- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി; ബിജെപിക്ക് വൻ വിജയം
ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ഉത്തർപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. 75 ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി നൽകി ബിജെപി ചരിത്ര വിജയം നേടി. എന്നാൽ ബിജെപി ഭരണ സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
ബിജെപി 65 ജില്ലാ പഞ്ചായത്ത് ചെയർമാൻ സീറ്റുകൾ നേടിയപ്പോൾ പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടി ആറിൽ ഒതുങ്ങി. മറ്റുള്ളവർ നാല് സീറ്റുകൾ പിടിച്ചപ്പോൾ കോൺഗ്രസിന് സീറ്റൊന്നും നേടാനായില്ല.
75-ൽ 22 ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബിജെപി ചെയർമാന്മാരും ഒരു എസ്പി ചെയർമാനുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺമാരെ കണ്ടെത്തുന്നതിനായി ശനിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
നാല് ഘട്ടങ്ങളിലായി നടന്ന ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസമാണ് സമാപിച്ചത്. ഇതിൽ ബിജെപിയും എസ്പിയും ഒപ്പത്തിനൊപ്പമായിരുന്നു. 2016-ൽ നടന്ന ജില്ലാ പഞ്ചായത്ത് ചെയർമാൻ പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്പി 60 സീറ്റുകൾ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരെ വോട്ടിലൂടെ തിരഞ്ഞെടുക്കുന്നത്. പ്രത്യേക പാർട്ടി അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പെങ്കിലും വിവിധ പാർട്ടികളിൽ നിന്നുള്ള പിന്തുണ ചെയർപേഴ്സൺ സ്ഥാനാർത്ഥികൾക്ക് ലഭിക്കും.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിനാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്