- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിമരുന്നു നൽകി മയക്കി; പാമ്പിന്റെ തലയിൽ അമർത്തി കടിപ്പിച്ചു; മുറിവുകളുടെ വലുപ്പവ്യത്യാസം ഇക്കാര്യം വ്യക്തമാക്കുന്നു; അപൂർവമായ കൊലപാതകരീതിയെന്ന് പ്രേസിക്യൂഷൻ; സാധൂകരിക്കാൻ ഡമ്മി പരീക്ഷണം കോടതിയിൽ; ഉത്ര വധക്കേസിൽ അന്തിമ വാദം അഞ്ചിന് തുടരും
കൊല്ലം: അഞ്ചൽ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ ശാസ്ത്രീയ തെളിവുകൾ നിരത്തി കോടതിയിൽ പ്രോസിക്യൂഷന്റെ അന്തിമ ഘട്ട വാദം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നതിന് പിന്നിലെ ആസൂത്രണം വെളിവാക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള തെളിവുകളാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ നിരത്തിയത്. കേസിൽ ഈ മാസം അവസാന വാരത്തോടെ വിധി പ്രഖ്യാപനം ഉണ്ടായേക്കും.
മുൻപ്, അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ കിടക്കുമ്പോൾ പോലും കൊലപ്പെടുത്തുന്നതിനുള്ള അടുത്ത പദ്ധതി തയാറാക്കുകയായിരുന്നു ഭർത്താവ് സൂരജ് എന്നും ഇതു കേസിന്റെ ഗൗരവം വർധിപ്പിക്കുന്നെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ജഡ്ജി എം.മനോജ് മുൻപാകെ വാദിച്ചു. ലഹരിമരുന്നു നൽകിയ പാനീയം പോലും ഭർത്താവിന്റെ സ്നേഹം എന്നു കരുതിയാണ് ഉത്ര കുടിച്ചത്.
അപൂർവങ്ങളിൽ അപൂർവമായ കേസായി ഉത്ര വധക്കേസ് പരിഗണിക്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഉന്നയിച്ചത്. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ക്രൂര കൃത്യം ഭർത്താവ് സൂരജ് നടപ്പാക്കിയതെന്നും തെളിവുകൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
സർപ്പ കോപത്തെ തുടർന്നാണ് ഉത്രയ്ക്ക് പാമ്പു കടിയേറ്റതെന്ന സൂരജിന്റെ വാദം പൊളിച്ചത് വിദഗ്ധ സമിതിയുടെ റിപ്പോർട്ടാണ്. കിടപ്പ് മുറിയിലേക്ക് ചുവരിലൂടെ മൂർഖൻ പാമ്പ് കയറിയെന്ന സൂരജിന്റെ വാദവും ശാസ്ത്രീയമായി നിലിനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം. ഇതിനായി ഉത്രയുടേതുകൊലപാതകമെന്ന് സൂചിപ്പിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സർപ്പ ശാസ്ത്രജ്ഞൻ മവീഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർ കിഷോർ കുമാർ, ഫൊറൻസിക് വിദഗ്ധ ഡോക്ടർ ശശികല എന്നിവരടങ്ങിയ സമിതിയാണ് ഉത്രയുടേതുകൊലപാതകമാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.
പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ 28 സാഹചര്യങ്ങളെ ആസ്പദമാക്കി തെളിയിച്ചിട്ടുണ്ട്. ഇതിനു പുറമേ മാപ്പുസാക്ഷിയായ ചാവരുകാവ് സുരേഷിന്റെ മൊഴി ദൃക്സാക്ഷിക്കു തുല്യമാണ്. കുറ്റകൃത്യം തെളിയിക്കാൻ കഴിയില്ലെന്നു വിശ്വസിച്ചാണ് സൂരജ് പാമ്പിനെ ഉപയോഗിച്ചു കൊല നടത്തിയതെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഉത്രയുടെ മരണത്തിന് ഇടയാക്കിയ പാമ്പുകടി സ്വാഭാവികമാണോ എന്നറിയാൻ സർപ്പശാസ്ത്രജ്ഞനായ മവീഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, വെറ്ററിനറി സർജൻ ഡോ. കിഷോർകുമാർ, തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. ശശികല എന്നിവർ അടങ്ങിയ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു.
ഉത്രയുടെ മരണത്തിന് ഇടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും അതുവഴി വ്യക്തമായി. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ വാവാ സുരേഷും സംഭവം കൊലപാതകമാണെന്നു കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. സാധാരണ ഗതിയിൽ മൂർഖൻ പ്രകോപനമില്ലാതെ കടിക്കാറില്ല. ലഹരിമരുന്നു നൽകി ചലനമില്ലാതെ കിടന്ന ഉത്രയെ 2 തവണ കടിച്ചു എന്നത് അവിശ്വസനീയമാണ്. പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ചാണ് കടിപ്പിച്ചതെന്ന് മുറിവുകളുടെ വലുപ്പവ്യത്യാസം വ്യക്തമാക്കുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇതു സംബന്ധിച്ച ഡമ്മി പരീക്ഷണം കോടതിയിൽ പ്രദർശിപ്പിച്ചു. തുടർവാദം 5നു നടക്കും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻ രാജിനു പുറമേ, കെ.ഗോപീഷ് കുമാർ, സി.എസ്.സുനിൽ എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഹാജരായി. കൊലപാതകകം കൊലപാതക ശ്രമം മയക്കുമരുന്ന് കലർന്ന പാനിയം കുടിപ്പിച്ച് കൊലപ്പെടുത്തൽ തുടങ്ങിയത് ഉൾപ്പടെ അഞ്ച് വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം അവസാനത്തോടെ കേസിൽ അന്തിമ വിധിയുണ്ടാകുമെന്നാണ് സൂചന. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
മറുനാടന് മലയാളി ബ്യൂറോ