- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേക്കലിലെ 2004ലെ ബിഡ് സൗഹൃദം ഉറപ്പിച്ചു; ടൗൺ പ്ലാനിങ് ഓഫീസിൽ തിരിച്ചെത്തി അവധി അപേക്ഷ നൽകി; അനുമതി കിട്ടും മുമ്പുള്ള വെയിറ്റിങ് പിരീഡിൽ നജീബ് മുതലാളിക്ക് വേണ്ടി എടുത്തത് ഇരട്ടപ്പണി; എയർ ട്രാവൽ എന്റർപ്രൈസസിലെ പഴയ ജീവനക്കാരന് 2015ൽ കൺഫേർഡ് ഐഎഎസും; വിരമിക്കുന്ന യു.വി ജോസ് സർക്കാരിനോട് ചെയ്തതു കൊടുംചതി; രേഖകൾ മറുനാടന്
തിരുവനന്തപുരം: ഇന്ന് വിരമിക്കുന്ന ലൈഫ് മിഷൻ സിഇഒ യു.വി ജോസ് സർക്കാർ സർവീസിലിരിക്കെ തന്നെ സ്വകാര്യ സ്ഥാപനത്തിൽ വൈസ് പ്രസിഡന്റ് തസ്തികയിൽ ജോലി ചെയ്തതിന്റെ രേഖകൾ പുറത്ത്. ആ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി സർക്കാർ അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് വഴിവിട്ട സഹായങ്ങൾ ചെയ്തതിനും കൃത്രിമ രേഖകൾ ചമച്ചതിനുമുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാരിന് പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ല. യു.വി ജോസിന് ഐഎഎസ് ലഭിക്കുന്നതും ഇന്ന് ഐഎഎസ് ഉദ്യോഗസ്ഥനായി തന്നെ വിരമിക്കുന്നതും നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖകൾ.
തദ്ദേശസ്വയംഭരണ വകുപ്പിൽ ടൗൺ പ്ലാനറായിരുന്ന യു.വി ജോസിന് 2015 ലാണ് ഐഎഎസ് ലഭിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥന് ഐഎഎസ് നൽകാൻ തീരുമാനിക്കുമ്പോൾ അതിന് എട്ട് വർഷം മുമ്പ് മുതലുള്ള പ്രവർത്തനമികവ് പരിശോധിക്കേണ്ടതായുണ്ട്. എന്നാൽ ഈ കാലയളവിനുള്ളിലാണ് ജോസ് ഈ കൃത്രിമത്വങ്ങൾ നടത്തിയിരിക്കുന്നത് എന്നതാണ് വിരോധാഭാസം. 1997 ലാണ് ജോസ് ടൂറിസം വകുപ്പിൽ ഡെപ്യൂട്ടേഷനിൽ എത്തുന്നത്.
ഡെപ്യൂട്ടെഷൻ കാലാവധി പലതവണയായി 2008 വരെ ജോസിന് നീട്ടിക്കിട്ടിയിരുന്നു. ഓഫീസിന് അടുത്തുള്ള കെട്ടിടത്തിൽ എയർട്രാവൽ എന്റെർപ്രൈസസ് എന്ന ടൂറിസം സ്ഥാപനം നടത്തിയിരുന്ന ഇ.എം നജീബുമായി ചേർന്നാണ് യു.വി ജോസ് വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.
ബേക്കലിൽ തുടങ്ങിയ ഇടപെടൽ
ബേക്കൽ റിസോർട്ട്‌സ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന് വേണ്ടി റിസോർട്ടുകൾ നിർമ്മിക്കാൻ ബിഡ് നടത്താൻ ടൂറിസം വകുപ്പ് 2004 ൽ തീരുമാനിക്കുമ്പോൾ യു. വി ജോസ് ടൂറിസം വകുപ്പിൽ ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. അതെ വർഷം നവംബറിൽ ബിആർഡിസി ഗ്ലോബൽ ബിഡ് വിളിക്കുകയും ഡിസംബറിൽ ഇംഎം നജീബിന്റെ കമ്പനി ബിഡ് സമർപ്പിക്കുകയും ചെയ്തു. ബിഡ് ചെയ്ത ആറ് പ്രോപ്പർട്ടികളിൽ സീ ഫ്രണ്ടേജ് ഇല്ലാത്ത ഏറ്റവും വില കുറഞ്ഞ പ്രോപ്പർട്ടിയായിരുന്നു നജീബിന്റെ കമ്പനി ബിഡ് കൊടുത്തത്.
ആ പ്രോപ്പർട്ടിക്ക് മറ്റ് ആവശ്യക്കാരൊന്നും ഇല്ലാതിരുന്നതിനാൽ വെറും 36 ലക്ഷം രൂപയ്ക്കാണ് 45.04 ഏക്കർ സ്ഥലത്തിന്റെ ബിഡ് നടന്നതെന്ന് രേഖകൾ പറയുന്നു. 2005 ഡിസംബറിൽ ആ സ്ഥലത്തിന്റെ ലൈസൻസ് എഗ്രിമെന്റ് നടക്കുകയും 2006 ഡിസംബറിൽ സിആർഇസഡ് ക്ലിയറൻസ് വാങ്ങുകയും ചെയ്തു. എന്നാൽ അതിന് ശേഷം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ആദ്യത്തെ ബിഡിങ് റേറ്റിൽ തന്നെ ഈ സ്ഥലത്തിനും കടലിനും ഇടയ്ക്കുള്ള 13 ഏക്കർ കൂടി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിലും യു.വി ജോസിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുള്ളതിന് രേഖകളുണ്ട്.
2008 വരെ ഡെപ്യുട്ടേഷൻ കാലാവധിയുള്ള ജോസ് 2007 നവംബറിൽ തന്നെ ധൃതി പിടിച്ച് മാതൃവകുപ്പിലേയ്ക്ക് തിരിച്ചു പോകുകയും അഞ്ച് വർഷത്തെ വേതനരഹിത അവധിക്ക് അപേക്ഷിക്കുകയും ചെയ്തു. ജോസിനെ നിയമിക്കാൻ തസ്തിക നിലവിലില്ലെന്നും അതിനാൽ അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് ടൗൺ പ്ലാൻ ഓഫീസർ വകുപ്പ് സെക്രട്ടറിക്ക് 2008 ജനുവരി ഒന്നിന് ശുപാർശ നൽകിയതിനെ തുടർന്ന് ഏപ്രിൽ രണ്ടിന് അപേക്ഷ പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് അണ്ടർ സെക്രട്ടറി വിവി സുശീല ചീഫ് ടൗൺ പ്ലാനർക്ക് മറുപടി നൽകുന്നു.
മെയ് രണ്ടിനാണ് പുതുക്കിയ അപേക്ഷയും അനുബന്ധ രേഖകളും ചീഫ് ടൗൺ പ്ലാനർ വകുപ്പ് സെക്രട്ടറിക്ക് അയയ്ക്കുന്നത്. ഇതിനെ തുടർന്ന് മെയ് 24ന് യു.വി ജോസിന് വേതനരഹിത അവധി എടുക്കാനുള്ള അനുമതി വകുപ്പ് സെക്രട്ടറി നൽകി.
നജീബിന്റെ സ്ഥാപനത്തിൽ ജോലി
തുടർന്ന് ജൂൺ ഏഴിന് ഓഫീസിലെത്തി വേതനരഹിത അവധി എടുത്തെങ്കിലും അതിന് മുമ്പ് തന്നെ എയർ ട്രാവൽ എന്റെർപ്രൈസസ് ബേക്കലിൽ റിസോർട്ട് നിർമ്മാണത്തിനായി തട്ടിക്കൂട്ടിയ ഗ്രീൻ ഗേറ്റ് വേ ലഷർ ലിമിറ്റഡ് (ജിജിഎൽ) എന്ന കമ്പനിയിൽ ജോസ് ജോലിക്ക് കയറിയിരുന്നു. വൈസ് പ്രസിഡന്റ് എന്ന് നിലയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യു.വി ജോസ് ഒപ്പിട്ട രേഖകളും പുറത്തുവന്നവയിലുണ്ട്. ജോസ് ടൂറിസം വകുപ്പിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് തിരിച്ചുവന്ന 2007 ഡിസംബർ 27 മുതൽ ജോലിയിൽ പ്രവേശിച്ച് വേതനരഹിത അവധിയെടുത്ത ജൂൺ ഏഴ് വരെയുള്ള വെയിറ്റിങ് പിരിയഡിൽ അദ്ദേഹം ജിജിഎൽ എന്ന സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നു.
എന്നാൽ ഓഫീസിൽ കൃത്യമായി എത്തുന്നതിൽ ജോസ് വീഴ്‌ച്ച വരുത്തിയതിനെ പറ്റി റിപ്പോർട്ട് ചെയ്യാൻ അന്നത്തെ ചീഫ് ടൗൺ പ്ലാനർ തയ്യാറായില്ല. അതൊരു വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഈ കാലയളവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തതിനെ പറ്റി യാതൊരു രേഖകളും മാതൃസ്ഥാപനത്തിൽ ഇതുവരെ സമർപ്പിച്ചിട്ടില്ല. വേതനരഹിത അവധിയെടുത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും അത് ജോലി ചെയ്തിരുന്ന വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാകരുതെന്ന എൽ.ഡബ്ല്യു.എ ചട്ടവും യു.വി ജോസും അത് അനുവദിച്ച അധികൃതരും ലംഘിച്ചിരിക്കുകയാണ്.
നിയമവിരുദ്ധമായിട്ടാണ് ജിജിഎൽ 13 ഏക്കർ ഭൂമി അധികമായി റിസോർട്ടിന്റെ പേരിൽ ഏറ്റെടുക്കുന്നത്. ജിജിഎൽ വൈസ് പ്രസിഡന്റ് എന്ന നിലയിൽ അതിൽ ഒപ്പിടുമ്പോൾ ജോസ് സർക്കാർ ഉദ്യോഗസ്ഥനും ടൗൺപ്ലാനറുമായിരുന്നു. മാതൃവകുപ്പിൽ തസ്തികയില്ലാത്തതിനാൽ പുറത്തുനിൽക്കുകയായിരുന്നുവെന്ന് മാത്രം. എന്നാൽ ഈ സമയത്തും അദ്ദേഹം ചീഫ് ടൗൺ പ്ലാനർ ഓഫീസിലെത്തി രേഖകൾ ഒപ്പിട്ടതിന് തെളിവുകളുണ്ട്. പിന്നീട് ആ കാലയളവ് കൂടി വേതനരഹിത അവധിയാക്കാനുള്ള അപേക്ഷയും ജോസ് നൽകിയിട്ടുണ്ട്. എന്നാൽ അത് നിയമവിരുദ്ധമായതിനാൽ അംഗീകരിക്കപ്പെട്ടില്ല.
സർവ്വത്ര കള്ളക്കളി
ബിആർഡിസി റിസോർട്ട് കുറഞ്ഞ വിലയ്ക്ക് ബിഡ് ചെയ്ത് സ്വന്തമാക്കിയിട്ട് അധികമായി 13 ഏക്കർ കൂടി ഏറ്റെടുത്ത് സീ ഫ്രണ്ടേജ് ആക്കാനുള്ള ശ്രമത്തിന് പിന്നിൽ അന്ന് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന ജോസിന്റെ കൈകളുമുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിന് വേണ്ടി അദ്ദേഹം കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഉദ്യോഗസ്ഥ ബന്ധങ്ങൾ കൂടി ഉപയോഗിച്ചു. 2006 ഡിസംബറിൽ സംസ്ഥാനത്ത് നിന്നും സിആർഇസഡ് ക്ലിയറൻസ് റിസോർട്ടിന് ലഭിക്കുമ്പോൾ 45 ഏക്കറിന് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാൽ 2008 ൽ പാരിസ്ഥിതികാനുമതിക്കായി ഡൽഹിയിലേയ്ക്ക് അപേക്ഷ പോകുമ്പോൾ അത് 58 ഏക്കറായി വർദ്ധിച്ചിരുന്നു.
എന്നാൽ അപ്പോഴും 13 ഏക്കർ ഏറ്റെടുത്തിരുന്നില്ല. 2011 ൽ ഏറ്റെടുത്ത 13 ഏക്കർ കൂടി കൂട്ടിച്ചർത്ത 58 ഏക്കർ ഭൂമിക്ക് 2010 ൽ നിലവിൽ വന്ന ജിജിഎൽ എന്ന സ്ഥാപനത്തിന്റെ പേരിൽ 2009 ൽ തന്നെ പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നു. ഈ അത്ഭുതത്തിന് പിന്നിലും യു.വി ജോസിന്റെ കൈകളായിരുന്നു. വ്യാജ രേഖകൾ നൽകിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചുമാണ് പാരിസ്ഥിതികാനുമതിയും അവർ നേടിയെടുത്തതെന്ന് ഇത് വ്യക്തമാക്കുന്നു. ബിആർഡിസി ബിഡ് ലഭിച്ചത് നജീബിന്റെ എറ്റിഇയ്ക്കായിരുന്നെങ്കിലും ഡൽഹിയിൽ അനുമതിക്കായി അപേക്ഷ പോയത് ജിജിഎല്ലിന്റെ പേരിലാണ്. എന്നാൽ എറ്റിഇയും ജിജിഎല്ലും ഒരു കമ്പനിയാണെന്ന് ബിആർഡിസി മാനേജിങ് ഡയറക്ടർ ഷാജി മാധവന്റെ നിയമവിരുദ്ധമായ സർട്ടിഫിക്കറ്റ് നൽകിയാണ് ഈ പ്രതിസന്ധി മറികടന്നത്. ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകാൻ ബിആർഡിസി എംഡിക്ക് അധികാരമില്ല എന്നതാണ് വസ്തുത. വിശാലമായ രാഷ്ട്രീയ സൗഹൃദങ്ങളുള്ള ഇഎം നജീബിന്റെ സ്ഥാപനത്തിന് നിയമവിരുദ്ധമായി ചെയ്തുനൽകിയ സഹായങ്ങളുടെ പ്രത്യുപകാരമാണ് ജോസിന് 2015 ൽ കിട്ടിയ കൺഫേഡ് ഐഎഎസ് എന്ന ആരോപണവും ഉയരുന്നുണ്ട്.
ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിൽ ക്യാപ്റ്റൻ ബി. എസ് പ്രകാശ് എന്നയാളുടെ പരാതി സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടും, നടപടിയെടുക്കാൻ ഡിഒപി ഡയറക്ടറുടെ നിർദ്ദേശമുണ്ടായിട്ടും ഇക്കാര്യത്തിൽ യാതൊരു പരിശോധനയും നടത്താൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് യു.വി ജോസ് എന്നയാൾ അനർഹമായി ലഭിച്ച ഐഎഎസ് കിരീടവുമായി വിരമിക്കുമ്പോൾ അത് ആ പദവിയോടുള്ള അനാദരവ് കൂടിയാണ്. അതിനുത്തരവാദികൾ അദ്ദേഹത്തിന് കൺഫേഡ് ഐഎഎസ് നൽകിയവരും അനുബന്ധ രേഖകൾ സഹിതം പരാതി കിട്ടിയിട്ടും അന്വേഷിക്കാതിരുന്ന അധികൃതരും തന്നെയാണ്.
തുടരും
(യു.വി ജോസ് ഇ.എം നജീബിന്റെ സ്ഥാപനത്തിന് വേണ്ടി നിയമവിരുദ്ധമായി ചെയ്തുകൊടുത്ത സഹായങ്ങളും തയ്യാറാക്കി നൽകിയ വ്യാജരേഖകളും പരമ്പരയുടെ അടുത്ത ഭാഗത്തിൽ)