- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂരജ് ചതിയൻ; നോട്ടമിട്ടത് ഉത്രജയുടെ സ്വർണ്ണത്തിലും പണത്തിലും മാത്രമെന്ന് സഹോദരൻ; പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മാതാപിതാക്കൾ; വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കേസിനെക്കുറിച്ച് പ്രതികരിക്കാതെ സൂരജിന്റെ കുടുംബം
കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിനെതിരേ ഉത്രയുടെ സഹോദരൻ വിഷു. സൂരജ് ചതിയനാണെന്നാണ് വിഷു പ്രതികരിച്ചത്. സഹോദരിയെ വിവാഹം കഴിച്ച സൂരജിന്റെ നോട്ടം പണത്തിലും സ്വർണത്തിലും മാത്രമായിരുന്നു. തന്റെ സഹോദരിയെ സൂരജ് ചതിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും വിഷ്്ണു ആരോപിച്ചു.കൊലപാതകം നടന്നത് അഞ്ചലിലെ വീട്ടിലായതുകൊണ്ട് മാത്രമാണ് സൂരജിന്റെ മാതാപിതാക്കൾ കേസിൽ നിന്ന് രക്ഷപ്പെട്ടത്. ഇല്ലാത്തപക്ഷം അവരുടെ കൂടി സഹായം കൊലപാതക ദിവസം ഉണ്ടാകുമായിരുന്നുവെന്നും ഉത്രയുടെ സഹോദരൻ പറയുന്നു.
ശിക്ഷ മാതൃകാപരമായിരിക്കണമെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുതെന്നും, കേസിലെ പ്രതിയായ സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞു.ഉത്ര വധക്കേസ് പ്രതി അതി സമർത്ഥനും ക്രൂരനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നു. ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവെന്നും എസ് പി ഹരിശങ്കർ പ്രതികരിച്ചു.അതേസമയം കൊല്ലം സെഷൻസ് കോടതി ഇന്ന് കേസിൽ വിധി പറയാനിരിക്കെ അതേക്കുറിച്ച് പ്രതികരിക്കാൻ സൂരജിന്റെ കുടുംബം തയ്യാറായില്ല.
2020 മെയ് ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.അടൂർ പറക്കോടുള്ള സൂരജിന്റെ വീട്ടിൽ വെച്ച് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ട ശേഷമാണ് രണ്ടാമത് അഞ്ചലിലുള്ള ഉത്രയുടെ വീട്ടിൽ വെച്ച് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഉത്രയുടെ വീട്ടുകാരുടെ പരാതിയിലാണ് കേസിൽ വഴിത്തിരിവുണ്ടായത്.
ഭാര്യ മരിച്ചതിന്റെ യാതൊരു വിഷമവും സൂരജിന്റെ പെരുമാറ്റത്തിൽ ഇല്ലായിരുന്നു. ഇതോടെയാണ് കുടുംബത്തിന് സംശയം തോന്നി പൊലീസിന് പരാതി നൽകിയത്. ഉത്രയെ കൊലപ്പെടുത്താൻ സൂരജ് തതീരുമാനിച്ചിരുന്നു. ഇക്കാര്യം സൂരജിന്റെ വീട്ടുകാർക്കും അറിയാമായിരുന്നു. മകനെ പിന്തിരിപ്പിക്കാൻ പക്ഷേ മാതാപിതാക്കൾ ശ്രമിച്ചില്ല.
ആറാം തീയതി സന്ധ്യയ്ക്ക് ഉത്രയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം.
സൂരജ് ഇടയ്ക്കിടെ പണം ആവശ്യപ്പെടുന്നതിനാൽ ഉത്രയുടെ വീട്ടുകാരുമായി അസ്വാരസ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടാം തവണയും പാമ്പ് കടിച്ചപ്പോൾ വീട്ടുകാർക്ക് സംശയം തോന്നിയത്. മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഉത്രയുടെ സഹോദരൻ അഞ്ചൽ പൊലീസിന് മൊഴി നൽകി. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. ഉത്രയ്ക്ക് നൽകിയ സ്വർണവും പണവും കുഞ്ഞിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൂരജ് പ്രകോപിതനായി പിണങ്ങിപ്പോയി.
മെയ് 21 ന് ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റൂറൽ എസ് പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കേസിൽ കഴിഞ്ഞ വർഷം മെയ് 24നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ