തൃശൂർ: പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്കെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ സ്ഥാനമേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.

തോൽക്കുമ്പോൾ മാത്രമല്ല, ജയിക്കുമ്പോഴും വസ്തുതകൾ വിലയിരുത്തണമെന്നും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പു വിജയം തെറ്റായാണ് കോൺഗ്രസ് വിലയിരുത്തിയതെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തങ്ങളുടെ കാലത്ത് തെരഞ്ഞെടുപ്പുകളിൽ മിന്നുംനേട്ടമുണ്ടാക്കിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തലക്കുള്ള മറുപടിയായിരുന്നു സതീശന്റെത്.

വീടിനകത്തെ പ്രശ്നങ്ങൾ പുറത്തു പറയാതിരിക്കാൻ ശ്രമിക്കണം. കുറഞ്ഞപക്ഷം ശത്രുക്കളെയെങ്കിലും അറിയിക്കാതിരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. സംഘടനാപരമായ ബോധമാണ് വലുത്. കോൺഗ്രസിൽ മാറ്റം അനിവാര്യമാണ്. സംഘടനാരീതിയും ചട്ടക്കൂട് വേണം. യുഡിഎഫിനും കോൺഗ്രസിനും കൃത്യമായ നിലപാട് വേണം. അതിനാണ് തങ്ങൾ ശ്രമിക്കുന്നത്.

കേരളത്തിൽ മാറി മാറി ഭരണം വരുമെന്ന് കരുതിയതാണ് പിഴച്ചത്. 2016നുശേഷം 21ൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചു.ന്യൂനതകൾ ആരുടെയും തലയിൽ കെട്ടിവയ്ക്കാനില്ലെന്നും കോൺഗ്രസിന്റെ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ തങ്ങൾക്കില്ല, അച്ചടക്കവാളും പ്രയോഗിക്കില്ല. കാരണം ചവിട്ടേറ്റ് കിടന്നവന്റെ വേദന തനിക്കറിയാം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നേതാക്കളാണ്. ഒരാളേയും മാറ്റി നിർത്തില്ലെന്നും സതീശൻ വ്യക്തമാക്കി.