- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരു മന്ത്രിമാരും മരംമുറിയെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്നു; അതിനേക്കാൾ ഗൗരവം മുഖ്യമന്ത്രിയുടെ മൗനം; മരം മുറി ഉത്തരവ് ഇറക്കിയത് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ അറിവോടെ; സർക്കാറിനെതിരെ വി ഡി സതീശൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ സംസ്ഥാന സർക്കാറിനെതിരെ ആരോപണവുമായി വി ഡി സതീശൻ. മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരംമുറിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രംഗത്തുവന്നു. മരംമുറിയെ കുറിച്ച് അറിഞ്ഞില്ല എന്ന് പറഞ്ഞ് വനംമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും വിലപിക്കുകയാണ്. അതിനേക്കാൾ ഗൗരവം ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനമാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ അറിവോടെയാണ്് മരംമുറിക്കാനുള്ള ഉത്തരവ് ഇറക്കിയത്. ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറി തന്നെയാണ് ജലവിഭവ വകുപ്പ് അഢീഷണൽ ചീഫ് സെക്രട്ടറി സ്ഥാനവും വഹിക്കുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ല. കൂടാതെ അന്തർസംസ്ഥാന പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ വകുപ്പിൽപ്പെട്ടതാണ്. മരംമുറിയുമായി ബന്ധപ്പെട്ട മൂന്ന് യോഗങ്ങളിലും സംബന്ധിച്ചത് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. എന്നിട്ടും സർക്കാർ മരംമുറി അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന് പറയുന്ന മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സതീശൻ ആവർത്തിച്ചു.
ടി കെ ജോസിന്റെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിന്റെ മിനിറ്റ്സ് ഇല്ല എന്നാണ് റോഷി അഗസ്റ്റിൻ പറയുന്നത്. എന്നാൽ നിയമസഭയിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ വായിച്ചത് അന്ന് നടന്ന യോഗത്തിന്റെ മിനിറ്റ്സാണ്. എന്നാൽ മരംമുറിക്കാനുള്ള തീരുമാനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ഇരുമന്ത്രിമാരും പറയുന്നത്. ജലവിഭവ വകുപ്പ് മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മരംമുറിക്കാൻ അനുമതി നൽകി എന്ന് പറയേണ്ടി വരുമെന്നും വി ഡി സതീശൻ ആരോപിച്ചു.
മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദം ദുർബലമാക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബേബി ഡാം ശക്തിപ്പെടുത്താൻ അനുവാദം നൽകിയാൽ മുല്ലപ്പെരിയാർ ഡാം 152 അടിയായി ഉയർത്തേണ്ടി വരും. പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യം ദുർബലമാകാനും ഇത് കാരണമാകും. ഇതോടെ സുപ്രീംകോടതിയിൽ കേസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും. കേസിൽ സംസ്ഥാനത്തിന്റെ വാദം ദുർബലമാക്കാൻ ഇടയാക്കുമെന്ന് കരുതുന്ന ഇത്തരം വീഴ്ചകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ