തൊടുപുഴ: കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടുത്തി വനവിസ്തൃതികൂട്ടി കടുവാ ആവാസവ്യവസ്ഥയ്ക്കായുള്ള മൗണ്ടൻ ലാന്റ്സ്‌കേപ്പ് പദ്ധതി വനംവകുപ്പിൽ നിന്നും മാറ്റി പഞ്ചായത്ത് സമിതികൾ വഴി നടപ്പിലാക്കുവാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കം അനുവദിക്കില്ലെന്നും പശ്ചിമഘട്ടമേഖലയെ വിദേശസാമ്പത്തിക ഏജൻസികളുടെ അജണ്ടകൾക്കായി വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

യുഎൻഡിപി, ഗ്ലോബൽ എൻവയൺമെന്റ് ഫെസിലിറ്റി എന്നീ വിദേശ ഏജൻസികൾ മാത്രമല്ല യൂറോപ്പും അമേരിക്കയും കേന്ദ്രീകരിച്ചുള്ള ക്രിട്ടിക്കൽ എക്കോസിസ്റ്റം പാർട്ണർഷിപ്പ്, റുഫോർഡ് ഫൗണ്ടേഷൻ, കെഎൻസി ഫൗണ്ടേഷൻ എന്നീ പരിസ്ഥിതി സാമ്പത്തിക സഹായ ഏജൻസികളുമായി പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവിൽ വൻ ഇടപാടുകളുള്ള പരിസ്ഥിതി സംഘടനകളും പരിസ്ഥിതി പ്രവർത്തകരുമുണ്ട്. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപകരുൾപ്പെടെയെ#ുള്ളവർ പശ്ചിമഘട്ടത്തിലെ ഗവേഷണത്തിന്റെ പേരിൽ വൻതുകകൾ കൈപ്പറ്റിയിരിക്കുന്നതിന് തെളിവുകളുണ്ട്.

ഗ്ലോബൽ എൻവയൺമെന്റ് ഫെസിലിറ്റിയുടെ സഹായമുള്ളതും അടങ്കൽ തുക 230 കോടിയോളം രൂപ വരുന്നതുമായ യുഎൻഡിപിയുടെ മൗണ്ടൻ ലാന്റ്സ്‌കേപ്പ് പദ്ധതിയുടെ പിന്നിലും ചില നിക്ഷിപ്ത താല്പര്യക്കാരുടെ അജണ്ടകളാണുള്ളത്. ഈ രാജ്യാന്തര അജണ്ടകൾ നടപ്പിലാക്കുവാൻ സാധാരണ ജനങ്ങളെയും കൃഷിക്കാരെയും അവരുടെ ജീവനോപാധികളെയും ബലികൊടുക്കാനാവില്ല.

പശ്ചിമഘട്ടത്ത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ഇപ്പോഴും നിരന്തരം വാദിക്കുന്നവരെ തള്ളിപ്പറയുവാൻ മടിക്കുന്നവരാണ് കേന്ദ്രത്തിൽ ഭരണത്തിലിരുന്നപ്പോൾ ആറു സംസ്ഥാനങ്ങളിലെ 4156 വില്ലേജുകളോടൊപ്പം കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതിലോലമാക്കിയത്. ഗാഡ്ഗിൽ കസ്തൂരിരംഗൻ സമിതികളെ നിയമിക്കുകയും ലോകപൈതൃകസമിതിക്കും വിദേശസാമ്പത്തിക ഏജൻസികൾക്കും പശ്ചിമഘട്ടജനതയെ തീറെഴുതിയവരും കർഷകരെ മറന്ന് അന്നിതിന് കൂട്ടുനിന്ന കർഷകപാർട്ടികളും ഇന്നിപ്പോൾ കർഷകരുടെയും മലയോരജനതയുടെയും സംരക്ഷകരായി അവതരിച്ചിരിക്കുന്നത് വിരോധാഭാസമാണ്.

രാജ്യാന്തര സാമ്പത്തിക ഏജൻസികളുടെ പശ്ചിമഘട്ട ഇടപെടലുകളെ എതിർത്തുതോല്പിക്കുവാൻ കർഷകരുൾപ്പെടെയുള്ള ജനസമൂഹം മുന്നോട്ടുവരണം. പശ്ചിമഘട്ടത്ത് പ്രവർത്തിക്കുന്ന പരിസ്ഥിതിമൗലികവാദികളുടെയും പരിസ്ഥിതിസംഘടനകളുടെയും വിദേശബന്ധങ്ങളും സാമ്പത്തികസ്രോതസ്സുകളും അന്വേഷണവിധേയമാക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.