തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തെ തടസപ്പെടുത്തുന്ന തരത്തിൽ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിനിമാ ചിത്രീകരണം തടസപ്പെടുത്തിയുള്ള യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നിയമസഭയിൽ മുകേഷ് എംഎ‍ൽഎ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. 

സിനിമാ വ്യവസായത്തെ തടസപ്പെടുത്തിയാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കെപിസിസി എല്ലാ ഘടകങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമാ സെറ്റുകളിലേക്ക് പ്രതിഷേധവുമായെത്തുകയാണ്. ഇതുമായി ഒരു ബന്ധവുമില്ലാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തുകയാണെന്ന് മുകേഷ് പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. നിയമം കയ്യിലെടുക്കാൻ ആരേയും അനുവദിക്കില്ലെന്നും ആവിഷ്‌കാര സ്വാതന്ത്രത്തിനു മുകളിലുള്ള കടന്നു കയറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചാൽ ആരെയും ജീവിക്കാനനുവദിക്കില്ല, തൊഴിൽ ചെയ്യാൻ സമ്മതിക്കില്ല എന്ന് തീരുമാനിച്ചു അക്രമം സംഘടിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിൽ വിലപ്പോകുന്ന രീതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.