ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 24 കടന്നതായി അനൗദ്യോഗിക റിപ്പോർട്ട്. 16 പേരുടെ മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം സംഭവിച്ചത് 11 മരണങ്ങളാണെന്ന് മുഖ്യമന്ത്രി പുഷകർ സിങ് ധാമി വ്യക്തമാക്കി.

ഇനിയും നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തകർ അവരുടെ ദൗത്യം തുടരുകയാണ്. പാലങ്ങളും വീടുകളും പലയിടങ്ങളിലും പൂർണമായി തകർന്ന് കിടക്കുകയാണ്. നൈനിറ്റാളിലും ഗർവാളിലുമായി രണ്ട് സൈനിക ഹെലികോപ്റ്ററുകൾ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ നിലിവലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയത്തെ തുടർന്ന് കർഷകർക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ കണക്കുകൾ എടുത്തുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ ക്ഷമയോടെ ഇരിക്കണമെന്നും സർക്കാരിന് സാധ്യമായ എല്ലാ കാര്യങ്ങളും ദ്രുതഗതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പ്രതികരിച്ചു.

മേഘവിസ്‌ഫോടനത്തെ തുടർന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളിൽ നൂറിലേറെ പേര് കുടുങ്ങി കിടക്കുകയാണ്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് മേഘ വിസ്‌ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോയി.

നൈനിറ്റാൾ നദി കരവിഞ്ഞൊഴുകയുകയാണ്. ചുറ്റും വെള്ളം നിറഞ്ഞതിനെ തുടർന്ന് നൈനിറ്റാളിലെ വിവിധ ഹോട്ടലുകളിലായി നൂറിലേറെ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ബദരീനാഥ് ദേശീയ പാതയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന കാർ മലയിടിച്ചിൽ പെട്ടു. ബോർഡർ റോഡ് ഓർഗനൈസേഷൻ യാത്രക്കാരെ പിന്നീട് സാഹസികമായി രക്ഷപ്പെടുത്തി.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സർക്കാർ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടർന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീർത്ഥാടകർ ബദരീനാഥ് ക്ഷേത്രത്തിൽ കുടുങ്ങിയിരിക്കുകയാണ്. നന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കക്കിടയാക്കുന്നു.

അതിശക്തമായ മഴ തുടരുന്നത് മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. സാഹചര്യം എന്തുതന്നെയായാലും അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷിക്കും. കാലാവസ്ഥ സാധാരണഗതിയിലാകുന്നത് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാനക് സാഗർ അണക്കെട്ടിന്റെ എല്ലാ ഗേറ്റുകളും തുറന്നിരിക്കുന്നതിനാൽ നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം. ചൊവ്വാഴ്ച മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതെന്നും പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി.