പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ രാഷ്ട്രീയ നിരീക്ഷകർ ഏറ്റവും ശ്രദ്ധ പുലർത്തിയ മണ്ഡലങ്ങളിലൊന്നായ പനജിയിൽ പൊരുതിത്തോറ്റ് മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ.

1994 മുതൽ ബിജെപിയുടെ ഉരുക്കുകോട്ടയും മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മണ്ഡലവുമായിരുന്ന പനജിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഉത്പൽ പരീക്കർ മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥി അതനാസിയോ ബാബുഷ് മൊൺസെരാറ്റയോട് 716 വോട്ടിനാണ് ഉത്പൽ പരീക്കർ പരാജയപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി എൽവിസ് ഗോമസ് മൂന്നാം സ്ഥാനത്തായി.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പനജി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ട് പ്രവർത്തിച്ച ഉത്പലിനെ ഒഴിവാക്കിയാണ് ബിജെപി നേതൃത്വം അതനാസിയോ ബാബുഷ് മൊൺസെരാറ്റയെ സ്ഥാനാർത്ഥിയാക്കിയത്. മുൻ മുഖ്യമന്ത്രി പരീക്കറിന്റെ മകനാണ് എന്നത് സീറ്റ് ലഭിക്കുന്നതിന് യോഗ്യതയല്ലെന്ന് സംസ്ഥാനത്തെ ബിജെപിയുടെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവന ഉത്പലിനെ കൂടുതൽ ചൊടിപ്പിച്ചു.

പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ വരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രതികരിച്ചാണ് ഉത്പൽ ബിജെപി നേതൃത്വത്തെ തന്റെ അമർഷം അറിയിച്ചത്. പിന്നാലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുകയായിരുന്നു.

ഉത്പൽ പരീക്കറും എതിരാളി അതനാസിയോയും മനോഹർ പരീക്കർ ചെയ്ത കാര്യങ്ങൾ എടുത്തുപറഞ്ഞാണ് വോട്ടുചോദിച്ചത്. ഇതോടെ പ്രചാരണകാലയളവിലുടനീളം അദ്ദേഹത്തിന്റെ പേര് മുഴങ്ങിക്കേട്ടു. പനജി ഉൾപ്പെടുന്ന തിസ്വാഡി താലൂക്കിലെ അഞ്ച് സീറ്റുകളിലും സ്വാധീനമുള്ള നേതാവായ അതനാസിയോയെ തഴഞ്ഞാൽ താലൂക്കിലെ അഞ്ചിടങ്ങളിലും തിരിച്ചടിയുണ്ടാകുമെന്നത് ബിജെപിയെ ആശങ്കയിലാക്കി.

പരീക്കറിന്റെ മരണത്തോടെ പ്രതിസന്ധിയിലായ സർക്കാരിനെ, 10 കോൺഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിൽ എത്തിച്ച് ഭരണം നിലനിർത്താൻ സഹായിച്ച അതനാസിയോയെ അവഗണിക്കാൻ നേതൃത്വത്തിനാവുമായിരുന്നില്ല. ഒടുവിൽ, അതനാസിയോയ്ക്കു വേണ്ടി ഉത്പലിനെ ഒഴിവാക്കാൻ ബിജെപി തയാറായി.

അതനാസിയോയെ ബിജെപി സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പുണ്ടായിരുന്ന ആർഎസ്എസ്, ബിജെപി ക്യാംപിൽ ഒരു വിഭാഗം ഉത്പലിനെ പിന്തുണച്ചിരുന്നു. ബിജെപിയുടെ ഗോവയിലെ പ്രധാന മുഖമായിരുന്ന പരീക്കറിന്റെ മകനെ അവഗണിച്ചുവെന്ന സന്ദേശം സംസ്ഥാനതലത്തിൽ ദോഷം ചെയ്‌തേക്കുമെന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ടായിരുന്നു. എന്നാൽ ഉത്പലിനെ ഒഴിവാക്കി ബിജെപി നടത്തിയ നീക്കം ഒടുവിൽ വിജയംകണ്ടു.

സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന നിലയിൽ മികച്ച പോരാട്ടമാണ് നടത്തിയതെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഉത്പൽ പരീക്കർ പ്രതികരിച്ചു. 'ജനങ്ങളോട് നന്ദി അറിയിക്കുന്നു. പോരാട്ടത്തിൽ തൃപ്തനാണെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിൽ നിരാശയുണ്ടെന്നും ഉത്പൽ പരീക്കർ പറഞ്ഞു.

പനജിയിൽനിന്ന് മനോഹർ പരീക്കർ അഞ്ചു വട്ടം നിയമസഭയിലെത്തിയിട്ടുണ്ട്. 2019ലാണ് അദ്ദേഹം അന്തരിച്ചത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അതനാസിയോ ബാബുഷ് മൊൻസരാറ്റെ വിജയിച്ചെങ്കിലും പിന്നീട് ബിജെപിയിലേക്കു മാറുകയായിരുന്നു.