- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിക്ക് പകൽ ബിജെപി വിരോധം, രാത്രിയിൽ ഇടനിലക്കാരെ വെച്ച് ചർച്ച; കുഴൽപ്പണ ഇടപാട് ഒതുക്കി തീർത്തതും ഇതിന്റെ ഭാഗം; ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബാണെന്ന് പറഞ്ഞയാൾ ഇപ്പോൾ പിണറായി മന്ത്രിസഭയിലുണ്ട്; വിമർശിച്ച് വി ഡി സതീശൻ
ഗുരുവായൂർ: പാർട്ടി സെക്രട്ടറിയായി 16 വർഷം ഇരുന്നപ്പോൾ ഉണ്ടായിരുന്ന വികസന വിരുദ്ധതയുടെ ഒരു ഭൂതകാലം വിസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ വികസന വിരുദ്ധതയുടെ പര്യായമായിരുന്നു പിണറായി. കേരളത്തിൽ വികസനത്തിന്റെ സ്മാരകങ്ങളായി അടയാളപ്പെടുത്തിയിട്ടുള്ളതെല്ലാം യു.ഡി.എഫ് സർക്കാരുകളുടെ പേരിലാണ്.
കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിനും വിഴിഞ്ഞം പദ്ധതിക്കും എതിരായ നിലപാടെടുത്ത വ്യക്തിയാണ് പിണറായി. നാഷനൽ ഹൈവേക്കും ഗെയിൽ പൈപ്പ് ലൈനിനും സ്ഥലം ഏറ്റെടുത്തപ്പോൾ അതിനെതിരെ സമരം ചെയ്തവരാണ് സിപിഎം. ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബാണെന്ന് പറഞ്ഞയാൾ ഇപ്പോൾ പിണറായി മന്ത്രിസഭയിലുണ്ട്. അദ്ദേഹം പ്രതിപക്ഷത്തെയും യു.ഡി.എഫിനെയും വികസനം എന്താണെന്ന് പഠിപ്പിക്കാൻ വരേണ്ട.
വികസനം വേണം, വിനാശം വേണ്ടെന്നാണ് യു.ഡി.എഫ് പറയുന്നത്. സിൽവർ ലൈൻ പദ്ധതി വിനാശകരമായ പദ്ധതിയാണ്. കേരളത്തെ പാരിസ്ഥിതികമായും സാമൂഹികമായും സാമ്പത്തികമായും ഇത് തകർക്കും. സാമൂഹിക സുരക്ഷാ പെൻഷൻ കൊടുക്കാൻ 500 കോടി രൂപ കെ.എഫ്.സിയിൽ നിന്നും ഏഴര ശതമാനം പലിശക്ക് കടം വാങ്ങിയിരിക്കുകയാണ്.
കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും കൊടുക്കാനോ പൊലീസിന് ഡീസൽ അടിക്കാനോ പൈസ കൊടുക്കാനില്ല. ഇത്രയും പരിതാപകരമായ സാമ്പത്തിക സ്ഥിതിയുള്ള കേരളത്തിൽ എന്തിനാണ് രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി കൊണ്ടു വരുന്നതിന് വാശി പിടിക്കുന്നത്?. ഇതിന് പിന്നിൽ അഴിമതിയാണ്. അതിനു വേണ്ടി യു.ഡി.എഫിനെ വികസന വിരുദ്ധരായി മുദ്ര കുത്തേണ്ട. വികസന വിരുദ്ധതയുടെ തൊപ്പി ഏറ്റവും നന്നായി ചേരുന്നത് പിണറായി വിജയനാണ്.
ബിജെപിയാണ് ഞങ്ങളുടെ മുഖ്യ ശത്രുക്കളെന്നാണ് ഇപ്പോൾ പിണറായി പറയുന്നത്. പകൽ ബിജെപി വിരോധം പറയുകയും രാത്രിയാകുമ്പോൾ ബിജെപി നേതാക്കളുമായും സംഘപരിവാറിലെ ഡൽഹിയിലെ നേതാക്കളുമായും ഇടനിലക്കാരെ വച്ച് ഒത്തുതീർപ്പുണ്ടാക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. അങ്ങനെയുള്ളയാൾ ബിജെപി വിരോധം പറയുന്നതു കേട്ടാൽ ചിരിച്ചു പോകും.
സിൽവർ ലൈനിനു വേണ്ടി പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ ശരീര ഭാഷയെ വ്യാഖ്യാനിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇവർക്കിടയിൽ ഇടനിലക്കാർ പ്രവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സംസ്ഥാന സർക്കാരിനെതിരെയായ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെല്ലാം ഒത്തുതീർപ്പാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർ ഒന്നിച്ചാണ് പ്രവർത്തിച്ചത്. ബിജെപി വോട്ടുകൾ മുഴുവൻ പോയത് സിപിഎമ്മിനാണ്. വലിയ കൊടുക്കൽ വാങ്ങലുകളാണ് നടന്നത്. അതിന്റെ ഭാഗമായാണ് കുഴൽപ്പണ ഇടപാട് ഒതുക്കി തീർത്തത്.
അതിന് പകരമായി കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിനെതിരെ അന്വേഷിക്കുന്ന കേസുകൾ ഒതുക്കിത്തീർത്തു. രാത്രിയാകുമ്പോൾ ധാരണയുണ്ടാക്കുന്നവർ യു.ഡി.എഫിനെയും കോൺഗ്രസിനെയും ബിജെപി വിരോധം പഠിപ്പിക്കാൻ വരേണ്ട. ഇടനിലക്കാരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ പ്രതീക്ഷ മുഴുവൻ അതിലാണ്. അല്ലാതെ മോദിയുടെ ശരീര ഭാഷ കണ്ടിട്ടല്ല സിൽവർ ലൈനിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി പറയുന്നത്.
സർക്കാർ സിൽവർ ലൈനിനു പിന്നാലെ പോകാതെ ഭരിക്കാൻ നോക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന. കെ.എസ്.ഇ.ബിയിൽ ചെയർമാനും മന്ത്രിക്കും എതിരെ ട്രേഡ് യൂണിയൻ നേതാക്കളെ ഇളക്കി വിട്ടിരിക്കുകയാണ്. ജീവനക്കാർ മെല്ലെപ്പോക്ക് സമരത്തിലാണ്. തിരുവനന്തപുരത്ത് കാറ്റുണ്ടായപ്പോൾ തകർന്ന വൈദ്യുതി വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ 18 മണിക്കൂറെടുത്തു. ഇതൊക്കെ ഒന്ന് പരിഹരിച്ച് ഭരിക്കാൻ മുഖ്യമന്ത്രി കൂടുതൽ സമയം കണ്ടെത്തണം.
ഗുണ്ടകൾ മനുഷ്യനെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഗുണ്ടകൾ പൊലീസുകാരനെ മർദ്ദിക്കുന്നു. എല്ലാം പാർട്ടിക്ക് വിട്ടുകൊടുത്ത് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. പൊലീസിനെ ഭരിക്കുന്നത് പാർട്ടി ജില്ലാ സെക്രട്ടറിമാരാണ്. ന്യൂനപക്ഷ തീവ്രവാദികളും ഭൂരിപക്ഷ തീവ്രവാദികളും നുഴഞ്ഞു കയറി പൊലീസിൽ കുഴുപ്പങ്ങളുണ്ടാക്കുന്നു. സിപിഐ നേതാക്കളായ ഡി രാജയും ആനി രാജയും പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാർട്ടിക്കാരിൽ നിന്നും ഭരണത്തെ മോചിപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇനിയെങ്കിലും ഭരിക്കാൻ ശ്രമിക്കണം.
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണ് സിൽവർ ലൈൻ കൊണ്ടു വരുന്നതെന്നു പറയുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സിയെ ദയാവദത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. 17 ലക്ഷം കിലോ മീറ്റർ ഓടിയിരുന്ന കെ.എസ്.ആർ.ടി.സി പത്ത് ലക്ഷം കിലോ മീറ്ററിന് താഴെയായി. രണ്ടായിരം ഷെഡ്യൂളുകളാണ് വെട്ടിച്ചുരുക്കിയത്. നാൽപ്പത്തി ഏഴായിരം ജീവനക്കാരുണ്ടായിരുന്നത് ഇരുപത്തി ഏഴായിരമാക്കി. ലാഭത്തിൽ ഓടുന്ന ദീർഘദൂര സർവീസുകൾ ഒന്നിച്ചാക്കിയാണ് ഇപ്പോൾ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത്.
നഷ്ടത്തിലോടുന്ന 85 ശതമാനത്തോളം സർവീസുകളുടെ ഭാരം കെ.എസ്.ആർ.ടി.സിയുടെ തലയിലായി. നഷ്ടം നൂറ് ശതമാനം ആകുന്നതോടെ കെ.എസ്.ആർ.ടി.സി ഇല്ലാതാകും. പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ച് പുരപ്പുറത്ത് കയറി ഇരുന്ന് സംസാരിക്കുന്നവർ സ്വിഫ്റ്റ് കമ്പനിയിൽ നിയമിച്ചിരിക്കുന്നത് കരാർ തൊഴിലാളികളെയാണ്. കെ.എസ്.ആർ.ടി.സിയെയും അവിടെയുള്ള സ്ഥിരം ജീവനക്കാരെയും പെരുവഴിയിൽ ഇറക്കിവിട്ട് സ്വിഫ്റ്റ് കമ്പനി രൂപീകരിച്ച് കരാർ തൊഴിലാളികളെ നിയമിക്കുന്നതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഇത് എന്ത് ഇടതു പക്ഷ നയമാണ്? സിൽവർ ലൈൻ, കെ.എസ്.ആർ.ടി.സി വിഷയങ്ങളിൽ സർക്കാരിന് തീവ്ര വലതുപക്ഷ നയമാണ്.
കെ.വി തോമസ് എന്റെ ഗുരുനാഥൻ കൂടിയാണ്. അദ്ദേഹം പാർട്ടി അച്ചടക്കത്തിന്റെ ഫ്രെയിമിൽ നിൽക്കുന്നയാളാണ്. പാർട്ടി തീരുമാനം എടുത്താൽ അദ്ദേഹം അതിൽ ഉറച്ച് നിൽക്കും. കോൺഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ലെന്നാണ് വിശ്വാസം. അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഏതു സ്ഥാനത്തേക്ക് വരാനും അർഹനായ ആളാണ്. ഡി.സി.സി അധ്യക്ഷൻ, കെപിസിസി ട്രഷറർ, കെപിസിസി വർക്കിങ് പ്രസിഡന്റ്, എംഎൽഎ, എംപി, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഏത് ഉത്തരവാദിത്തവും ഭംഗിയായി ചെയ്യാൻ കഴിവുള്ള ആളാണ് കെ.വി തോമസ്.
ദേശീയ തലത്തിൽ പ്രാദേശിക പാർട്ടികൾ യോജിക്കണമെന്ന് സിപിഎമ്മിൽ ചർച്ച വന്നപ്പോൾ കോൺഗ്രസ് വേണ്ടെന്ന നിലപാടാണ് പിണറായി വിജയനും കേരള ഘടകവും സ്വീകരിച്ചത്. കേരള ഘടകം കോൺഗ്രസ് വിരുദ്ധരും ബിജെപിയോട് ചേർന്ന് നിൽക്കുന്നവരുമാണ്. ബിജെപി ജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അവരോട് സഖ്യം ചെയ്യേണ്ട ഒരാവശ്യവും കോൺഗ്രസിനില്ല.
പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസാണ് തീരുമാനിച്ചത്. അവരുമായി സഹകരിക്കേണ്ടതില്ലെന്നതാണ് നിലപാട്. പ്രത്യേകിച്ചും കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ. ഞങ്ങളുടെ എത്ര പേരെയാണ് കൊലചെയ്തത്. എത്ര പേരുടെ രക്തം വീണ് കിടക്കുന്ന മണ്ണാണ് കണ്ണൂർ. ഞങ്ങൾക്ക് അതിന് പറ്റുന്നില്ല. അത്രയൊക്കെ വിശാല മനസേ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനൂള്ളൂ എന്ന് കരുതിയാൽ മതി. ഞങ്ങളുടെ പാർട്ടി പ്രവർത്തകരുടെ ചോര വീണ് കിടക്കുന്ന മണ്ണിൽ പോയി സിപിഎം നേതാക്കളുമായി കൈ കൊടുക്കാൻ മനസില്ലാത്ത നേതൃത്വമാണ് കേരളത്തിലെ കോൺഗ്രസിന് ഇപ്പോഴുള്ളത്. ഇടുങ്ങിയ ചിന്താഗതിയാണ് ഇക്കാര്യത്തിലെന്ന് ചിന്തിച്ചാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അതാണ് കേരളത്തിലെ ഇപ്പോഴത്തെ കോൺഗ്രസ്.
പോളിറ്റ് ബ്യൂറോയിൽ ദലിതരില്ലാത്തത് ചരിത്രപരമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞതിൽ എന്ത് അർത്ഥമാണുള്ളത്. ഇത് വരേണ്യ വർഗക്കാരുടെയും ഉന്നത കുലജാതരുടെയും പാർട്ടി ആണെന്നല്ലേ ചരിത്രം. ഇവർ ചരിത്രം തിരുത്തിക്കുറിക്കുന്ന വിപ്ലവകാരികളല്ലേ? കോൺഗ്രസിൽ മുസ്ലിംകളും ക്രിസ്ത്യാനികളും കുറവാണെന്ന് പറഞ്ഞയാളാണ് കോടിയേരി. എം.എ ബേബി പി.ബിയിൽ ഇരിക്കുന്നത് ക്രിസ്ത്യൻ ക്വാട്ടയിലാണോ? പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നതിന് തെളിവാണ് യെച്ചൂരിയുടെ ലേഖനം. മതവും ജാതിയും നോക്കിയ ശേഷം മറ്റുള്ളവരെ കുറ്റപ്പെടുത്തും.
മറുനാടന് മലയാളി ബ്യൂറോ