തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ചോദ്യങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല. എല്ലാം സ്വപ്നയുടെ വെളിപ്പെടുത്തലോടെയാണ് ഉണ്ടായതെന്ന് സതീശൻ ചോദിക്കുന്നു. ഷാഫി പറമ്പിൽ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സഹയാത്രികയായിരുന്നില്ലേ. രാത്രി വൈകുവോളം ശിവശങ്കർ രാമായണം വായിക്കുകയായിരുന്നോ. ശിവശങ്കർ വൈകുന്നേരം എങ്ങോട്ട് പോകുന്നു എന്ന് മുഖ്യമന്ത്രി അന്വേഷിച്ചില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

'സ്വർണക്കടത്ത് വിഷയം ചർച്ചചെയ്യാൻ ഭരണപക്ഷം നിർബന്ധിതരാവുകയായിരുന്നു. ഒന്നരലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചപ്പോഴും മുഖ്യമന്ത്രി അറിഞ്ഞില്ലേ. പുസ്തകമെഴുതിയ ശിവശങ്കറിനെ വെള്ളപൂശി. സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേസുകൊടുത്തു. ഒരേകേസിൽ രണ്ട് പേർക്ക് രണ്ടുനീതി. രണ്ടുപേരും ഒരേ കേസിലെ പ്രതികളല്ലേ. സ്വപ്ന പറയുന്നത് കളവാണെന്ന് തെളിയിക്കാൻ സാക്ഷി സരിത.കാലം കണക്കുചോദിക്കുകയാണ്.

ആരോപണം വന്നാൽ അത് നേരിടാൻ നിയമപരമായ വഴി മുഖ്യമന്ത്രി സ്വീകരിച്ചില്ല. പേടി ഇല്ലെങ്കിൽ എ ഡി ജിപിയെ ഇടനിലക്കാരന്റെ അടുത്തേക്ക് വിടുമോ. കൃഷ്ണരാജും താനും ഒന്നിച്ച് പഠിച്ചവരാണ്. ഒന്നിച്ച് പഠിച്ചവർ തമ്മിൽ ബന്ധമുണ്ടാവില്ലേ. മുഖ്യമന്ത്രിയെ കൂപ മണ്ഡൂകം എന്ന് വിളിച്ചത് അപമാനിക്കാനാല്ല. അദ്ദേഹം ചെറിയ ലോകത്തിരുന്ന് മാത്രം ചിന്തിക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്.

വെപ്രാളവും ഭയവും നിറഞ്ഞ നിങ്ങളുടെ നടപടികളാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന് കൂടുതൽ വിശ്വാസ്യത ഉണ്ടാക്കിയത്. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള സരിതയുടെ പരാതിയിൽ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത മുഖ്യമന്ത്രി സ്വപ്നയുടെ പരാതിയിലും സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്'.- സതീശൻ പറഞ്ഞു.

അഡ്വക്കേറ്റ് കൃഷ്ണരാജുമായിള്ള ബന്ധത്തെ പറ്റിയുള്ള ആരോപണത്തിന് മറുപടിയും പറഞ്ഞു. കോളേജിൽ പഠിച്ച കൃഷ്ണരാജുമായി മുപ്പത്തിലേറെ വർഷത്തെ ബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂപമണ്ഡൂകം എന്ന വാക്കിന് ചെറിയ ലോകത്ത് നിന്ന് ചിന്തിക്കുന്ന ആൾ എണ്ണർത്ഥമേ ഉള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ ആവരുത് എന്നാണ് പറഞ്ഞതെന്നും സതീഷൻ കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയെ കുറിച് അസത്യം പറഞ്ഞതിനെതിരെയായിരുന്നു പരാമർശം എന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽ വിശ്വാസ്യത ഉണ്ടാക്കിയത് സർക്കാർ വെപ്രാളം പിടിച്ചു എടുത്ത നിയമ വിരുദ്ധ നടപടിയാണെന്ന് പറഞ്ഞ വി ഡി സതീശൻ സ്വപ്നയുടെ പരാതിയിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയാണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ. അദ്ദേഹത്തെ നിങ്ങൾ വെള്ളപൂശി അകത്ത് വെച്ചു. അദ്ദേഹം പുസ്തകമെഴുതി. അപ്പോൾ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് ചോദിച്ചത് നിങ്ങൾക്ക് പൊള്ളുന്നുണ്ടോയെന്നാണ്. അതേ കേസിലെ സ്വപ്ന സുരേഷ് കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തൽ നടത്തി. അതിന്റെ പേരിൽ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരേ കേസിലെ രണ്ടു പ്രതികൾക്ക് രണ്ടുനീതിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

'കൂപമണ്ഡൂകം എന്നാൽ പൊട്ട കിണറ്റിലെ തവള എന്നത് അക്ഷരാർഥമാണ്. അത് പിടിച്ച് വിമർശിക്കാൻ വരരുത്. ഇടുങ്ങിയ ചിന്ത എന്നാണ് ഉദ്ദേശിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഗുജറാത്തിലെ എംപി മരിച്ചപ്പോൾ അവരുടെ വിധവയെ കാണാൻ പോയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോണിയ ഗാന്ധി സന്ദർശിച്ചെന്ന് അവരുടെ മകന്റെ പ്രസ്താവന ഞാനപ്പോൾ പറഞ്ഞു. അന്ന് നരേന്ദ്ര മോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിളിച്ചത് സോണിയ ഗാന്ധിയല്ലേ എന്ന് സതീശൻ ചോദിച്ചു. അങ്ങ് ഈ കേരളമെന്ന ചെറിയ ലോകത്തിരുന്ന ചിന്തിക്കരുത്. എന്നാണ് താൻ പറഞ്ഞത്. അല്ലാതെ മുഖ്യമന്ത്രിയെ അപമാനിച്ചതല്ല. മുഖ്യമന്ത്രി ഒരു അസത്യം പറഞ്ഞപ്പോൾ അതിനെ പ്രതിരോധിച്ചു എന്നത് മാത്രമാണ്' സതീശൻ പറഞ്ഞു.