- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയെ അപമാനിച്ച സിപിഐഎം മകനെ എകെജി സെന്ററിലെത്തിച്ചു; ധൃതരാഷ്ട്ര ആലിംഗനം പോലെയാണ് സിപിഎം ചേർത്തു പിടിക്കുന്നത്; കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാൻ നാണമുണ്ടോ? ജോസ് കെ മാണിയെ ഉന്നമിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസിനെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാൻ നാണമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ചോദിച്ചു. നിയമസഭാ കയ്യാങ്കളിക്കേസിലേക്ക് വഴിവെച്ച 2015-ലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവിന്റെ പരാമർശം.
കെ എം മാണിയെ അപമാനിച്ച സിപിഐഎം പിന്നീട് മകനെ എകെജി സെന്ററിലെത്തിച്ചു. എന്നാൽ ധൃതരാഷ്ട്ര ആലിംഗനം പോലെയാണ് കേരള കോൺഗ്രസിനെ സിപിഐഎം ചേർത്തു പിടിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രിം കോടതി വിധിക്ക് ശേഷം കോടതി വരാന്തയിൽ വാദിക്കും പോലാണ് മുഖ്യമന്ത്രിയുടെ സംസാരമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സുപ്രിം കോടതി വിധിക്ക് എതിരെ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം നിയമവിരുദ്ധമാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഭരണഘടനാ പരമായി പാർലമെന്റിനും നിയമസഭയ്ക്കും പ്രത്യേക അധികാരമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയാണെങ്കിൽ നിയമസഭയ്ക്ക് ഉള്ളിൽ വെച്ച് ഒരു കൊലപാതകം ഉണ്ടായാൽ അതിന് സംരക്ഷണം കിട്ടുമോ? എംഎൽമാർക്ക് പ്രത്യേകിച്ച കൊമ്പൊന്നുമില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. കേരളത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ബെസ്റ്റ് മോഡൽ ആണ്. ലോകം മുഴുവൻ കണ്ട കാര്യം തെളിവില്ലെന്ന് കോടതിയിൽ വാദിച്ചു. പൊതുമുതൽ നശിപ്പിച്ചവരെ രക്ഷിക്കാൻ പൊതുമുതൽ എടുത്ത് കേസ് നടത്തുന്നതിന് പകരം പാർട്ടിയാണ് കേസ് നടത്തേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാക്കിയ പ്രതിപക്,. സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസും നൽകി. പി ടി തോമസാണ് നോട്ടീസ് നൽകിയത്. ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ വിശദീകരണം നൽകുകയായിരുന്നു. സുപ്രീം കോടതി വിധിയിൽ ഏറ്റവും കൂടുതൽ സമാധാനിക്കുന്നത് കെ എം മാണിയുടെ ആത്മാവ് ആയിരിക്കുമെന്ന് പിടി തോമസ് സഭയിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്ക് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മാതൃകആകാൻ കഴിയുമോയെന്ന് ചോദിച്ച പിടി തോമസ് ശിവൻ കുട്ടി നിയമസഭയിൽ ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സ് ചാനലിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളുമെന്നും പരിഹസിച്ചു.
ആശാൻ അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് എന്ന വാചകം ശിവൻകുട്ടിയെ ഉദ്ധരിച്ച് എഴുതിയതാണെന്നും ശിവൻ കുട്ടിയുടെ രാജി ആവശ്യപ്പെട്ടില്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകനായി മുഖ്യമന്ത്രി മാറുമെന്നും പി ടി തോമസ് സഭയിൽ പറഞ്ഞു. അതേസമയം ശിവൻകുട്ടി ഇന്ന് സഭയിൽ എത്തിയിട്ടില്ല. അനാരോഗ്യത്തെ തുടർന്നാണ് സഭയിൽ എത്താതിരുന്നത്. പനിയെ തുടർന്ന് വി ശിവൻകുട്ടിക്ക് സ്പീക്കർക്ക് അവധി അപേക്ഷ നൽകി.
മറുനാടന് മലയാളി ബ്യൂറോ