തിരുവനന്തപുരം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രചിപക്ഷ നേതാവ് വി.ഡി.സതീശൻ. അണികൾ ദൈവമാക്കിയതിനാൽ വിമർശനത്തിന് അതീതനാണെന്ന തോന്നലായിരിക്കും മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി ദൈവമല്ല, ചക്രവർത്തി ആയാലും വിമർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയാണ്്. ജനവിധി ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയുള്ളതാണ്. അല്ലാതെ ധാർഷ്ട്യം കാണിക്കാനുള്ളതല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗൺ ജനജീവിതത്തെ എങ്ങനെ ബാധിച്ചെന്നു പഠിക്കാൻ കോവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ മാതൃകയിൽ കമ്മിഷൻ പ്രവർത്തിക്കണം. വിദഗ്ധരെ നിയോഗിച്ച് കോവിഡ് ഓരോ മേഖലയിലുമുണ്ടാക്കിയ ദുരന്തങ്ങളെ കുറിച്ച് പഠിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

രാജ്യത്ത് 2005-ൽ ഉണ്ടായ മാന്ദ്യം മറികടക്കാൻ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചതു പോലെ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണം നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ 10000 കോടിയെങ്കിലും നേരിട്ട് നൽകണമെന്നും വി.ഡി സതീശൻ നിർദ്ദേശിച്ചു.

രണ്ട് കോവിഡ് ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചെന്നാണ് സർക്കാർ പറയുന്നത്. ഇതിലൂടെ കരാറുകാർക്കുള്ള പണവും പെൻഷനും കൊടുത്തു. അത് ഉത്തേജക പാക്കേജ് അല്ല, സർക്കാരിന്റെ ബാധ്യതയാണ്. ബാധ്യത കൊടുത്തു തീർക്കൽ എങ്ങനെയാണ് ഉത്തേജക പാക്കേജ് ആകുന്നത്? ഇതിനെ കോവിഡ് ഉത്തേജക പാക്കേജ് എന്ന ഓമനപ്പേരിട്ടു വിളിക്കാൻ നിങ്ങൾക്കേ ആകൂ. രണ്ടാമത്തെ ഉത്തേജക പാക്കേജ് 20000 കോടി രൂപയുടേതാണ്. എന്നാൽ അത് പ്രഖ്യാപനം മാത്രമാണെന്നും ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലെന്നുമാണ് ഇപ്പോഴത്തെ ധനകാര്യമന്ത്രി പറയുന്നത്. പാവങ്ങളുടെയും നിരാലംബരുടെയും പ്രശ്നങ്ങൾ കേൾക്കാൻ സർക്കാരിന് മനസുണ്ടാകണം.

തെരഞ്ഞെടുപ്പ് കഴിയുവോളം നാരായണ, പാലം കടന്നപ്പോൾ കൂരായണ എന്ന നിലപാടിലാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ നികുതി ഓഗസ്റ്റ് വരെ ഒഴിവാക്കുമെന്ന് ധനമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച ശേഷവും അടയ്ക്കാത്തതിന്റെ പേരിൽ പിഴ ഈടാക്കി. സർക്കാരിന് പണം ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തിരിച്ചു പോകാൻ വിമാനം ഇല്ലാതെ പ്രവാസികൾ കഷ്ടപ്പെടുമ്പോൾ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്. കോവാക്സിൻ ഗൾഫ് നാടുകളിൽ അംഗീകരിച്ചിട്ടില്ല. ആ സാഹചര്യത്തിൽ കോവാക്സിൻ എടുത്ത പ്രവാസികൾ കോവി ഷീൽഡ് കൂടി എടുക്കണോയെന്നും സതീശൻ ചോദിച്ചു.