- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ പണവും സ്വത്തുക്കളും ആവശ്യപ്പെട്ട് സൂരജിന്റെ അമ്മയും സഹോദരിയും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛനമ്മമാരുടെ മൊഴി നിർണ്ണായകമായി; വനിതാ കമ്മീഷന്റെ നിർദ്ദേശം അംഗീകരിച്ച് പൊലീസ് നടപടി; അഞ്ചലിലെ ക്രൂരതയിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ; രേണുകയ്ക്കെതിരേയും മകൾ സൂര്യയ്ക്കെതിരേയും ചുമത്തിയത് ഗാർഹിക പീഡനവും തെളിവ് നശിക്കലും അടക്കമുള്ള കുറ്റങ്ങൾ; അച്ഛനും മകനും പിന്നാലെ അമ്മയും മകളും കേസിൽ പ്രതിയാകുമ്പോൾ
കൊല്ലം: ഉത്രാ കൊലക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ഗാർഹിക പീഡനവും ഗൂഢാലോചനയും തെളിവ് നശിക്കലുമാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഇതോടെ സൂരജിന്റെ വീട്ടിലെ എല്ലാവരും കേസിൽ അറസ്റ്റിലാവുകയാണ്. സൂരജിനേയും അച്ഛനേയും നേരത്തെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. ജില്ലാ ക്രൈംബ്രാഞ്ചാണ് അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്തത്.
സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിരുന്നു. ഇവരെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. ഇവരെ മുൻപ് പല തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
അഞ്ചൽ ഏറം വിഷു വെള്ളശേരിൽ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിന്റെ സഹോദരിക്കും അമ്മയ്ക്കുമെതിരെ കേസെടുക്കാനുള്ള വനിതാ കമ്മീഷൻ നിർദ്ദേശം കുറ്റപത്രം സമർപ്പിക്കുമ്പോഴും പൊലീസ് പരിഗണിച്ചിരുന്നില്ല. ഇത് വിവാദവുമായി. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവർക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്രാ കേസ് അന്വേഷണത്തിന്റെ രണ്ടാം ഘട്ടമായി ഇവരെ അറസ്റ്റ് ചെയ്തത്.
കൂടുതൽ പണവും സ്വത്തുക്കളും ആവശ്യപ്പെട്ട് സൂരജിന്റെ അമ്മയും സഹോദരിയും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛനമ്മമാർ കമ്മീഷനംഗം ഷാഹിദാ കമാലിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. വനിതാ കമ്മീഷന്റെ കേസിൽ സൂരജിന്റെ സഹോദരി ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. അടൂർ പറക്കോട് സ്വദേശികളായ ഇവരെ വിശദമായി ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് വനിതാ കമ്മീഷൻ രേഖാ മൂലം നിർദ്ദേശം നൽകിയിരുന്നു. ഇതുകൊല്ലം റൂറൽ പൊലീസിന് കൈമാറിയെങ്കിലും നടപടികൾ ഇരുവരെയും ചോദ്യം ചെയ്യുന്നതിൽ ഒതുങ്ങി. ഇത് വിവാദമായി.
ഉത്രയുടെ അസ്വാഭാവിക മരണത്തിന്റെ അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് മുതൽ ഉത്രയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലാണ് സൂരജിന്റെ അമ്മയും സഹോദരിയും പരസ്യ പ്രതികരണങ്ങൾ നടത്തിയത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകം ഭാര്യ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടാൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലമാണോയെന്ന് പൊതുവിൽ പൊലീസ് പരിശോധിക്കാറുണ്ട്. സൂരജും അമ്മയും സഹോദരിയും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വാഹനങ്ങളും കൈവശപ്പെടുത്തിയെന്നാണ് ഉത്രയുടെ കുടുംബം നൽകിയ മൊഴി.
ഇത് പരിഗണിച്ചാണ് വനിതാ കമ്മീഷൻ ഉടനടി കേസെടുത്തത്. പൊലീസിനും കുടുംബം ഇതേ മൊഴി നൽകിയെങ്കിലും കൂടുതൽ തെളിവുകൾക്കായി കാക്കുകയാണ് ഇപ്പോഴും അന്വേഷണ സംഘം. വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ തിരികെ കൊടുക്കേണ്ടി വരുമെന്നതിനാൽ കൊലപ്പെടുത്തി മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യമെന്ന് സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. അതിനിടെ ഉത്ര വധക്കേസിന്റെ വിചാരണ വേഗത്തിലാക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങിയിരുന്നു. പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകൻ 14 ന് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ രേഖകളെല്ലാം വൈകാതെ വിചാരണ നടക്കുന്ന ജില്ലാ കോടതിയിലെത്തും.
രേഖകളെത്തിയാലുടൻ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിക്കും. ഉത്ര വധക്കേസിന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജി മോഹൻരാജിനെ മുൻപ് സർക്കാർ നിയമിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് പ്രോസിക്യൂട്ടറും അന്വേഷണ സംഘവും തമ്മിൽ ചർച്ച നടത്തിയിരുന്നു. ദൃക്സാസക്ഷികൾ ആരുമില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളെയാണ് അന്വേഷണ സംഘം കൂടുതലായി ആശ്രയിച്ചത്. കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. സൂരജിനെതിരെ കൊലപാതകവും കൊലപാതക ശ്രമവുമാണ് ചുമത്തിയത്. സൂരജിന്റെ സ്വാഭാവിക ജാമ്യം തടയുന്നതിനായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത് വലിയ നേട്ടമാണ്.
ഉത്ര നേരിട്ട ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട രണ്ടാം കുറ്റപത്രവും വൈകാതെ അന്വേഷണ സംഘം പുനലൂർ കോടതിയിൽ സമർപ്പിക്കും. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഈ കേസിലാണ് അമ്മയും സഹോദരിയും കൂടെ പ്രതിയാകുന്നത്. മെയ് 7ന് പുലർച്ചെ ഉത്രയുടെ കുടുംബ വീട്ടിൽ വെച്ച് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് കൊല നടത്തിയത്.
ഉത്രയുടെ മാതാപിതാക്കൾ റൂറൽ ജില്ലാ പൊലീസ് മേധാവി എസ് ഹരിശങ്കറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 18 ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം 24 ന് സൂരജിനെയും പാമ്പിനെ കൈമാറിയ ചാവരുകാവ് സുരേഷിനെയും അറസ്റ്റ് ചെയ്തു. മാപ്പ് സാക്ഷിയാക്കണമെന്ന സുരേഷിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ