ഹിന്ദി ഹൃദയഭൂമിയുടെ ഭരണം ആർക്കാകും? ഏഴ് ഘട്ടങ്ങളിലായി നടന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം 11-ന് പ്രഖ്യാപിക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനഹിത പരിശോധന കൂടിയാകും ഈ ഫലങ്ങൾ. നോട്ട് അസാധുവാക്കലുൾപ്പെടെ നിർണായക കാര്യങ്ങൾ സ്വാധീനം ചെലുത്തിയ തിരഞ്ഞെടുപ്പിൽ ആർക്കാകും ഭൂരിപക്ഷമെന്ന കണക്കുകൂട്ടലിലാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ.

ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും ഇതേ സമയത്ത് തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും എല്ലാ കണ്ണുകളും യു.പിയിലേക്കാണ്. യുപിയിലെ സീറ്റുനേട്ടം ബിജെപിയുടെ രാജ്യസഭാ ശക്തിയെ നിർണയിക്കുമെന്നതിനാൽ, ബിജെപിക്കും ഇതിനപ്പുറം വലിയ തിരഞ്ഞെടുപ്പില്ല. 404 അംഗ നിയമസഭയിൽ ആർക്കും തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്ന പ്രതീക്ഷയിലാണ് നിരീക്ഷകർ.

കേവല ഭൂരിപക്ഷം തനിച്ച് നേടാനായില്ലെങ്കിലും സംസ്ഥാനത്ത് ബിജെപി വലിയ വിജയം നേടുമെന്നാണ് എല്ലാവരും പ്രവചിക്കുന്നത്. 170 സീറ്റുവരെ ബിജെപിക്ക് പ്രവചിക്കപ്പെടുന്നു. അച്ഛൻ മുലായവുമായി തെറ്റിയതോടെ അൽപം ദുർബലനായെങ്കിലും കോൺഗ്രസ്സുമായി സഖ്യം ചേർന്ന സമാജ്‌വാദി പാർട്ടി 130 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തും. മായാവതിയുടെ ബി.എസ്‌പിക്ക് പരമാവധി 90 സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്.

രാഷ്ട്രീയ നിരീക്ഷകനായ മനിഷ പ്രിയത്തിന്റെ കണക്കുകൂട്ടലനുസരിച്ച് യുപിയിലെ സീറ്റുനില ഇങ്ങനെയാകും. ബിജെപി 170 മുതൽ 180 വരെ. എസ്‌പി.-കോൺഗ്രസ് സഖ്യം 100 മുതൽ 110 വരെ. ബി.എസ്‌പി. 90 മുതൽ 100 വരെ. ആർ.എൽ.ഡി 20 മുതൽ 30 വരെ. മറ്റു തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ കണക്കുകൂട്ടലിലും ഇതിലും വലിയ നേട്ടം ആർക്കുമുണ്ടാക്കാനായിട്ടില്ല.

തൂക്കുമന്ത്രിസഭ വന്നാൽ യു.പി. ആരുഭരിക്കും എന്നതാണ് ഇനിയുള്ള നാളുകളിൽ കാണാനുള്ളത്. രാഷ്ട്രീയ ലോക്ദൾ നേടുന്ന സീറ്റുകളാവും ഇക്കാര്യത്തിൽ നിർണായകമാവുക. ബിജെപിയും മായാവതിയും ഒന്നിക്കുമോ എന്ന് സന്ദേഹിക്കുന്നവർ പോലുമുണ്ട്. മുഖ്യശത്രുക്കളായ എസ്‌പിയെ വീഴ്‌ത്താൻ കിട്ടുന്ന അവസരമെന്ന നിലയ്ക്ക് അത്തരമൊരു കൂട്ടുകെട്ടിന് മായാവതി മുതിർന്നാലും അതിശയിക്കാനില്ല.

ആം ആദ്മി പാർട്ടിയുടെ നിലനിൽപ്പിനും ഈ തിരഞ്ഞെടുപ്പ് വലിയ പങ്കുവഹിക്കും. ഡൽഹിയിൽ വമ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ അരവിന്ദ് കെജരീവാളിനും സംഘത്തിനും എഎപിയെ ദേശീയ തലത്തിൽ വ്യാപിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്. പഞ്ചാബിലെയും ഗോവയിലേയും തിരഞ്ഞെടുപ്പ് ഫലങ്ങളെ എഎപി ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പഞ്ചാബിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും എഎപി അധികാരത്തിലേറുമെന്നും പ്രതീക്ഷിക്കുന്നവർ പോലുമുണ്ട്.