തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലും മറ്റുമായി നടക്കുന്ന പ്രശ്നത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ ശ്രമത്തിന് മുന്നിൽ സർക്കാർ നോക്കുകുത്തിയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സോഷ്യൽ മീഡിയയിലെ ഫേക്ക് ഐഡികൾ ഉപയോഗിച്ച് വിദ്വേഷം വളർത്താനുള്ള ശ്രമം സജീവമായി നടക്കുമ്പോൾ സംസ്ഥാന സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

കത്തോലിക്ക സഭയ്ക്ക് പരാതിയുണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടത്. സംഘപരിവാറിന്റെ അജണ്ടയ്ക്ക് മുന്നിൽ വീഴരുതെന്നാണ് രണ്ട് സമുദായങ്ങളോടും അഭ്യർത്ഥിക്കാനുള്ളത്. ഗൗരവമായ ആരോപണങ്ങൾ സഭ മുന്നോട്ട് വെക്കുന്നുവെങ്കിൽ പൊലീസ് അത് അന്വേഷിക്കട്ടെ. തെളിവുകൾ ഉണ്ടെങ്കിൽ അത് സർക്കാരിന് നൽകി നടപടി സ്വീകരിപ്പിക്കണം. പറയുന്നത് വസ്തുതയല്ലെങ്കിൽ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ടെന്നും സതീശൻ പറഞ്ഞു.

ഇരുസമുദായങ്ങൾ പ്രതിഷേധവും ജാഥയും നടത്തി പരസ്പരം വിദ്വേഷം വളരുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നത് ശരിയല്ല. സിപിഎമ്മിന് ഈ വിഷയത്തിൽ ഒരു നയം ഇല്ല. തമ്മിലടിക്കുന്നെങ്കിൽ അടിച്ചോട്ടെ എന്ന അജണ്ട സിപിഎമ്മിന് ഉണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഇതിൽ കക്ഷിചേരില്ല. രണ്ട് സമുദായങ്ങളും സംയമനം പാലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. പ്രകടനങ്ങൾ നടത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചും മുന്നോട്ടുപോയാൽ ഇങ്ങനെ ഒരു പ്രശ്നം ആഗ്രഹിക്കുന്നവർക്ക് വളരാനുള്ള വളംവെച്ച് കൊടുക്കലായി മാറുമെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തിൽ കേരളത്തിൽ വലിയ കാമ്പയിൻ ഉണ്ടാകണം. മതേതരത്വത്തിന്റെ പതാകവാഹകരായി കേരളം മാറണമെന്ന് ആഗ്രഹിക്കുന്നവർ എല്ലാവരും രംഗത്തുവരണമെന്നാണ് പറയാനുള്ളത്. കേരളത്തിലെ സാഹിത്യകാരന്മാർ, എഴുത്തുകാർ എന്നിവർ പുരോഗമന ചിന്താഗതിയോടെ മുന്നോട്ട് വരുമെന്നും സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും പ്രത്യാശിക്കുന്നതായും സതീശൻ പറഞ്ഞു.

യഥാർത്ഥത്തിൽ കേരളത്തിൽ ഈ രണ്ട് സമുദായങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും മനഃപൂർവം പ്രശ്നം വഷളാക്കി ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ തിരിച്ചറിയാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കോൺഗ്രസിന്റെ എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ സർക്കാരിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരു വിഭാഗങ്ങളേയും വിളിച്ച് ചർച്ച നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അതേസമയം സാമൂഹിക അസന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയാണ് കേരളത്തിലെന്നും എട്ടോ ഒൻപതോ വർഷമായി ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നത് ഇത്തരത്തിലാണെന്നും ഇത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്നും ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദം ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരിക ലക്ഷ്യമിട്ട് പ്രവർത്തിക്കാനാണ് ബിജെപി നീക്കം. കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽ വിഷയം ചർച്ചയായി.

വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയെ രംഗത്ത് ഇറക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. വിഷയത്തിൽ ഇടപെടൽ കാര്യക്ഷമമാക്കാൻ ന്യൂന പക്ഷ മോർച്ചയ്ക്ക് നിർദ്ദേശം നൽകി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകിയ കത്തെന്നാണ് വിലയിരുത്തൽ.

പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തിൽ ബിഷപ്പിന് സംരക്ഷണം നൽകാൻ കേന്ദ്രം ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവരുടെ പ്രതികരണങ്ങളും പാലാ ബിഷപ്പ് തുറന്ന് വിട്ട വിവാദം തങ്ങൾ സുക്ഷമായി നിരീക്ഷിക്കുന്നു എന്ന സൂചന വ്യതമാക്കുന്നതായിരുന്നു. പിന്നാലെയാണ് വിഷയം ഞായറാഴ്ച ചേർന്ന ബിജെപി കോർ കമ്മിറ്റിയും പരിഗണിച്ചത്.