കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു.

2020 മെയ്‌ ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 17 കൊല്ലം തടവും ശിക്ഷയുണ്ട്. ഫലത്തിൽ 45 കൊല്ലം ജയിലിൽ കിടക്കണം. ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

 പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രതിയാണ് സൂരജ്. പ്രായക്കുറവാണ് തൂക്കു കയറിൽ നിന്നും സൂരജിനെ രക്ഷിക്കുന്നത്. സൂരജിന് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള അഞ്ച് കുറ്റങ്ങളിൽ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരികരിച്ചില്ല. കേരളാ പൊലീസിനും ഈ കേസ് അന്വേഷണം തൊപ്പിയിലെ പൊൻതൂവലാണ്. വനംവകുപ്പിന്റെ സഹകരണവും നിഗമനവും കേസ് അന്വേഷണത്തിൽ നിർണ്ണായകമായി. എന്നാൽ വധശിക്ഷ പ്രതിക്ക് കിട്ടാത്തത് നിരാശയും നൽകുന്നുണ്ട് പൊലീസിന്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നaശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ വധശിക്ഷ പൊലീസും പ്രോസിക്യൂഷനും ഉറപ്പിച്ചിരുന്നു.

2020 മെയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റത്.

ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയിൽ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് തെളിയിക്കപ്പെട്ടതായും സൂരജ് കുറ്റക്കാരനാണെന്നും കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

കൊലപാതകത്തിലെ പൈശാചിക വശങ്ങൾക്കൊപ്പം സുപ്രീംകോടതി ഉത്തരവുകളും വധശിക്ഷയെ സാധൂകരിക്കാൻ ബോധിപ്പിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണമെന്നും കടുത്ത ശിക്ഷ തന്നെ നൽകണമെന്നുമായിരുന്നു ആവശ്യം. ഇത് മാത്രം അംഗീകരിച്ചില്ല. 2020 മെയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിച്ച് മരിച്ചനിലയിൽ കണ്ടത്. തലേന്ന്, ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മെയ് 25നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.

കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിന്റെ കൈയിൽനിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കൊല്ലം റൂറൽ എസ്‌പിയായിരുന്ന എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയായിരുന്ന എ. അശോകനാണ് കേസ് അന്വേഷിച്ചത്. അഡ്വ. ജി. മോഹൻരാജായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.