കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ വർഗ്ഗീസ് ഉതുപ്പിന്റെ അൽസറഫ ഏജൻസി വഴി വിസ ലഭിച്ച നഴ്‌സുമാരെ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഒഴിവാക്കുന്നു. വിവാദങ്ങൾ മനസ്സിലാക്കിയാണ് കുവൈത്ത് സർക്കാരിന്റെ തീരുമാനം. എന്നാൽ കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ഉതുപ്പ് വർഗ്ഗീസ് തന്നെ നേരിട്ട് നടത്തുന്നുണ്ട്. റിക്രൂട്ട്‌മെന്റെ തട്ടിപ്പ് കേസിലെ പ്രതി ഇപ്പോഴും കുവൈത്തിൽ സജീവമാണ്. ഇയാളെ അറസ്റ്റ് ചെയ്യാൻ സിബിഐയോ പൊലീസോ ഒരു നടപടിയും നടത്തിയിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ ഉതുുപ്പ് വർഗ്ഗീസ് വഴി കുവൈത്തിലെത്തിയ ഇരുനൂറോളം നഴ്‌സുമാരാണ് പെരുവഴിയിലായത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കുകളിൽ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുകയാണ് അവർ. അൽസറഫക്ക് 20-25 ലക്ഷം രൂപ കമ്മിഷൻ നൽകിയവരാണു തട്ടിപ്പിനിരയായത്. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ചർച്ചകൾ നടക്കുകയാണെന്നും എത്രയും വേഗം ജോലി തരപ്പെടുത്താമെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് ഉതുപ്പ് വർഗീസ് നഴ്‌സുമാർക്ക് കത്തിലൂടെ വാഗ്ദാനം നൽകിയിട്ടുണ്ട്.

ജോലി തരപ്പെടുത്തുന്നതുവരെ താൻ കുവൈത്തിലുണ്ടാകുമെന്നും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു നാട്ടിൽ കുപ്രചരണങ്ങളാണ് നടക്കുന്നതെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും കത്തിൽ പറയുന്നു. ആരോഗ്യമന്ത്രാലയത്തിൽ ജോലി ലഭിക്കുന്നതുവരെ അൽ സറഫയുടെ ലേബർ ക്യാമ്പുകളിൽ കഴിയാമെന്നും ഉതുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹോം കെയർ ജോലി, സാമൂഹികക്ഷേമ വകുപ്പിനുകീഴിലുള്ള അസി. നഴ്‌സിങ് ജോലി തുടങ്ങിയ മേഖലകളിലാണ് നഴ്‌സുമാർ നിലവിൽ ജോലി ചെയ്യുന്നത്. ജോലി ലഭിക്കാത്തവരോടു പരാതി നൽകരുതെന്ന് ഭീക്ഷണിപ്പെടുത്തുന്നതായും കുവൈത്തിലെ നഴ്‌സുമാർ പറയുന്നു. ഇതിനെല്ലാം ഉതുപ്പിനായി ഏജന്റുമാരും ഉണ്ട്.

2010ൽ ലിബിയയിലേക്ക് നടത്തിയ റിക്രൂട്ട്‌മെന്റിലും അൽസറഫ സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയിരുന്നു. തട്ടിപ്പിനിരയായി 50 പേരാണു ജോലി ലഭിക്കാത്തതിനെ തുടർന്നു ലിബിയയിൽ ഒരു വർഷത്തോളം കഷ്ടപ്പെട്ടത്. അതിനെതിരേ സർക്കാരിൽ പരാതി നൽകിയിട്ടും അന്നു നടപടി എടുത്തിരുന്നില്ല. വിദേശ ആരോഗ്യ മന്ത്രാലയങ്ങളിൽ വൻ സ്വാധീനമുള്ള ഉതുപ്പിനെതിരേ നിലവിൽ പരാതി നൽകാനാകാത്ത അവസ്ഥയാണെന്നും നഴ്‌സുമാർ പറയുന്നു. റിക്രൂട്ട്‌മെന്റ് വേളയിൽ നൽകിയ 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകളൊന്നും നൽകാത്തതാണ് ഇവരെ വെട്ടിലാക്കുന്നത്. പരാതി നൽകിയാൽ പണം നഷ്ടമാകുമെന്ന ഭയത്തിലാണ് ഈ നേഴ്‌സുമാർ. ദിവസത്തിൽ 12 മണിക്കൂറാണ് ജോലി സമയമെങ്കിലും 24 മണിക്കൂറും എപ്പോൾ വിളിച്ചാലും ജോലിക്ക് എത്തേണ്ടിവരുമെന്ന് നഴ്‌സുമാർ പറയുന്നു.

മാസത്തിൽ 28 മുതൽ 30 ദിവസം വരെ തുടർച്ചയായി കുവൈത്തിലെ പല ആശുപത്രികളിൽ മാറി മാറി ജോലി ചെയ്യേണ്ട സാഹചര്യമാണ്. പലയിടത്തും താമസ സൗകര്യങ്ങൾ പോലും തികച്ചും ശോചനീയമാണ്. സ്വകാര്യ ക്ലിനിക്കുകളിൽ 15 വരെ രോഗികളെ ഒരു നഴ്‌സ് തന്നെ പരിചരിക്കേണ്ട സാഹചര്യമാണ്.