ലണ്ടൻ: ലണ്ടനിലെ മലയാളി പെൺകുട്ടി നായികയായ ഓണം ആൽബം അയർലണ്ടിൽ റിലീസ് ചെയ്തു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിച്ച ഉത്രാടപ്പൂവ് എന്ന ഈ ആൽബം വിവിധ ഓൺലൈൻ മാദ്ധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ കാണാനാകും.

തിരുവോണത്തിന്റെ പ്രാധാന്യവും, കേരളീയ സംസ്‌കാരവും, കേരളകലകളായ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ്, മറ്റു കലാരൂപങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലടക്കം പങ്കെടുത്തിട്ടുള്ള ദിയാ ലിങ്ക്വിൻസ്റ്റർ എന്ന 14 വയസുകാരിയാണ് ആൽബത്തിൽ നായികയായി എത്തുന്നത്. ഒപ്പം കേരള സംസ്ഥാന, ജില്ലാ സ്‌കൂൾ യുവജനോത്സവങ്ങളിൽ വിജയികളായ, ബേസിൽ സണ്ണി, ബെൻ സണ്ണി, അമൃത മൻജുഷ, അൻങ്കുഷ, രൻജിത സജീവൻ, അർച്ചന ബിജു, അഭിരാമി ജയന്ത്, രഹ്ന രാജ്, ദിവ്യ, ജംസി പാസ്റ്റർ എന്നിവരും ഈ ആൽബത്തിൽ വിവിധ ദൃശ്യങ്ങളുമായി എത്തുന്നുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ്, മറ്റു കലാരൂപങ്ങൾ തുടങ്ങിയവ ഈ ആൽബങ്ങളിലൂടെ കാണിക്കുന്നു. തുമ്പയും തുളസിയും മുക്കുറ്റിയും മാവേലിയും ആർപ്പുവിളികളുമായി കേരള സംസ്‌കാരം നിറഞ്ഞു നിൽക്കുന്ന ഈ ആൽബം അറെ ശ്രദ്ധേയമാണ്. പ്രശസ്തമായ തൃപ്പകുടം ഇല്ലം, കൊല്ലംകോട് തറവാട്, തൃപ്പംകുടം ക്ഷേത്രം, കുട്ടേക്കാവ് ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിന്റെ ചിത്രീകരണം നടന്നത്.

ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് ആലപിച്ച് ഓണപ്പാട്ടുകളിലെ ഒരു ഗാനമാണ് ഈ ആൽബത്തിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. റോയൽ റഫീയ് ഛായാഗ്രാഹണവും, ആർഎൽവി ജോളി മാത്യു കൊറിയോ ഗ്രാഫിയും, എം എം ലിങ്ക് വിൻസ്റ്റാർ ഇതിന്റെ നിർമ്മാണവും നിർവഹിക്കുന്നു. തൃപ്പക്കുടം ഇല്ലം, കൊല്ലക്കോട് തറവാട്, തൃപ്പക്കുടം ക്ഷേത്രം, കൂട്ടേക്കാവ് ക്ഷേത്രം, തുടങ്ങിയ ചിത്രീകരണത്തിൽപെടുന്നു. ഇതിൽ നായികയുടെ വേഷമിടുന്ന ദിയ ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസുകളുടെ രംഗത്ത് യൂറോപ്പിൽ ശ്രദ്ധേയമാണ്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കഥകളി എന്നീ ഇനങ്ങളിൽ വിവിധ സ്‌റ്റേജുകളിൽ വിജയികളാണ്.

ചെറു പ്രായത്തിൽ തന്നെ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയാണ് ദിയ നൃത്ത വേദിയിൽ സ്വയം സമർപ്പണം ചെയ്യുന്നത്. ഡബ്ലിനിലെ 9-ാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയിരിക്കുകയാണ് ദിയ. അറിയപ്പെടുന്ന പൊതു പ്രവർത്തകനും മുൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എല്ലാത്തിനുമുപരി ദിയയുടെ പിതാവുമായ എംഎ ലിങ്ക്വിൻസ്റ്റാറാണ് മകളുടെ അഭിരുചികൾക്ക് പിന്തുണയുമായി മുൻപന്തിയിലുള്ളത്. ഉത്രാടപ്പൂവെന്ന ആൽബത്തിന്റെ നിർമ്മാതാവും ലിങ്ക്വിൻസ്റ്റർ തന്നെയാണ്. കൂടാതെ ബൂമൗണ്ട് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്ന സോഫിയയാണ് ദിയയുടെ അമ്മ. വേദികൾ കണ്ടെത്തി മത്സരിപ്പിക്കുന്നതിലും ദിയയ്ക്കു അനുയോജ്യമായ നൃത്തം കണ്ടെത്തി പരിശീലിപ്പിക്കുന്നതിലും ഒക്കെ സോഫിയ ശ്രദ്ധ വയ്ക്കുന്നു. കൂടാതെ, ഉത്രാടപ്പൂവിന്റെ വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നതും സോഫിയ തന്നെയാണ്. എറണാകുളം ജില്ലയിൽ ആമ്പല്ലൂരിലാണ് വീട്.

പ്രകൃതി ഭംഗി നിറഞ്ഞ ഈ ആൽബം പ്രവാസികൾക്കിടയിലൂടെ കേരളത്തിലും ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷ. ഈ ആൽബം ഈ വർഷത്തെ ഓണത്തിന് മുന്നോടിയായി കേരളത്തിലെ മുഖ്യ ചാനലുകൾ സംപ്രേഷണം ചെയ്യും.