- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടേയും തിണ്ണനിരങ്ങിയിട്ടില്ല; കാവിമുണ്ടുടുത്താലും ചന്ദനക്കുറി തൊട്ടാലും സംഘപരിവാറാകില്ല'; കോൺഗ്രസിന് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസിന് മതേതര നിലപാടാണുള്ളതെന്നും ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വോട്ടിനായി ഒരു വർഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശൻ പറഞ്ഞു.
കാവി മുണ്ടുടുത്തവരേയും ചന്ദനക്കുറി തൊട്ടവരേയും വർഗീയവാദികളാക്കി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയെ ഉറച്ച നിലപാടുകളെടുത്താണ് നേരിടേണ്ടത്. സംഘപരിവാർ ശക്തികളെ ഒരുവിട്ടുവീഴ്ചയും ഇല്ലാതെ ദേശീയ തലത്തിൽ നേരിടുന്നത് കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തുകയായിരുന്നു സതീശൻ.
'വർഗീയ ശക്തികൾ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുന്ന ഒരു സാഹചര്യമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ ചെറുത്ത് തോൽപ്പിക്കുമെന്ന നിലപാടാണ് ഞങ്ങൾ തൃക്കാക്കരയിൽ സ്വീകരിച്ചിട്ടുള്ളത്. നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടേയും തിണ്ണനിരങ്ങാൻ യുഡിഎഫ് പോകില്ല. അത്തരക്കാരുടെ വോട്ട് വേണ്ട എന്ന കാർക്കശ്യമായ നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്. മതേതരവാദികളുടെ വോട്ട് കൊണ്ട് ജയിച്ചാൽ മതിയെന്ന നിലപാടെടുത്തു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും ഈ നിലപാട് സ്വീകരിക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ മാറ്റണം. കേരളത്തിലെ വർഗീയ വിദ്വേഷങ്ങളുടെ കാരണം സർക്കാരിന്റെ ഈ നിലപാടാണ്' പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേശീയ തലത്തിലും കോൺഗ്രസിന് മതേതര നിലപാടാണ്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല. കാവി മുണ്ടുടുത്തവരേയും ചന്ദനംതൊട്ടവരേയും സംഘപരിവാറാക്കുന്ന നില ശരിയല്ല. ക്ഷേത്രത്തിൽ പോകുന്നവരേയും പള്ളിയിൽ പോകുന്നവരേയും വർഗീയവാദിയാക്കുന്നു. മതനിരാസനമല്ല വേണ്ടത്. മതങ്ങളെ ചേർത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. '
എനിക്ക് എന്റെ മതത്തിൽ വിശ്വസിക്കാനും അനുഷ്ഠാനങ്ങൾ നടത്താനും സ്വാതന്ത്ര്യമുള്ളപ്പോൾ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തേയും സംരക്ഷിക്കണം. രാഹുലും പ്രിയങ്കയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോൾ ക്ഷേത്രത്തിൽ കയറുന്നതിനെ എന്തിന് വിമർശിക്കണം. അവർ ഹിന്ദുമത വിശ്വാസികളാണ്. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിന് ശേഷമാണ് ഞാൻ തൃക്കാക്കരയിലെ പ്രചാരണത്തിന് തുടക്കമിട്ടത്. അതിനർഥം ഞാൻ മൃദുഹിന്ദുത്വ വാദിയാണെന്നാണോ, ഞാൻ എനിക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കും എനിക്കിഷ്ടമുള്ള ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കും. അതിന് ഇന്ത്യൻ ഭരണഘടന എനിക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്' സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ