- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുട്ടിൽ മരം മുറിയിലും കോവിഡ് പ്രതിരോധത്തിലും മുഖ്യമന്ത്രിക്ക് മൗനം; ഒന്നും ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; ആർ.ടി.പി.സി.ആർ പരിശോധനകൾ കൂടുതൽ നടത്തിയാൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയരുമെന്നും വി ഡി സതീശൻ
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ്, കോവിഡ് പ്രതിരോധം എന്നിവയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാത്തിലും മൗനം തുടരുകയാണ്. ഒരു കാര്യവും ഗൗരവമായി കാണുന്നില്ലെന്നും സതീശൻ ആരോപിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസെടുക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയത് പ്രതിപക്ഷം ഈ വിഷയത്തിൽ നിരന്തരം ആവശ്യം ഉന്നയിച്ചപ്പോഴാണ്. മരംമുറി കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തതും പ്രതിപക്ഷം നിരന്തരം ആവശ്യം ഉന്നയിച്ച ശേഷമാണെന്നും സതീശൻ പറഞ്ഞു.
മുട്ടിൽ മരംമുറി കേസിൽ രാഷ്ട്രീയ യജമാനന്മാരുടെ കോടാലിയായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്ന് കൂടുതൽ തെളിയുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. കേസിൽ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് വനം മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിട്ടും രണ്ട് മാസത്തെ നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷവും ഒരു നടപടിയും എടുക്കാതെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സതീശൻ ആരോപിച്ചു. ഉദ്യോഗസ്ഥരും പ്രതികളും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ തെളിവ് സഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രിയോ സർക്കാരോ അനങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധവും പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേരളത്തിൽ നടത്തുന്ന പരിശോധനകളിൽ 75 ശതമാനവും ആന്റിജൻ ടെസ്റ്റുകളാണ്. ഇതിലൂടെ രോഗികളുടെ ശരിയായ നിർണയം നടക്കില്ല. ആർ.ടി.പി.സി.ആർ പരിശോധനകൾ കൂടുതൽ നടത്തിയാൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയരുമെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ