- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്രയെ കൊന്നത് പെൺമൂർഖനെ ഉപയോഗിച്ച്; ഞാൻ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവൻ ആ കൊച്ചിനെ കൊന്നത് എന്നു പറഞ്ഞു സുരേഷ്; ഉത്രയെ കടിച്ച മൂർഖന്റെ ചിത്രങ്ങൾ കോടതിയിൽ തിരിച്ചറിഞ്ഞു; മുട്ടയിട്ട പെൺമൂർഖനാണെന്ന് വിശദീകരണവും; എലിയെ പിടിക്കാനെന്ന് സുരാജ് പറഞ്ഞപ്പോൾ വിശ്വസിച്ചെന്നും മാപ്പുസാക്ഷിയുടെ മൊഴി
കൊല്ലം: ഉത്ര വധക്കേസിലെ വിചാരണാ നടപടികൾ പുരോഗമിക്കുമ്പോൾ മുഖ്യപ്രതി സൂരജിനെ വെട്ടിലാക്കി മാപ്പുസാക്ഷിയുടെ നിർമ്മായകമായ മൊഴി. ഉത്രയെ കൊന്നത് താൻനൽകിയ പെൺമൂർഖനെ ഉപയോഗിച്ചാണെന്ന് സാക്ഷിയും പാമ്പുപിടിത്തക്കാരനുമായ ചാവരുകാവ് സുരേഷ് കോടതിയിൽ മൊഴി നൽകി. ഉത്ര വധക്കേസിൽ സുരേഷിന്റെ സാക്ഷിവിസ്താരം കൊല്ലം ആറാംനമ്പർ അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. ഒൻപതിന് ഉത്രയുടെ അച്ഛൻ വിജയസേനൻ, സഹോദരൻ വിഷു എന്നിവരെ വിസ്തരിക്കും.
സൂരജിന് ആദ്യം കൈമാറിയ അണലിയെ ഊഴായിക്കോടുനിന്ന് പിടിച്ചതാണെന്ന് സുരേഷ് മൊഴിനൽകി. ഇതിന്റെ വീഡിയോയും ഹാജരാക്കിയിരുന്നു. രണ്ടാമത് നൽകിയ മൂർഖനെ ആലംകോടുനിന്ന് പിടിക്കുന്ന വീഡിയോയുൾപ്പെടെയുള്ള തെളിവുകളും സൂരജ് പാമ്പിനെ കൈകാര്യം ചെയ്യുന്ന വീഡിയോയും സുരേഷ് തിരിച്ചറിഞ്ഞു. ഉത്രയുടെ വീട്ടിൽ തല്ലിക്കൊന്ന മൂർഖന്റെ ഫോട്ടോ സുരേഷിന് കാണിച്ചുകൊടുത്തു. അപ്പോഴാണ് ഇത് താൻ നൽകിയ മുട്ടയിട്ട പെൺമൂർഖൻ തന്നെയാണെന്ന് സുരേഷ് മൊഴിനൽകിയത്. ആലംകോടുനിന്നുപിടിച്ച പാമ്പ് 12 മുട്ടയിട്ടിരുന്നു. അതിന്റെ വാലും വയറും തിരിച്ചറിയാനാകുമെന്ന് സുരേഷ് പറഞ്ഞു.
താൻ പാമ്പിനെ കൊടുത്തതുകൊണ്ടാണ് സൂരജ് കൃത്യം നടത്തിയത്. അതിനാൽ താനും കുറ്റക്കാരനാകുമെന്ന് സുരേഷ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നൽകി. കൃഷിയിടത്തിൽ എലിയെ പിടിക്കാൻ ആരും അണലിയെ വാങ്ങാറില്ലല്ലോ എന്നചോദ്യത്തിന് സൂരജ് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് ഇങ്ങനെയൊരുകാര്യം ആദ്യമായി കേട്ടതെന്നും സുരേഷ് കോടതിയിൽ പറഞ്ഞു. വിസ്താരം പൂർത്തിയായതോടെ ഇയാളെ ജയിലിലേക്ക് അയച്ചു.
വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത മൂന്നു കേസിൽ ഒന്നിന്റെ കുറ്റപത്രം സമർപ്പിച്ചതിനാൽ വധക്കേസിലെ മാപ്പ് സാക്ഷിക്ക് ഉടൻ ജയിൽ നിന്നു പുറത്തിറങ്ങാനാകില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, കെ.ഗോപിഷ് കുമാർ, സി.എസ്.സുനിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അജിത്പ്രഭാവ്, എ.അശോക് കുമാർ, ജിത്തു എസ്.നായർ, ബ്രിജേന്ദ്രലാൽ എന്നിവരും ഹാജരായി.
ഉത്രയുടെ പിതാവ് വിജയസേനൻ, സഹോദരൻ വിഷു എന്നിവരെ അടുത്ത ബുധനാഴ്‌ച്ച വിസ്തരിക്കും. അഞ്ചൽ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സൂരജിന്റെ കുടുംബാംഗങ്ങൾ പ്രതിയായിട്ടുള്ള ഗാർഹിക പീഡന കേസിന്റെ കുറ്റപത്രവും കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.
മറുനാടന് മലയാളി ബ്യൂറോ