- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ കുടുംബങ്ങൾക്കും അനുവദിച്ചത് അഞ്ച് യൂണിറ്റ് റേഷൻ; കുടുംബത്തിൽ പത്ത് പേരുണ്ടായിരുന്നെങ്കിൽ 50 കിലോ റേഷൻ കിട്ടിയേനെ; രണ്ട് കുട്ടികൾക്ക് പകരം 20 കുട്ടികളെ ജനിപ്പിച്ചിരുന്നെങ്കിൽ റേഷൻ ഇരട്ടിയായേനെ; ദരിദ്ര കുടുംബങ്ങളിലെ റേഷൻ വിതരണത്തിൽ നിന്ദ്യമായ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂൺ: കോവിഡ് ലോക്ഡൗൺ കാലത്ത് ദരിദ്ര കുടുംബങ്ങൾക്ക് അനുവദിച്ച റേഷൻ തികഞ്ഞില്ലെന്ന ആരോപണത്തിൽ വിചിത്രമായ വാദഗതികളുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. ദരിദ്ര കുടുംബങ്ങളിൽ കൂടുതൽ മക്കളുണ്ടായിരുന്നെങ്കിൽ കൂടുതൽ റേഷൻ കിട്ടുമായിരുന്നുവെന്നായിരുന്നുവെന്ന നിന്ദ്യമായ പരാമർശമാണ് തിരത് സിങ് നടത്തിയത്.
'എല്ലാ കുടുംബങ്ങൾക്കും അഞ്ച് യൂണിറ്റ് റേഷൻ വീതമാണ് അനുവദിച്ചത്. ഓരോ കുടുംബങ്ങളിലും പത്ത് പേരുണ്ടായിരുന്നെങ്കിൽ 50 കിലോ റേഷൻ കിട്ടിയേനെ. എണ്ണം 20 ആയിരുന്നെങ്കിൽ ഒരു ക്വിന്റൽ റേഷൻ കിട്ടിയേനെ. രണ്ട് കുട്ടികൾക്ക് പകരം ഓരോ കുടുംബങ്ങളും 20 കുട്ടികളെ ജനിപ്പിച്ചിരുന്നെങ്കിൽ റേഷൻ ഇരട്ടിയായേനെ', റാവത്ത് പരിഹസിച്ചു.
ഇതാദ്യമായല്ല ഇത്തരം വിവാദപ്രസ്താവനകൾ തിരത് സിങ് നടത്തുന്നത്. 200 വർഷം ഇന്ത്യയെ അടക്കി ഭരിച്ചവരാണ് അമേരിക്കയെന്ന് ഉദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.
അമേരിക്ക ഇന്ത്യയെ 200 വർഷത്തോളം അടിമയാക്കി ഭരിക്കുകയും മറ്റ് ലോകരാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ഇന്ത്യയിലേയും അമേരിക്കയിലേയും കോവിഡ് വ്യാപനത്തെപ്പറ്റി സംസാരിക്കവെയാണ് റാവത്തിന്റെ വിവാദ പ്രസ്താവന.
'കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ഇന്ത്യ മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. ഇന്ത്യയെ ഇരുന്നൂറ് വർഷത്തോളം അടക്കിഭരിച്ച അമേരിക്ക കോവിഡ് നിയന്ത്രിക്കാനാകാതെ കഷ്ടപ്പെടുകയാണ്', എന്നായിരുന്നു റാവത്ത് പറഞ്ഞത്.
റിപ്പ്ഡ് ജീൻസ് ധരിക്കുന്ന സ്ത്രീകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന തിരതിന്റെ പരാമർശവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്നത്തെ യുവജനങ്ങൾക്ക് മൂല്യങ്ങൾ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുട്ട് വരെ കീറിയ ജീൻസ് ഇടുമ്പോൾ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെൻഡുകൾ പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൻ.ജി.ഒ നടത്തുന്ന സ്ത്രീ റിപ്പ്ഡ് ജീൻസ് ധരിച്ചത് കണ്ട് താൻ ഞെട്ടിയെന്നും ഇത്തരക്കാർ സമൂഹത്തിന് നൽകുന്ന മാതൃകയിൽ തനിക്ക് ആശങ്കയുണ്ടെന്നും തിരത് പറഞ്ഞിരുന്നു.മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നത്.
സമൂഹത്തെയും രാജ്യത്തെയും നിർമ്മിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ വലുതാണെന്നും രാജ്യത്തിന്റെ സംസ്‌കാരം, തനിമ, വസ്ത്രധാരണം എന്നിവ നിലനിർത്തുന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ് എന്നാണ് തിരത് സിങ് പറഞ്ഞതെന്നായിരുന്നു ഭാര്യ രശ്മി ത്യാഗി പറഞ്ഞത്.
വിവാദങ്ങൾ രൂക്ഷമായതിനെത്തുടർന്ന് തന്റെ പരാമർശത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് തിരത് സിങ് രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് റാവത്ത് പറഞ്ഞിരുന്നു. എന്നാൽ താൻ നടത്തിയ പരാമർശത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു. ജീൻസ് ധരിക്കുന്നതിനോട് തനിക്ക് വിയോജിപ്പുകളൊന്നുമില്ലെന്നും എന്നാൽ കീറിയ ജീൻസ് ധരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നുമായിരുന്നു റാവത്ത് പറഞ്ഞത്.
ന്യൂസ് ഡെസ്ക്