ദുബായി: ഇന്ത്യയിലെത്തിയാൽ അഴിക്കുള്ളിൽ കിടക്കേണ്ടി വരുമെന്ന് ഉറപ്പുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ് പ്രതി ഉതുപ്പു വർഗീസിന്റെ തന്ത്രങ്ങളെല്ലാം പാളുന്നു. ഉതുപ്പുവർഗീസിനായി സിബിഐ വലവിരിച്ചതോടെ ഇയാളെ യുഎഇയിൽ നിന്നും നാടുകടത്തും. ഇന്റർപോൾ വഴിയുള്ള കുറ്റവാളികളുടെ കൈമാറ്റത്തിന് കാലതാമസമുണ്ടാകുമെന്നതിനിലാണ് സിബിഐയുടെ പുതിയ നീക്കം. അബുദാബിയിലെത്തിയ ഉതുപ്പിനെ ദിവസങ്ങൾക്ക് മുൻപ് ഇന്റർപോൾ തടഞ്ഞുവച്ചിരുന്നു.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വഴി 506 കോടി രൂപ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയ ഉതുപ്പ് വർഗീസിനെ എത്രയും വേഗം രാജ്യത്തെത്തിക്കാനുള്ള നീക്കമാണ് കേന്ദ്ര ഏജൻസി നടത്തുന്നത്. ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കുറ്റവാളികളെ കൈമാറുന്ന നടപടികളിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു നീക്കം.

എന്നാൽ ഇതിന് മാസങ്ങളുടെ കാലതാമസുണ്ടായേക്കാമെന്നാണ് കണക്കുകൂട്ടൽ. അബുദാബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് പ്രതിക്കെതിരായ തെളിവുകൾ ഇന്റർപോൾ യുഎഇ സർക്കാരിനെയും ബോധ്യപ്പെടുത്തണം. രേഖകളെല്ലാം അറബിയിലാക്കണം. ഈ കാലതാമസം പരിഗണിച്ചതാണ് അനൗദ്യോഗിക നീക്കങ്ങളിലൂടെ ഉതുപ്പിനെ നാടുകടത്താനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്.

യുഎഇ സർക്കാരുമായി സിബിഐ ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടത്തക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ ഉതുപ്പിനെ അവിടെ നാടുകടത്തി കൊച്ചിയിലെത്തിക്കും. വിമാനത്താവളത്തിൽവച്ച് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് ആലോചന. കുവൈറ്റിൽ ഒളിവിൽക്കഴിഞ്ഞിരുന്ന ഉതുപ്പ് വർഗീസിനെ ഭാര്യയെ കാണാൻ അബുദാബിയിൽ എത്തിയപ്പോഴാണ് ഇന്റർപോൾ തടഞ്ഞുവച്ചത്.