കൊല്ലം: ഉത്രവധക്കേസ് കേരളത്തിലെ അസാധാരണ കേസുകളിൽ ഒന്നാണ്. പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തുക എന്ന കുറ്റകൃത്യം ഇതുവരെ ആരും ചെയ്തിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയെ ഇല്ലാതാക്കാൻ സൂരജ് എന്ന യുവാവ് അത് സമർത്ഥമായി നടപ്പിലാക്കി. കേരളാ പൊലീസിനെയും ഏറെ കുഴപ്പിച്ച കേസാണ് ഉത്ര വധക്കേസ്. പാമ്പു കടി മരണമെന്ന നിലിയൽ തുടങ്ങിയ കൊലപാതകമെന്ന് തെളിഞ്ഞതോടെ തെളിവുകൾ കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിനായി ശാസ്ത്രീയ വഴികളിലൂടെയായിരുന്നു പൊലീസ് അന്വേഷണം.

ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു ഉത്ര വധക്കേസിൽ പൊലീസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തൽ കോടതിക്കു മുന്നിൽ തെളിയിക്കാൻ ഡമ്മി പരിശോധന എന്ന ആശയമാണ് പൊലീസ് നടപ്പാക്കിയത്. യഥാർഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഉത്ര വധക്കേസിലെ സുപ്രധാനമായ തെളിവായി കോടതിക്ക് മുന്നിൽ നിൽക്കുന്നത്. മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ താൻ കൊന്നുവെന്നായിരുന്നു പൊലീസിനു മുന്നിലെ സൂരജിന്റെ കുറ്റസമ്മത മൊഴി. പക്ഷേ ഈ മൊഴി മാത്രം കൊണ്ട് കോടതിക്ക് മുന്നിൽ സൂരജ് ചെയ്ത കുറ്റം തെളിയിക്കാനാവില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.

നിർണായക ഉത്തരങ്ങൾ ലഭിച്ചത് ഡമ്മി പരീക്ഷണത്തിൽ

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂർഖൻ പാമ്പ് കടിക്കുമോ? ഏതു സാഹചര്യത്തിലാവാം പാമ്പ് ഉത്രയെ കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാൽ ഉണ്ടാകുന്ന മുറിവിന്റെ ആഴമെത്ര? ഇങ്ങനെ സംശയങ്ങൾ ഒരുപാടുയർന്നു. എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമായിരുന്നു കൊല്ലം അരിപ്പയിലെ വനം വകുപ്പ് കേന്ദ്രത്തിലെ മുറിയിൽ അന്വേഷണ സംഘം നടത്തിയ ഡമ്മി പരിശോധനയുടെ ദൃശ്യങ്ങൾ.

കൊല്ലപ്പെട്ട ഉത്രയോളം ഭാരമുള്ള ഡമ്മിയിൽ ഡമ്മിയിലാണ് മൂന്ന് മൂർഖൻ പാമ്പുകളെ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്. കട്ടിലിൽ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയിൽ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കൈയിൽ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടർച്ചയായി അമർത്തി നോക്കി. അപ്പോൾ മാത്രമായിരുന്നു പാമ്പ് ഡമ്മിയിൽ കടിച്ചത്. ഈ കടിയിൽ ഇറച്ചി കഷണത്തിലുണ്ടായ മുറിവിൽ പാമ്പിന്റെ പല്ലുകൾക്കിടയിലുണ്ടായ അകലം 1.7 സെന്റി മീറ്ററാണെന്നും വ്യക്തമായി. പിന്നീട് പാമ്പിന്റെ ഫണത്തിൽ മുറുക്കെ പിടിച്ച് ഡമ്മിയിൽ കടിപ്പിച്ചു. ഈ കടിയിൽ പല്ലുകൾക്കിടയിലെ അകലം 2 സെന്റി മീറ്ററിലധികമായി ഉയർന്നു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവിലും പാമ്പിൻ പല്ലുകൾക്കിടയിലെ അകലം രണ്ട് മുതൽ രണ്ട് ദശാംശം എട്ട് സെന്റി മീറ്റർ വരെയായിരുന്നു.

ഒരാളെ സ്വാഭാവികമായി പാമ്പ് കടിച്ചാലുണ്ടാകുന്ന മുറിവിൽ പാമ്പിന്റെ പല്ലുകൾ തമ്മിലുള്ള അകലം എപ്പോഴും 2 സെന്റി മീറ്ററിൽ താഴെയായിരിക്കും. എന്നാൽ ഫണത്തിൽ പിടിച്ച് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതിനാലാണ് ഉത്രയുടെ ശരീരത്തിൽ കണ്ട മുറിവുകളിലെ പാമ്പിന്റെ പല്ലുകൾക്കിടയിലുള്ള അകലം ഇതിലും ഉയർന്നത്. ഈ വസ്തുതയാണ് പ്രധാനമായും ഡമ്മി പരിശോധനയിലൂടെ വെളിപ്പെട്ടത്.

സൂരജ് ക്രിമിനൽ മനസ്സിന്റെ ഉടമ, പശ്ചാത്താപമില്ലെന്ന് പൊലീസ്

ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഒരിക്കൽപോലും താൻ നടത്തിയ ക്രൂരകൃത്യത്തിൽ പശ്ചാത്താപം വന്നിട്ടുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കർ വ്യക്തമാക്കി. സൂരജ് ക്രിമിനൽ മനസ്സിനുടമയാണെന്നാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂർവമായ കേസിൽ ഇന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം. അന്വേഷണത്തിന്റെ ഭാഗമായി പരാവധി എല്ലാ തരത്തിലുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. വനംവകുപ്പ് അടക്കമുള്ളവയുടെ പിന്തുണ ലഭിച്ചു. പ്രോസിക്യൂഷന് എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിക്കാനും കഴിഞ്ഞു. ഒരു പോസിറ്റീവ് വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിശങ്കർ പറഞ്ഞു.

'ഒരിക്കൽ പോലും സൂരജിന് പശ്ചാത്താപമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന്റെ ഒരു അവസരത്തിൽ പോലും തങ്ങൾ കൊണ്ടുവന്ന തെളിവിനേക്കാൾ സൂരജ് ഇങ്ങോട്ട് കുറ്റം സമ്മതിക്കാൻ തയ്യാറായിട്ടില്ല. ഇത്രയും നാളും കസ്റ്റഡിയിലായിരുന്നിട്ടും അയാൾക്കൊരു മനംമാറ്റം ഉണ്ടായില്ലെന്നാണ് ബോധ്യപ്പെട്ടത്. ശാസ്ത്രീയമായ തെളിവ് കൊണ്ടുവരുമ്പോൾ ആ ഭാഗം മാത്രം സമ്മതിക്കും. അതിന് ശേഷം അന്വേഷണത്തിന്റെ ഏറ്റവും അവസാനത്തിലാണ് കുറ്റം പൂർണ്ണമായും സമ്മതിക്കേണ്ടി വന്നത്.

വളരെ കൃത്യമായി കുറ്റം ഒളിപ്പിക്കാനും കള്ള മൊഴികൾ നൽകാനും പ്ലാൻ ചെയ്യാനും കഴിയുന്ന ക്രിമിനൽ മനസ്സിന്റെ ഉടമയാണ് സൂരജ് എന്നതിൽ യാതൊരു സംശയവുമില്ല' എസ്‌പി പറഞ്ഞു. മെയ്‌ ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും

കേസ് അന്വേഷണത്തിൽ വലിയ വെല്ലുവിളികളാണ് പൊലീസ് നേരിട്ടത്. ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമങ്ങളും നടത്തിയെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് മുൻ ഡിവൈഎസ്‌പി എ.അശോകൻ പറയുന്നു. മൂർഖനെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഉത്തരയെ കൊന്നയെ ശേഷം പാമ്പിനെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ കിട്ടിയത് കേസിൽ നിർണായകമായ തെളിവായെന്ന് അശോകൻ പറഞ്ഞു.

പാമ്പുകടിച്ചത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ് അത്യപൂർവമാകുന്നതുകൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് കേസുവിസ്താരം പൂർത്തിയാക്കിയത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. സൂരജിന് പാമ്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി.

സർപ്പശാസ്ത്രജ്ഞനും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും,മൃഗസംരക്ഷണ വകുപ്പിലെയും ഫൊറൻസിക് വിഭാഗത്തിലെയും വിദഗ്ധരായ ഡോക്ടർമാരും അടങ്ങുന്ന സംഘവും ഡമ്മി പരിശോധനയിലൂടെ പൊലീസ് നടത്തിയ കണ്ടെത്തലുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, ഈ ദൃശ്യങ്ങൾ തന്നെയാകും സൂരജിന്റെ വിധി തീരുമാനിക്കുന്നതിൽ കോടതിക്കു മുന്നിൽ പ്രധാന തെളിവായി ഉയർന്നു വരിക.