- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും മകനും വിധി കേൾക്കാൻ കോടതിയിൽ പോയി; ബന്ധുക്കൾക്കൊപ്പം വീട്ടിലിരുന്ന് ടിവിയിലൂടെ എല്ലാം അറിഞ്ഞ അമ്മ; ജീവപര്യന്തമെന്ന് ടിവിയിൽ ബ്രേക്കിങ് എത്തിയപ്പോൾ മുഖത്ത് നിറഞ്ഞത് നിരാശ; സ്വത്തിന് വേണ്ടി മകളെ കൊന്ന ക്രൂരന് തൂക്കു കയർ കിട്ടാത്തതിൽ മണിമേഖലയ്ക്ക് നിരാശ; നിയമപോരാട്ടത്തിന് ഉത്രയുടെ കുടുംബം
കൊല്ലം: തങ്ങളുടെ എല്ലാമെല്ലാമായ ഉത്രയെ ഇല്ലാതാക്കിയവന്റെ വിധിയറിയാൻ അച്ഛനും സഹോദരനും കോടതിയിലെത്തിയപ്പോൾ അമ്മ മണിമേഖല ബന്ധുക്കൾക്കൊപ്പം രാവിലെ മുതൽക്കെ ടിവിക്ക് മുന്നിലായിരുന്നു. തിങ്കളാഴ്ച്ച കോടതിയുടെ പരാമർശങ്ങൾ കണ്ട് മകളുടെ കൊലപാതകിക്ക് പരമാവധി ശിക്ഷയാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്.എന്നാൽ പ്രതിക്ക് ഇരട്ടജീവപര്യന്തവും അഞ്ചുലക്ഷം രുപയുമെന്ന കോടതിയുടെ വിധിയെ കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല.കോടതി വിധിയെ മാനിച്ച് കൊണ്ട് വിധിയിലെ അതൃപ്തി അറിയിച്ച് അമ്മ മണിമേഖല രംഗത്ത് വന്നു.
വിധിയിൽ തൃപ്തയല്ല ഉത്രയ്ക്ക് അർഹിച്ച നീതി ലഭിച്ചില്ലെന്നായിരുന്നു അമ്മയുടെ ആദ്യപ്രതികരണം. കോടതി വിധിയെ മാനിക്കുന്നു. പക്ഷെ പരാമവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു.എന്നാൽ അത് ലഭിച്ചില്ല. സമൂഹത്തിൽ കുറ്റ കൃത്യങ്ങൾ വർധിക്കുന്നത് നിയമത്തിലെ ഇത്തരം പഴുതുകൾ മുതലെടുത്തതാണെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ പോകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മണി മേഖല പ്രതികരിച്ചു.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയും ഭർത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ്് കോടതി വിധിച്ചത്. പ്രതിയുടെ പ്രായവും മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളിൽ പത്തും ഏഴും വർഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
ശിക്ഷാവിധി കേൾക്കാൻ ഉത്രയുടെ പിതാവും സഹോദരനും കോടതിയിൽ എത്തിയിരുന്നു.അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നു പ്രോസിക്യൂക്ഷൻ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള അഞ്ച് കുറ്റങ്ങളിൽ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്.
അഞ്ചൽ ഏറം 'വിഷു'വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയ്ക്കു 2020 മെയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റത്. ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയിൽ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ