ബർലിൻ: യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തിൽ യു.കെയിൽ നടത്തപ്പെടുന്ന രണ്ടാമത് വള്ളംകളിയും കാർണിവലുമായ 'കേരളാ പൂരം 2018'ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര ടൂറിസം മന്ത്രി . അൽഫോൻസ് കണ്ണന്താനം. ജർമ്മനിയിലെ ബർലിനിലെത്തി കേന്ദ്രമന്ത്രിയെ സന്ദർശിച്ച യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, എബ്രാഹം പൊന്നുംപുരയിടം എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ലോകത്തിയെ ഏറ്റവും വലിയ ടൂറിസം മേളയായ ഐടിബി ബർലിനിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകി എത്തിയതായിരുന്നു ശ്രീ. അൽഫോൻസ് കണ്ണന്താനം. യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടതനുസരിച്ചാണ് കൂടിക്കാഴ്‌ച്ചയ്ക്കുള്ള അനുമതി ലഭിച്ചത്. ഇതനുസരിച്ച് ജർമ്മനിയിലെത്തിയ യുക്മ നേതാക്കളെ മേള നടക്കുന്ന മെസ്സെ ബർലിനിലെ ഇന്ത്യാ ടൂറിസത്തിന്റെ 'ഇൻക്രഡിബിൾ ഇന്ത്യ' പവിലിയനിലാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. തുടർന്ന് അദ്ദേഹത്തിന് കഴിഞ്ഞ വർഷം നടന്ന വള്ളംകളിയുടേയും കാർണ്ണിവലിന്റെയും സമ്പൂർണ്ണ റിപ്പോർട്ട് യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് കൈമാറി. റിപ്പോർട്ട് വായിച്ച് വിലയിരുത്തിയതിനു ശേഷം ഇന്ത്യയുടേയും പ്രത്യേകിച്ച് കേരളത്തിന്റെയും സാംസ്കാരിക-കലാ-കായിക പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പരിപാടികൾ യൂറോപ്പിൽ ഏറ്റവും വിജയകരമായ രീതിയിൽ നടപ്പിലാക്കുന്നതിന് അദ്ദേഹം യുക്മയെ പ്രശംസിച്ചു.

തുടർന്ന് കേരളാ പൂരം 2018ൽ വിശിഷ്ടാതിത്ഥിയായി പങ്കെടുക്കുന്നതിന് ശ്രീ അൽഫോൻസ് കണ്ണന്താനത്തിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് യുക്മ പ്രസിഡണ്ട് നൽകി. ക്ഷണം സ്വീകരിച്ച അദ്ദേഹം തുടർനടപടിക്രമങ്ങൾക്ക് വേണ്ടി ഒപ്പമുണ്ടായിരുന്ന സെക്രട്ടറി പ്രശാന്ത് നായർ ഐ.എ.എസിന് റിപ്പോർട്ടും ക്ഷണക്കത്തും കൈമാറി. 'കേരളാ പൂരം 2018' ഒരു വൻവിജയമായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 'ഇൻക്രഡിബിൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുമുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം യുക്മ നേതാക്കളെ അറിയിച്ചു.

2018 ജൂൺ 30 ശനിയാഴ്‌ച്ച വള്ളംകളി മത്സരവും അനുബന്ധ പരിപാടികളും 'കേരളാ പൂരം 2018' എന്ന പേരിൽ നടത്തപ്പെടുമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. 2017 നവംബർ മാസം ലണ്ടനിലെ ടാജ് ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ 'കേരളാ പൂരം 2018' പരിപാടിയുടെ ലോഗോ കേരളാ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ് നു നൽകിയായിരുന്നു സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പ്രകാശനം ചെയ്തത്. കേരളാ ടൂറിസം ഡയറക്ടർ . പി. ബാലകിരൺ ഐ.എ.എസ്, കെടിഡിസി മാനേജിങ് ഡയറക്ടർ രാഹുൽ ആർ പിള്ളൈ എന്നിവരും ആ ചടങ്ങിൽ സന്നിഹിതനായിരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയ്‌ക്കൊപ്പം ഇന്ത്യാടൂറിസത്തിന്റെ പിന്തുണയും കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ഉറപ്പാക്കിയതോടെ ഈ വർഷത്തെ വള്ളംകളിയുടെ മാറ്റ് കൂടുമെന്ന് ഉറപ്പായി. യു.കെ കേന്ദ്രീകരിച്ച് ടൂറിസം ബിസ്സിനസ്സ് ചെയ്യുന്ന ഗോ വിത്ത് ഐ.പി.ആർ കമ്പനി ഡയറക്ടേഴ്സ് ആയ ബോബി ആന്റണി, ദിലീപ് മാത്യു എന്നിവരും യുക്മ നേതാക്കൾ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ സന്നിഹിതരായിരുന്നു.

2018 വള്ളംകളി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ടീമുകളുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഉടനെ ആരംഭിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മാമ്മൻ ഫിലിപ്പ്: 07885467034, റോജിമോൻ വർഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഇ-മെയിൽ: secretary@uukma.org