- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പഞ്ചായത്താഫീസിൽ ആരെയും സാറെന്നോ, മാഡം എന്നോ വിളിക്കരുതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോണീസ് സ്റ്റീഫൻ; വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് നേതാവിന്റെ വിപ്ലവകരമായ തീരുമാനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ; ഉഴവൂരിൽ ജനാധിപത്യം വിജയിക്കുമ്പോൾ
കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളെയും, ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കേണ്ടതില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഒഐഒപി നേതാവു കൂടിയായ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻന്റെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റിയാണ് സംയുക്തമായി തീരുമാനം എടുത്തത്.
സ്വാതന്ത്ര്യം കിട്ടി 75 വർഷം തികയുകയും, ജനകീയാസൂത്രണം ആരംഭിച്ചിട്ട് 25 വർഷം ആവുകയും ചെയ്തിട്ടും ഇത്തരം പ്രയോഗങ്ങൾ നിലൽക്കുന്നതു ഭൂഷണമല്ല എന്ന പ്രസിഡന്റിന്റെ അഭിപ്രായത്തെ പഞ്ചായത്ത് കമ്മറ്റി ഏകകണ്ഠമായി പിന്തുണച്ചു എന്നതാണ് വസ്തുത. ജനങ്ങളാണ് ജനാധ്യപത്യത്തിൽ അധികാരികൾ എന്ന ബോധ്യം മികവുറ്റ പ്രവർത്തനത്തിലൂടെ പഞ്ചായത്ത് കമ്മറ്റി നൽകുന്നുണ്ട്. എങ്കിലും എല്ലാ അർത്ഥത്തിലും ഈ ചിന്തയും ബോധ്യവും ആത്മവിശ്വാസവും ജനങ്ങൾക്കു നൽകാൻ ഈ തീരുമാനം പ്രചോദനം ഏകും എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
യാതൊരു ഭയവും, ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ പഞ്ചായത്തിൽ വരുവാനും അർഹമായ സേവനങ്ങൾ നേടി എടുക്കാനും സാധാരണക്കാരന് സാധിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് ഉൾപ്പെടെ ഉള്ള പഞ്ചായത്ത് മെമ്പര്മാരെയും ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ തസ്തിക അല്ലങ്കിൽ പേര് വിളിക്കാവുന്നതാണ്-ഇതാണ് തീരുമാനം.
ഉഴവൂർ പഞ്ചായത്ത് പ്രസിഡണ്ടായി 22 വയസ്സു പ്രായമുള്ള വിദ്യാർത്ഥി ജോണിസ് പി സ്റ്റീഫൻ അധികാരമേറ്റത് സോഷ്യൽ മീഡിയ ഏറെ പ്രാധാന്യത്തോടെ ചർച്ചയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടാകും ജോണിസ്. വൺ ഇന്ത്യ വൺ പെൻഷനെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
13 അംഗ പഞ്ചായത്തിൽ അഞ്ചു സീറ്റുകൾ നേടി യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റി(ഒഐഒപി)ന്റെ നിലപാട് നിർണായകമായത്. രണ്ടിടത്താണ് പാർട്ടി വിജയിച്ചത്. ബിജെപിക്ക് ഒരു സീറ്റു കിട്ടി.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചർച്ചയിൽ വൺ ഇന്ത്യ വൺ പെൻഷനുമായി യുഡിഎഫ് സഖ്യത്തിൽ ഏർപ്പെടുകയായിരുന്നു. ആദ്യ രണ്ടര വർഷമാണ് ജോണിസ് അധികാരം കൈയാളുക. രണ്ടാമൂഴത്തിൽ കോൺഗ്രസിന് പ്രസിഡണ്ട് പദം കൈമാറും എന്നാണ് വ്യവസ്ഥ. അങ്ങനെ അധ്യക്ഷ പദവിയിലെത്തിയ പ്രസിഡന്റാണ് വിപ്ലവകരമായ തീരുമാനത്തിന് പിന്നിൽ.
പഞ്ചായത്തിൽ ഒഐഒപി എട്ടു സ്ഥാനാർത്ഥികളെയാണ് നിർത്തിയിരുന്നത്. ജോണിസിന് പുറമേ, അഞ്ജു പി ബെന്നിയാണ് ജയിച്ച മറ്റൊരാൾ. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര വിദ്യാർത്ഥിയായിരുന്നു പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ ജോണിസ്. പിന്നീട് കോഴ്‌സ് പൂർത്തിയാക്കി. അദ്ധ്യാപക ദമ്പതികളായ പാണ്ടിയാംകുന്നേൽ സ്റ്റീഫന്റെയും ലൈബിയുടെയും മകനാണ്.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ഇദ്ദേഹം എൻസ്എസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വാർഡിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്ന് മനസ്സിലാക്കിയായിരുന്നു മത്സരം. അത് ജയത്തിലേക്കും എത്തി. 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ വേണം എന്നു വാദിക്കുന്ന പ്രസ്ഥാനമാണ് വൺ ഇന്ത്യ വൺ പെൻഷൻ.
ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംഘടനയുടേത് എന്ന ആരോപണം ഉണ്ടായിരുന്നു. അതിന് വിരുദ്ധമായ നിലപാടാണ് ജോണീസും കൂട്ടരും ഉഴവൂരിൽ എടുത്തത്.
മറുനാടന് മലയാളി ബ്യൂറോ