തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാത്രി അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ പാടില്ലെന്ന നിബന്ധന തമിഴ്‌നാട് ലംഘിച്ചിട്ട് സർക്കാർ ഒന്നും ചെയ്തില്ലെന്നും കത്ത് എഴുതിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സതീശൻ പരിഹസിച്ചു.

കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ തമിഴ്‌നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാമെന്നതാണ് അവസ്ഥയെന്നും എം.എം. മണി ഉൾപ്പെടെയുള്ളവർ ഇടുക്കി ജനതയെ കബളിപ്പിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നത്. സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത രണ്ട് മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നതെന്നും സതീശൻ ചോദിച്ചു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാരിന് അടിസ്ഥാന വിവരങ്ങൾ പോലുമില്ല. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്‌നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.