തിരുവനന്തപുരം: നാളെ ഉത്രാടം. മലയാളികൾ ഓണാഘോഷത്തിന്റെ അവസാനഘട്ട തിരക്കിലാണ്. തിരുവോണ നാൾ പൊടിപൊടിക്കാനായ് ഉത്രാടനാളിൽ മലയാളികൾ പരക്കംപായും. ഉത്രാടനാളിൽ ഓണവിപണി എന്നത്തേക്കാളും സജീവമാകും. എല്ലാത്തിനും തീവിലയാകും. നാടും നഗരവും ഒരുപോലെ തിരക്കിലാഴും. ഇടയ്ക്കിടെ പെയ്യുന്ന മഴക്കോ പൊള്ളുന്ന വെയിലിനോ ഉത്രാടപ്പാച്ചിലിന് തടയിടാൻ കഴിയില്ല.

തിരുവോണനാളിന് പൂക്കളമൊരുക്കണം കോടിയുടുക്കണം, വിഭവസമൃദ്ധമായ സദ്യയൊരുക്കണം അങ്ങനെ എങ്ങും തിരക്കോടു തിരക്കാകും. തിരുവോണനാളിലേക്ക് ആവശ്യമായതെല്ലാം വാങ്ങാൻ ഉത്രാടനാളിൽ മലയാളി പാരക്കമ്പയുന്ന കാഴ്ച ഗൃഹാതുരത്വം ഉണർത്തുന്നതാണ്. ഓണസദ്യക്ക് വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തുക എന്നതാണ് ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം. തിരുവോണനാളിൽ ആവശ്യമായതെല്ലാം വീട്ടിലെത്തുന്നതും ഉത്രാടനാളിലാണ്.

തെക്കൻ കേരളത്തിൽ തിരുവോണത്തലേന്ന് വീടുകളിൽ ഉത്രാടവിളക്ക് തെളിയിക്കാറുണ്ട്. ഗുരുവായൂരിൽ  കൊടിമരച്ചുവട്ടിൽ കാഴ്ചക്കുല സമർപ്പിക്കുന്നതും ഉത്രാടനാളിലാണ്. ഇതിനെ ഉത്രാടക്കാഴ്‌ച്ച എന്നാണ് പറയുന്നത്. ഉത്രാടപ്പൂനിലാവ് കഴിയുന്നതോടെ തിരുവോണനാളായി.

ആവിശ്യസാധനങ്ങളിലെ വിലക്കയറ്റം വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഓണത്തിന്റെ ആവേശത്തെ തെല്ലും കുറച്ചിട്ടില്ല. ശമ്പളവും ബോണസ്സുമെല്ലാം ചേർത്ത് ഓണം പൊടിപൊടിക്കാനുള്ള തിരക്കിലാണ് ഏവരും. ചാല കമ്പോളത്തിലടക്കം തലസ്ഥാനത്തെ പ്രമുഖ കച്ചവട കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ഉത്രാടനാളിൽ വിപണി കൂടുതൽ സങ്കീർണ്ണമാകും. വസ്ത്രശാലകളിലും ഓണമേളകളിലും കുടുംബമായി എത്തുന്നവരുടെ തിരക്ക് ക്രമാതീതമാകും. എത്ര കഷ്ടനഷ്ട്ടങ്ങൾ സഹിച്ചാലും ഓണത്തെ വരവേൽക്കാൻ അവസാനഘട്ട തയ്യാറെടുപ്പിലാണ് മലയാളികൾ.