ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ പുറത്താക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിനു തിരിച്ചടി. രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി.

വിജ്ഞാപനം അനുവദിച്ചാൽ എല്ലാ സംസ്ഥാനത്തും കേന്ദ്രം രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്നു കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി ഹരീഷ് റാവത്ത് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തിൽ ഗവർണറുടെ ഇരട്ടത്താപ്പിനേയും കോടതി രൂക്ഷമായി വിമർശിച്ചു. ഏപ്രിൽ 29ന് വിശ്വാസ വോട്ടെടുപ്പ് നടത്താനും ഹൈക്കോടതി നിർദേശിച്ചു.

ഉത്തരാഖണ്ഡിൽ 356ാം വകുപ്പ് പ്രയോഗിച്ചത് സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വിലയിരുത്തി. മാർച്ച് 27നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ട സാഹര്യം ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ചാണ് ഉത്തരവിറക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭരണത്തിലിരിക്കുന്ന കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തി. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ വസതിക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ തടിച്ചു കൂടി. നിയമത്തേയും സത്യത്തേയും മുറുകെ പിടിച്ച ജുഡീഷ്യൽ സംവിധാനത്തെ സല്യൂട്ട് ചെയ്യുന്നതായി കോൺഗ്രസ് പ്രതികരിച്ചു.

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിരവധി തവണ കേന്ദ്രത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിരിച്ചിരുന്നു. രാഷ്ട്രപതി ഭരണം റദ്ദാക്കിയതോടെ വളരെ കാലങ്ങളായുള്ള രാഷ്ട്രീയ പ്രതിസന്ധിക്കാണ് അന്ത്യമാകുന്നത്. ഹൈക്കോടതിയുടെ നടപടി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ വിജയമാണെന്നാണു വിദഗ്ദ്ധർ വിലയിരുത്തുന്നത്.

നിയമസഭ ചേർന്നു ഹരീഷ് റാവത്ത് സർക്കാർ വിശ്വാസവോട്ടു തേടാനിരിക്കേയാണു തലേന്നു രാത്രി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. രാത്രി വളരെ വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചുകൂട്ടുകയും രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുകയുമായിരുന്നു. നരേന്ദ്ര മോദി സർക്കാർ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം രാഷ്ട്രപതിഭരണം കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അരുണാചൽപ്രദേശിൽ കോൺഗ്രസ് മന്ത്രിസഭയെ പുറത്താക്കി പിന്നീടു ബിജെപി തന്നെ സർക്കാരുണ്ടാക്കി.

നാളെ രാഷ്ട്രപതി ഭരണം മാറ്റണമെന്നും സർക്കാരുണ്ടാക്കാൻ തയാറാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് നീതി വ്യവസ്ഥയ്ക്ക് നേരെയുള്ള പരിഹാസ്യമാകില്ലയെന്നു ചോദിച്ച കോടതി, കേന്ദ്ര സർക്കാർ സ്വകാര്യ പാർട്ടിയാണോ എന്നും ഇന്നു നടന്ന വാദത്തിനിടെ ചോദിച്ചിരുന്നു. ഒരാഴ്ചത്തേക്ക് രാഷ്ട്രപതി ഭരണം പിൻവലിക്കില്ല എന്ന ഉറപ്പ് നൽകാൻ എന്തുകൊണ്ട് കേന്ദ്രത്തിന് സാധിക്കുന്നില്ല. കേന്ദ്രത്തിന്റെ ഇത്തരം പ്രവൃത്തികൊണ്ട് ദേഷ്യത്തേക്കാൾ വേദനയാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും പദ്ധതിയാണ് പൊളിഞ്ഞത് എന്നും നിരീക്ഷണമുണ്ട്. രാഷ്ട്രപതിക്കു പോലും തെറ്റുപറ്റാമെന്നും അതുകൊണ്ട് ഉത്തരാഖണ്ഡ് നിയമസഭ സസ്‌പെൻഡ് ചെയ്യാനുള്ള രാഷ്ട്രപതിയുടെ തീരുമാനം പോലും ജുഡീഷ്യൽ വിലയിരുത്തലിനു വിധേയമാക്കാമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.