കൊച്ചി: തിരക്കേറിയ ജീവിതത്തിനിടെ കുക്കിങ്ങിനൊക്കെ എവിടെ സമയം കിട്ടാൻ? വിശന്നാൽ പഴയ പോലെ ഹോട്ടലുകളിൽ നേരിട്ട് വിളിച്ച് പറയണമെന്നില്ല. ഊബർ ഈറ്റ്‌സ് പോലെയുള്ള സംവിധാനങ്ങളുണ്ട്. ഏതുനേരത്തും ആശ്രയിക്കാം. എന്നാൽ, ഡെലിവറി ബോയ്‌സ് പലതരക്കാരാണ്. അവരെ കണ്ണടച്ചങ്ങ് വിശ്വസിക്കേണ്ട എന്നാണ് ചിലരുടെ അനുഭവങ്ങൾ പഠിപ്പിക്കുന്നത്. കൊച്ചി സ്വദേശി ഐടി പ്രൊഫഷണലായ പ്രിയ എന്ന യുവതി അത്യാവശ്യത്തിന് ഫുഡ് ഓഡർ ചെയ്തപ്പോഴാണ് ദുരനുഭവമുണ്ടായത്. ഡെലിവറി ബോയിയോട് ഫുഡിന്റെ ടോട്ടൽ റേറ്റ് ചോദിച്ചപ്പോൾ, ഫോൺ എടുത്ത് കാണിച്ചത് തുണ്ട് വീഡിയോ പോസ് ചെയ്ത ഫോട്ടോ. പയ്യൻസിന്റെ പെരുമാറ്റത്തിലും നോട്ടത്തിലും പന്തികേട് തോന്നിയ പ്രിയ ഒരുവിധത്തിലാണ് ആളെ പറഞ്ഞുവിട്ടത്. ഏതായാലും, ഊബർ ഈറ്റ്‌സിൽ പരാതി പറഞ്ഞപ്പോൾ ഡെലിവെറി ബോയിയെ സസ്‌പെൻഡ് ചെയ്തതായി അറിയിപ്പ് കിട്ടി. അതാണ് പ്രിയയ്ക്ക ഒരുആശ്വാസം.

ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്:

ഇന്ന്( 2/11/2018) ഒരു 3.45pm ന് Ubereats ഇൽ ഫുഡ് ഓഡർ ചെയ്തപ്പോൾ ഡെലിവറി ചെയ്യാൻ വന്നവനോട് എത്രയായി ടോട്ടൽ റേറ്റ് എന്ന് ചോദിച്ചപ്പോൾ ഫോൺ എടുത്ത് കാണിക്കുന്നത് ഒരു തുണ്ട് വീഡിയോ പോസ് ചെയ്ത ഫോട്ടോ, പെട്ടെന്ന് എന്ത് പ്രതികരിക്കണമെന്നറിയാതെ നിന്ന് പോയി ഞാൻ. പാതി ഡോർ തുറന്ന് ഫ്‌ളാറ്റിനുള്ളിൽ നിന്നിരുന്ന ഞാൻ ഡോർ ക്ലോസ് ചെയ്ത് പുറത്തേക്കിറങ്ങി നിന്നു. പെട്ടെന്ന് തന്നെ അവനത് മാറ്റി ubereats app എടുത്ത് എമൗണ്ട് കാണിച്ചു. എന്റെ കയ്യിൽ 500 രൂപയേ ഉണ്ടായിരുന്നുള്ളൂ ചേഞ്ച് ഇല്ല, അവന്റെ കയ്യിലും ബാക്കി തരാൻ ഇല്ല, googlepay ഉപയോഗിച്ച് പേർ ചെയ്യാൻ ശ്രമിച്ച് നോക്കി സെർവർ ഡൗൺ. അപ്പോഴൊക്കെയുമുള്ള അവന്റെ നോട്ടത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ആദ്യം കാണിച്ചത് അബദ്ധം പറ്റിയതല്ലെന്ന് എനിക്ക് ബോധ്യമായിരുന്നു. അപ്പോഴേക്കും അവൻ അല്പം കഴിഞ്ഞ് ചെയ്താൽമതി ഞാൻ വെയിറ്റ് ചെയ്യാം, ബിസി അല്ലല്ലോ എന്ന് പറഞ്ഞ് എന്റൊപ്പം ഫ്‌ളാറ്റിലേക്ക് കയറാൻ ശ്രമിച്ചു. പുറത്ത് വെയിറ്റ് ചെയ്താൽ മതിയെന്നും പറഞ്ഞ് ഞാൻ ഡോർ പെട്ടെന്നടച്ചു. ഫ്‌ളാറ്റിൽ ആണെങ്കിൽ ഞാൻ ഒറ്റയ്ക്ക്. അവനൊരു ആജാനുഭാഹു പയ്യൻ. എന്ത് ചെയ്യണമെന്നറിയാതെ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.

അപ്പോഴേക്കും അവൻ വീണ്ടും തുരുതുരാ ബെൽ അടിച്ചുകൊണ്ടിരുന്നു. രണ്ടും കല്പിച്ച് ഡ്രെസ്സ് മാറി ഞാൻ ഡോർ തുറന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഡോർ ലോക്ക് ചെയ്തു. പുറത്തെവിടെയെങ്കിലും പോയി ചേഞ്ച് ആക്കാം എന്ന് പറഞ്ഞ് ഇറങ്ങി. ലിഫ്റ്റിനടുത്തെത്തിയപ്പോൾ ലിഫ്റ്റ് കയറാൻ പേടി :( . ലിഫ്റ്റ് തുറന്നപ്പോഴേക്കും എന്തോ ഭാഗ്യത്തിന് അതിനകത്തൊരാൾ ഉണ്ടായിരുന്നു. അയാളുടെ കയ്യിൽ നിന്നും ചേഞ്ച് ചോദിച്ച് വാങ്ങി കൊടുത്തുവിട്ടു. ഒരു സോറി പോലും പറയാതെ, യാതൊരു ജാള്യതയുമില്ലാതെ അവൻ ഇറങ്ങിപ്പോയി. അന്നേരത്തെ പേടിയിലും അങ്കലാപ്പിലും എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. Ubereats കമ്പ്‌ലേന്റ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ അയാളുടെ പേര് മാത്രമല്ലാതെ മറ്റ് വിവരങ്ങൾ കാണാൻ കഴിയുന്നില്ല.അവനെ സസ്‌പെന്റ് ചെയ്തതായിട്ട് മെയിൽ വന്നിട്ടുണ്ട്. അതിന്റെ സ്‌ക്രീൻ ഷോട്ടും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.