പാലാ: ഉഴവൂർ വിജയന്റെ ചിരിയോർമ്മകൾ പങ്കുവയ്ക്കാനാണ് ഒത്തു ചേർന്നതെങ്കിലും സത്യത്തിൽ കണ്ണീരണിയുയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ തട്ടകമായ പാലാ. വിജയന്റെ നർമ്മ പ്രഭാഷണങ്ങൾ പരസ്പരം പങ്കിട്ടപ്പോൾ അത് മിക്കവരുടെയും മനസിൽ നൊമ്പരമായി. ആ നൊമ്പരം സദസ്സിനും വേദനയായി മാറി. 'വിജയേട്ടന്റെ ചിരിയോർമ്മകൾ' എന്ന ചടങ്ങായിരുന്നു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർക്കടക്കം നൊമ്പരമായി മാറിയത്.

കെ.എം.മാണി എംഎ‍ൽഎ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപള്ളി പഞ്ചായത്തുകാരായ താനും വിജയനും വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിച്ചു പരസ്പരം പോരാടി പ്രവർത്തിച്ചവ രാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വിജയന്റെ ഹാസ്യ രസത്തിൽ ചാലിച്ച പ്രസംഗ ശൈലി കേരള ജനത നെഞ്ചിലേറ്റി. ഫലിതത്തിലൂടെ കടന്നാക്രമിക്കുന്ന ഈ ശൈലിയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് താനായിരുന്നുവെന്ന് മാണി ചൂണ്ടിക്കാട്ടി.

ദുരുദ്ദേശപരമോ വിരോധത്തിലോ ഉള്ള പ്രസംഗമായിരുന്നില്ല വിജയന്റെ പ്രസംഗങ്ങൾ. വിമർശനാന്മകമായ ഈ പ്രസംഗങ്ങൾ പലപ്പോഴും തന്നെ ചിരിപ്പിച്ചിട്ടുണ്ട്. ആത്മാർത്ഥതയും സാമൂഹ്യ പ്രതിബന്ധതയും വിജയന്റെ മുഖമുദ്രയായിരുന്നുവെന്ന് കെ.എം.മാണി ചൂണ്ടിക്കാട്ടി. തനിക്കെതിരെയും വിജയൻ എരുവും പുളിയും ചേർത്ത രാഷ്ടീയ നർമ്മ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെന്നു ചടങ്ങിൽ പങ്കെടുത്ത ജോസ് കെ.മാണി എംപി. പറഞ്ഞു. ചിരി സമ്മാനിക്കാൻ നല്ല മനസുള്ളവർക്കേ സാധിക്കുകയുള്ളൂവെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

ചെറുപ്പകാലത്ത് കെ.എസ്.യു. പ്രവർത്തകരായിരുന്ന കാലത്തെ ഓർമ്മകളാണ് ആന്റോ ആന്റണി എംപി. പങ്കുവച്ചത്. 64 മണിക്കൂർ പച്ചവെള്ളംപോലും കുടിക്കാതെ വിജയനൊപ്പം നിരാഹാര സമരം ചെയ്ത കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഉഴവൂർ വിജയന് പാലായിൽ സ്മാരകം നിർമ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം. മാണിയോട് തെരഞ്ഞെടുപ്പിൽ പാരാജയപ്പെട്ടപ്പോൾ തോറ്റതിനെക്കുറിച്ചു ഉഴവൂർ വിജയൻ പ്രതികരിച്ചത് ബെൻസിടിച്ചാണ് മരിച്ചതെന്ന വാചകത്തെ ആസ്പദമാക്കി പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂണിന്റെ പകർപ്പ് സംഘാടക സമിതി സെക്രട്ടറി എബി ജെ.ജോസ് കെ.എം.മാണിക്ക് സമ്മാനിച്ചു.

ചടങ്ങിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ലീനാ സണ്ണി അധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം എംപി., കെ.ഫ്രാൻസീസ് ജോർജ്, ടോമി കല്ലാനി, ഫാ. ജോസഫ് ആലഞ്ചേരി, കെ.ആർ. അരവിന്ദാക്ഷൻ, ബെന്നി മൈലാടൂർ, എൻ.ഹരി, വക്കച്ചൻ മറ്റത്തിൽ, വി.ജി.വിജയകുമാർ, സണ്ണി തോമസ്, സി.പി.ചന്ദ്രൻ നായർ, കുര്യാക്കോസ് പടവൻ, എം ടി.കുര്യൻ, ടോമി കുറ്റിയാങ്കൽ, സുഭാഷ് പുഞ്ചക്കോട്ടിൽ, ജോസ് ആന്റണി, അഡ്വ. ആർ. മനോജ്, അഡ്വ. സണ്ണി ഡേവിഡ്, സണ്ണി തോമസ്, എ.കെ.ചന്ദ്രമോഹൻ, ടോണി തോട്ടം, ബിജി മണ്ഡപം, റാണി സാംജി എന്നിവർ പ്രസംഗിച്ചു.