കൊല്ലം: അഞ്ചലിൽ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ തിങ്കളാഴ്ച വിധി പറയും. ഭർത്താവ് സൂരജ് ഒന്നാം പ്രതിയായ കേസിൽ കൊല്ലം ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ സൂരജ് മാത്രമാണ് പ്രതി. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആയരത്തി അഞ്ഞൂറിൽ അധികം പേജുള്ള കുറ്റപത്രത്തിൽ 217 സാക്ഷികളുണ്ട്.

ശാസ്ത്രീയ വഴികളിലൂടെയാണ് കേസിന്റെ അന്വേഷണം നടന്നത്. കൊലപാതകം പുനരാവിഷ്‌കരിച്ച് ഡമ്മിപരിശോധനയടക്കം നടത്തിയായിരുന്നു അന്വേഷണം. അഞ്ചൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ്രൈകംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24നാണ് സൂരജ് അറസ്റ്റിലായത്.

ഏപ്രിൽ രണ്ടിനാണ് അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയിൽ വീണ്ടും മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. തുടർച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നൽകിയത്.

കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്. പാമ്പുപിടിത്തകാരൻ സുരേഷ് മാപ്പുസാക്ഷി ആയി.