- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കർക്ക് വി ഡി സതീശന്റെ കാര്യത്തിൽ വീണ്ടുവിചാരം; സതീശനും സാദത്തിനുമെതിരെ കേസെടുക്കാനുള്ള സർക്കാർ അപേക്ഷ സ്പീക്കർ മടക്കി; എംഎൽഎ എന്ന നിലയ്ക്കു ചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂർവം സംഭവിച്ചതാണോ എന്നു പരിശോധിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് വിജിലൻസ് കേസുകളുമായി പിണറായി സർക്കാർ രംഗത്തുവരുന്നത് എന്ന ആക്ഷേപം ശക്തമാണ്. സർക്കാറിനെതിരെ ശബ്ദിക്കുന്നവർക്കെതിരെയാണ് കേസുകൾ വരുന്നത്. സർക്കാറിനെ ഏറ്റവും പ്രതിരോധത്തിൽ ആക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാമൂടി കെട്ടാൻ വേണ്ടി വിജിലൻസ് അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാർകോഴ കേസുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് സർക്കാർ ഇതിന് ആയുധമാക്കിയത്. ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുമതി നൽകുകയും ചെയ്തു. അതേസമയം കോൺഗ്രസ് എംഎൽഎമാരായ വി.ഡി.സതീശനും അൻവർ സാദത്തിനുമെതിരായ പരാതിയിൽ സ്പീക്കർക്ക് വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. ഇരുവർക്കുമെതിരെ കേസെടുക്കാൻ അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷ വിശദീകരണം തേടി സ്പീക്കർ മടക്കി അയക്കുകയാണ് ഉണ്ടായത്.
മണ്ഡലത്തിൽ പുനർജനി പദ്ധതി നടപ്പാക്കാൻ വിദേശഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തിലാണു വി.ഡി.സതീശനെതിരായ അന്വേഷണം. പാലം നിർമ്മാണത്തിൽ ക്രമക്കേടു കാട്ടിയെന്നാണ് അൻവർ സാദത്തിനെതിരായ ആരോപണം. എംഎൽഎ എന്ന നിലയ്ക്കു ചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂർവം സംഭവിച്ചതാണോ എന്നു പരിശോധിക്കാൻ വേണ്ടിയാണു ഫയൽ മടക്കിയതെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു.
അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ഒരുതരത്തിലും പ്രതികാര നടപടിയാകാൻ പാടില്ല. അതിനാൽ വിശദമായ പരിശോധന ആവശ്യമാണ്. തെളിവുകൾ, അനുബന്ധ രേഖകൾ എന്നിവ എന്തെങ്കിലുമുണ്ടെങ്കിൽ സമർപ്പിക്കണം എന്നാവശ്യപ്പെട്ടാണു സർക്കാരിനു കത്തു നൽകിയത്. അതു കിട്ടിക്കഴിഞ്ഞേ എന്തെങ്കിലും നിലപാടു സ്വീകരിക്കൂവെന്നും സ്പീക്കർ പറഞ്ഞു. ഇഡിക്കെതിരെ എം.സ്വരാജ് നൽകിയ അവകാശലംഘന നോട്ടിസിൽ ധനവകുപ്പിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്നും സ്പീക്കർ അറിയിച്ചു.
അതേസമയം തനിക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. സ്പീക്കർ സർക്കാരിന്റെ പാവയായി പ്രവർത്തിക്കുകയാണ്. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിരുന്നു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറുമായി സ്പീക്കർ ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ