിയും വ്യക്തതകൾ വരാനുണ്ട്. മഞ്ഞുമല ഉരുകിയുണ്ടായ തടാകം പൊട്ടിയതാവാം ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിനു വഴിതെളിച്ചതെന്നാണ് ഇതേക്കുറിച്ചുള്ള ഒരു വിലയിരുത്തൽ. ഹിമാചൽപ്രദേശിലെ മണാലിയിലെ സ്‌നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്റ് (സാസെ) മുൻ ഡയറക്ടർ ഡോ. നരേഷ് കുമാർ ഉൾപ്പടെ ഉള്ളവരാണ് ഈ നിരീക്ഷണം പങ്കുവെക്കുന്നത്.

മഞ്ഞുമലകളിൽ ഉണ്ടാകാറുള്ള ഹിമപാതത്തിൽ (അവലാഞ്ച്) പലപ്പോഴും സൈനികരും മറ്റും അപകടത്തിൽപ്പെടാറുണ്ട്. ആഗോളതാപനത്തിന്റെ ഫലമായും മറ്റു കാരണങ്ങളാലും മഞ്ഞുമലകൾ ചുരുങ്ങാറുണ്ട്. മഞ്ഞുമലയുടെ സ്ഥാനത്ത് ഉരുകി അവശേഷിക്കുന്ന ജലം തടാകമായി രൂപാന്തരപ്പെടും. ഇങ്ങനെ രൂപപ്പെടുന്ന തടാകത്തിന്റെ ഭിത്തികൾ ദുർബലമായിരിക്കും. ഹിമപാതം മൂലമോ മറ്റു കാരണങ്ങളാലോ തടാകം തകർന്ന് ജലം നദിയിലേക്കു കുത്തിയൊഴുകിയതാകാം പ്രളയത്തിനു വഴിതെളിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സാധാരണഗതിയിൽ ഹിമപാതം മൂലം മാത്രം ഇത്ര വൻ പ്രളയം ഈ പ്രദേശങ്ങളിൽ സംഭവിക്കാറില്ലെന്ന. എന്നാൽ മഞ്ഞുമര ഉരുകിയുണ്ടായ തടാകമാണ് വൻദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് വിലയിരുത്തൽ. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന സാസെയാണ് സൈന്യത്തിനു വേണ്ടി ഹിമാലയൻ അതിർത്തികളിലെ ഹിമപാത സാധ്യതകളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നത്. സിയാച്ചിനിലും മറ്റു ഹിമാലയൻ അതിർത്തികളിലും ഹിമപാതം മൂലമുള്ള അപകടങ്ങൾ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. എന്നാൽ അവ സംബന്ധിച്ചു വേണ്ടത്ര മുന്നറിയിപ്പ് നൽകാൻ അടുത്ത കാലത്തായി സാസേയിലെ ശാസ്ത്രജ്ഞർക്കു സാധിക്കുന്നുണ്ട്.

വലിയ മഞ്ഞുമലകളെക്കാൾ ദ്രുതഗതിയിൽ ഉരുകി തടാകങ്ങളായി മാറുന്നതു ചെറിയ മഞ്ഞുമലകളാണെന്ന് അടുത്ത കാലത്തു നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതായി സാസെയിലെ മറ്റൊരു ശാസ്ത്രജ്ഞൻ പറഞ്ഞു. 2016 ൽ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ പടിഞ്ഞാറൻ ടിബറ്റിലെ 2 മഞ്ഞുമലകൾ ദ്രുതഗതിയിൽ തകർന്നതു ഹിമപാതത്തിന് കാരണമായിട്ടുണ്ട്. ലഡാക്ക് ഉൾപ്പെട്ട പടിഞ്ഞാറൻ ഹിമാലയാതിർത്തികളിൽ സംഭവിക്കുന്നത്ര ഹിമപാതം ഉത്തരാഖണ്ഡ് പ്രദേശത്തും കിഴക്കൻ ഹിമാലയൻ പ്രദേശങ്ങളിലും സംഭവിക്കാറില്ലെന്ന് സൈനികോദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ് അതിർത്തികളിൽ മണ്ണിടിച്ചിലും പ്രളയവുമാണു കൂടുതൽ ദുരന്തങ്ങളുണ്ടാക്കുന്നത്.

തപോവൻ മേഖലയിലെ ഹിമാനി അഥവാ ഗ്ലേഷ്യർ പൊട്ടി ഋഷിഗംഗ വൈദ്യുത നിലയത്തിനു നാശമുണ്ടായതാണു വെള്ളപ്പൊക്കത്തിനു കാരണമെന്നാണു ചമോലി പൊലീസും വ്യക്തമാക്കുന്നത്. പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലുമായി ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനി അഥവാ ഗ്ലേഷ്യർ. ഹിമാലയത്തിലും ഹിമാനികൾ ഏറെയുണ്ട്. 90 മീറ്റർ മുതൽ 3000 മീറ്റർ വരെ ഇവയ്ക്കു കനമുണ്ടാകും. ദിവസവും ഒരു സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ദൂരം സഞ്ചരിക്കും. വലിയ ശുദ്ധജല സ്രോതസ്സുകളായ ഇവ സമുദ്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ ജലസംഭരണികളുമാണ്.

ഹിമാനികൾ പൊട്ടി അതിനുള്ളിൽ സംഭരിച്ച വെള്ളം അതിവേഗം പുറത്തേക്ക് ഒഴുകുന്നതാണു ഹിമാനി തടാക സ്‌ഫോടന വെള്ളപ്പൊക്കം (Glacial Lake Outburst Flood- GLOF) എന്നറിയപ്പെടുന്നത്. വലുപ്പം വ്യത്യസ്തമായിരിക്കുമ്പോഴും നൂറു മുതൽ ലക്ഷക്കണക്കിനു വരെ ദശലക്ഷം ക്യുബിക് മീറ്റർ ജലം ഓരോ ഹിമാനികളിലും ഉണ്ടാകാമെന്നതാണു ദുരന്തതീവ്രത കൂട്ടുന്നത്.

പല കാരണങ്ങളാൽ ഹിമാനികൾ പൊട്ടി ദുരന്തമുണ്ടാകാം. മണ്ണൊലിപ്പ്, ജലത്തിന്റെ മർദം കൂടുന്നത്, മഞ്ഞിന്റെയോ പാറകളുടെയോ പ്രവാഹം, ഭൂകമ്പം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെല്ലാം കാരണങ്ങളാണ്. രണ്ടു ഹിമാനികൾ കൂട്ടിമുട്ടി വൻതോതിൽ വെള്ളം ഇടകലരുമ്പോഴും അപകടമുണ്ടാകാം. ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകളും ദിവസങ്ങളും വരെ നീളുന്ന ജലപ്രവാഹം ഹിമാനികളിൽ ഉണ്ടാകാറുണ്ട്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോൾ നദികളിൽ വെള്ളപ്പൊക്കം സാധാരണമാണ്. ഹിമാനികളിലെ വെള്ളത്തിന്റെ അളവ് മനസ്സിലാക്കാൻ പറ്റാത്തതും ഭൂകമ്പം പോലുള്ള അപ്രതീക്ഷിത കാരണങ്ങളും കാരണം ഹിമാനിത്തകർച്ച മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെ അളവ് അപകടനില കൂട്ടുന്നു.

ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കണക്കാക്കിയിട്ടില്ല

അതിശക്തമായ വെള്ളപ്പൊക്കം സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ കണക്ക് പുറത്തു വരുന്നതേയുള്ളൂ. ഇവിടെ ജലവൈദ്യുത പദ്ധതിയിൽ പ്രവർത്തിച്ചുവന്ന നൂറ്റിയൻപതോളം തൊഴിലാളികൾ ഉൾപ്പെടെ 170 പേരെ കാണാനില്ലെന്നാണ് ഒടുവിലെ വിവരം. എൻടിപിസിയുടെ തപോവൻ ഋഷിഗംഗ ജലവൈദ്യുത നിലയം പൂർണമായും ഒലിച്ചുപോയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.


രക്ഷാപ്രവർത്തനത്തിനു കര, വ്യോമസേനകൾ രംഗത്തുണ്ട്. 2013ലെ ദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാപ്രവർത്തനം. അളകനന്ദ, ധൗലിഗംഗ നദികൾ കരകവിഞ്ഞതാണു വൻ ദുരന്തത്തിലേക്കു നയിച്ചത്. ആയിരക്കണക്കിനു പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. നിരവധി വീടുകൾ ഒലിച്ചുപോയി. എന്താണ് ഉത്തരാഖണ്ഡിൽ സംഭവിച്ചത്? ഇത്രയും വലിയ അപ്രതീക്ഷിത ദുരന്തത്തിനു കാരണമെന്തെന്നു നോക്കാം.

നാശം വിതച്ച 2013ൽ മേഘസ്ഫോടന ദുരന്തം

മേഘസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയം ഹിമാലയൻ മേഖലയിൽ കൊടുംനാശം വിതച്ചത് 2013ലാണ്. അത്രയും വലിയ ദുരന്തമാണ് ഇതെന്ന വിലയിരുത്തൽ പുറത്തുവന്നിട്ടില്ല. 2004ലെ സൂനാമിക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു ഇത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളെ കശക്കിയെറിഞ്ഞു. ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ ജീവശ്വാസമായിരുന്ന വിനോദസഞ്ചാര മേഖല ഈ ദുരന്തത്തിൽ തകർന്നു. ഔദ്യോഗിക കണക്കുപ്രകാരം 5,700 പേരാണു ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

ഹിമാലയൻ തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലും അന്ന് പ്രളയം വൻനാശം വിതച്ചു. കേരളത്തിൽ നിന്നുൾപ്പെടെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയ തീർത്ഥാടകർ മരിച്ചു. ഹിമാലയ പർവതനിരകളിലുണ്ടായ മേഘസ്ഫോടനത്തിൽ കേദാർനാഥിലെ മന്ദാകിനി നദി കരകവിഞ്ഞതാണു ദുരന്തത്തിനു തുടക്കമിട്ടത്.

നിനച്ചിരിക്കാതെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ പരിസര പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പല ഗ്രാമങ്ങളും ഇല്ലാതായി. പ്രദേശങ്ങളിലെ നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ മണ്ണിടിച്ചിലും രൂക്ഷമായി. റോഡുകൾ ഭൂരിഭാഗവും തകർന്നു. ഹിമാലയൻ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 58 ഏറെക്കുറെ ഒലിച്ചുപോയി. നാലു ദിവസം നിർത്താതെ മഴ പെയ്തതും മലനിരകളിൽ മഞ്ഞുരുകിയതും സ്ഥിതി വഷളാക്കുകയായിരുന്നു.