തിരുവനന്തപുരം: വിദേശത്തേക്ക് ഡോളർ കടത്തിയെന്ന ആരോപണത്തിൽ നിയമസഭയിൽ മറുപടി പറയാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ ശരിയായ മറുപടി പറയണം എന്നതിനാലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്.

റോഡിയോ പോലെ ആർക്കും തിരിച്ചു പറയാനാകാത്ത രീതിയിൽ സംസാരിക്കാനാണ് അദ്ദേഹത്തിന് താൽപര്യം. ഒരു തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തയാളാണ് പിണറായി വിജയൻ. ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഡോളർ കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് സഭാ നടപടികൾ ബഹിഷ്‌ക്കരിച്ച ശേഷം യു.ഡി.എഫ് എംഎ‍ൽഎമാർ നിയമസഭയ്ക്കു മുന്നിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ മതിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിക്ക് എതിരായ ആരോപണം പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ചപ്പോൾ കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാനാകില്ലെന്ന ചട്ടമാണ് സ്പീക്കർ ചൂണ്ടിക്കാട്ടിയത്. എന്നാൽ എല്ലാ ചട്ടങ്ങൾക്കും മീതെയാണ് നിയമസഭയിൽ അംഗങ്ങൾക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം. കോടതിയിൽ ഇരിക്കുന്ന കേസാണെന്നു കരുതി ഇത്തരം വിഷയങ്ങള് നിയമസഭയിൽ ചർച്ച ചെയ്യാതിരിക്കുന്നത് ഉചിതമല്ല. പാർലമെന്റിൽപോലും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കോടതി പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്ത കീഴ് വഴക്കം കേരള നിയമസഭയ്ക്ക് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് എതിരായ ആരോപണം സഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ പ്രതിപക്ഷത്തിന് സഭാകവാടത്തിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കേണ്ടി വന്നത്. സർക്കാരിന്റെ അഴിമതിക്കും തെറ്റായ നിലപാടുകൾക്കുമെതിരെ പ്രതീകാത്മകമായാണ് പ്രതിപക്ഷാംഗങ്ങൾ അഴിമതി വിരുദ്ധ മതിൽ സൃഷ്ടിച്ചത്. അഴിമതിക്കെതിരായ പോരാട്ടം നിയമസഭയ്ക്ക് പുറത്തും തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.