- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്ര ഇരയായതു കൊടും ക്രൂരതയ്ക്ക്; കുറ്റം നിഷേധിച്ച് കോടതിയിൽ കൂസലില്ലാതെ സൂരജ്; വിധി കേട്ട് നിശ്ശബ്ദരായി ഉത്രയുടെ അച്ഛനും സഹോദരനും; വിധി കാത്ത് ഇനിയും കേസുകൾ; സൂരജ് ഇനി പൂജപ്പുര സെൻട്രൽ ജയിലിൽ; ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും
തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ വ്യാഴാഴ്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.
സൂരജിന് വധശിക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകർ അറിയിച്ചു. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.
ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.
ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
വിധി കാത്ത് കോടതിമുറിയിൽ കൂസലില്ലാതെയാണ് ഉത്രവധക്കേസ് പ്രതി സൂരജ് നിന്നത്. ജഡ്ജി ശിക്ഷാവിധി വായിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലായിരുന്നു. വായിച്ചുതീർന്നപ്പോൾ പ്രതിക്കൂട്ടിൽനിന്നിറക്കി. തൊട്ടടുത്തുനിന്ന തന്റെ അഭിഭാഷകരോട്, വിധിയെന്താണെന്ന് ചോദിച്ചു. വധശിക്ഷയില്ലെന്നും തടവേയുള്ളൂവെന്നും അഭിഭാഷകർ പറഞ്ഞപ്പോഴും നിർവികാരനായി നിൽക്കുകയായിരുന്നു.
ദുഃഖഭാരം താങ്ങാനാകാതെ കോടതിവരാന്തയിലിരുന്ന ഉത്രയുടെ അച്ഛൻ വിജയസേനന്റെയും സഹോദരൻ വിഷുവിന്റെയും മറ്റു ബന്ധുക്കളുടെയും സമീപത്തുകൂടിയാണ് സൂരജിനെ കൊണ്ടുപോയത്. സൂരജിനെ കണ്ട് മറ്റു ബന്ധുക്കൾ മുഖംതിരിച്ചു. വിജയസേനനെ കണ്ടയുടൻ സൂരജ് വേഗത്തിൽ മുറിക്കുള്ളിലേക്കു പോകുകയായിരുന്നു
കോടതിക്കു മുന്നിലെ ഇടുങ്ങിയ വരാന്തയിൽ നിശ്ശബ്ദരായി ഇരിക്കുകയായിരുന്നു വിധി കേട്ടശേഷം ഉത്രയുടെ പിതാവ് വി.വിജയസേനനും സഹോദരൻ വിഷുവും. വിധിയെക്കുറിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നു വിജയസേനൻ പറഞ്ഞു.
മകളെ അരുംകൊല ചെയ്ത കുറ്റവാളിക്കു കോടതി നൽകിയ ശിക്ഷയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചിരുന്നു. ഇത്തരം വിധികൾ കുറ്റവാളികളെ സൃഷ്ടിക്കുമെന്നും വിധിക്ക് എതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അമ്മ പറഞ്ഞു. വധശിക്ഷയിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. അത്ര കൊടും ക്രൂരതയ്ക്കാണു മകൾ ഇരയായത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം മണിമേഖല വിധി കേൾക്കാൻ കോടതിയിൽ പോയിരുന്നില്ല.
കോടതിയിൽ നടന്നത്
രാവിലെ 11.50
ജില്ലാ ജയിലിൽനിന്ന് എതിർവശത്തുള്ള കോടതിയിലേക്ക് കനത്ത പൊലീസ് കാവലിൽ പ്രതി സൂരജ് എസ്. കുമാറിനെ എത്തിച്ചു. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി മുറിയിൽ കയറ്റിയപാടേ പ്രതിയുടെ വിലങ്ങഴിച്ചു. പ്രതിക്കൂടിനോടുചേർന്ന് ഭിത്തിയിൽ ചാരിനിന്ന സൂരജിനോട് അഭിഭാഷകർ സംസാരിച്ചുകൊണ്ടിരുന്നു. എല്ലാം തലയാട്ടി കേട്ടു.
11.59
ജഡ്ജി എം. മനോജ് സീറ്റിലെത്തി. 12 മണിയോടെ ശിക്ഷാവിധി വായിച്ചുതുടങ്ങി. മാധ്യമപ്രവർത്തകരും അഭിഭാഷകരുമെല്ലാം ശ്രദ്ധയോടെ വിധി കേട്ടുകൊണ്ടിരുന്നു. സൂരജ് കൂസലില്ലാതെ പ്രതിക്കൂട്ടിൽ നിന്നു. 12.14-ന് വിധി വായിച്ചുതീർന്ന ജഡ്ജി മുറിയിലേക്ക് മടങ്ങി. പ്രതിക്കൂടിന് പുറത്തിറങ്ങിയ സൂരജ് പുറത്ത് കസേരയിലിരുന്നു.
12.22
ജയിലേക്ക് അയക്കുന്നതിനുമുമ്പ് തിരിച്ചറിയൽ അടയാളം പരിശോധിച്ചു
12.25
സൂരജ് പ്രതിക്കൂടിന് പുറത്ത് കസേരയിലിരുന്നു. അഭിഭാഷകരുമായി സംസാരിച്ചു.
3.15
വിധിന്യായത്തിന്റെ പകർപ്പ് നൽകിയശേഷം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകാനായി കോടതിയിൽനിന്നിറക്കി. മാധ്യമങ്ങളോട് അപ്രതീക്ഷിത പ്രതികരണം. കോടതിയിൽനടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവർത്തകരെ നോക്കി സൂരജ് വിളിച്ചുപറഞ്ഞു. തന്നെയും ഉത്രയെയും കുഞ്ഞിനെയുംപറ്റി പറയുന്നതെല്ലാം തെറ്റാണ്. ഉത്ര ബി.എ.വരെ പഠിച്ചവളാണ്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി മാത്രം വായിച്ചുനോക്കിയാൽ എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് പറഞ്ഞു.
കുറ്റം വീണ്ടും നിഷേധിച്ച് സൂരജ്
ഉത്രയെ കൊലപ്പെടുത്തിയശേഷം മാധ്യമങ്ങൾക്കുമുന്നിൽ സൂരജ് പലതവണ കുറ്റം നിഷേധിച്ചിരുന്നു. തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ ഞാനൊന്നും ചെയ്തിട്ടില്ലച്ഛാ എന്ന് ഉത്രയുടെ അച്ഛനോട് സൂരജ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് എല്ലാം ഞാനാണ് ചെയ്തതെന്ന് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു. എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് സൂരജ് വ്യക്തമായ മറുപടിനൽകിയതുമില്ല.
പ്രതികരിക്കാനില്ലെന്ന് സൂരജിന്റെ കുടുംബം
ഉത്ര വധക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂരജിന് ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു പിതാവ് സുരേന്ദ്രൻ. അടൂർ പറക്കോട്ട് ശ്രീസൂര്യയിൽ വീട്ടിലിരുന്നാണു സുരേന്ദ്രൻ, ഭാര്യ രേണുക, മകൾ സൂര്യ എന്നിവർ ശിക്ഷാവിധി അറിഞ്ഞത്. ഇതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാൻ സൂരജിന്റെ വീട്ടുകാർ തയാറാണെന്ന് പ്രതിഭാഗം അഭിഭാഷകനായ എസ്.അജിത് പ്രഭാവ് അറിയിച്ചു.
സൂരജിനെതിരെ ഇനിയും കേസുകൾ
ഉത്ര കേസിലെ പ്രതി സൂരജിനെതിരെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം 7 വർഷം വീതം തടവു ശിക്ഷ വിധിക്കാവുന്ന 2 കേസുകൾ ഉണ്ട്. മൂർഖനെയും അണലിയെയും പിടികൂടി ശല്യപ്പെടുത്തുക, കൊലപാതകത്തിനുപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇവയുടെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വനംവകുപ്പ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2 കേസിലും സൂരജ് ജാമ്യം നേടിയിരുന്നു.
ഇയാൾക്കെതിരെ ഗാർഹിക പീഡനക്കേസിൽ രണ്ടാമത്തെ കുറ്റപത്രം പുനലൂർ കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതിയാണ്. ഇതിനു പുറമേ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ