- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ ആർഎസ്എസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തില്ല': ഹിന്ദു ഐക്യവേദിയുടെ ആരോപണം തള്ളി വി ഡി സതീശൻ; വിവേകാനന്ദ കേന്ദ്രത്തിന്റെ തൃശൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്; ആർ.എസ്.എസും സിപിഎമ്മും ഒറ്റക്കെട്ടായി ആക്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പറവൂരിലെ ആർഎസ്സ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ കള്ളം പറയുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിക്കുമ്പോൾ, താൻ ആർ.എസ്.എസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തില്ലെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് വി ഡി സതീശൻ. വിവേകാനന്ദ കേന്ദ്രത്തിന്റെ തൃശൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. സിപിഎം നേതാക്കൾ ആർ.എസ്.എസിന്റെ എട്ട് പരിപാടികളിൽ പങ്കെടുത്തതിന്റെ വിശദാംശങ്ങൾ പ്രതിപക്ഷത്തിന്റെ കൈയിലുണ്ട്. ആർ.എസ്.എസിന്റെ പോഷകസംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രിയായിരുന്നപ്പോൾ കെ.കെ ശൈലജ അഹമ്മദാബാദിൽ പോയതെന്നും പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
താൻ, പഠിക്കാനാണോ പഠിപ്പിക്കാനാണോ പോയതെന്ന് എം.എ ബേബി വി എസ് അച്യുതാനന്ദനോടാണ് ചോദിക്കേണ്ടത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് അദ്ദേഹം പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത്. ആർ.എസ്.എസിന് എതിരെ ആയിരം വട്ടം പറയുമ്പോൾ അഞ്ച് വരി പോലും എൽ.ഡി.എഫിനെതിരെ പറയുന്നില്ലെന്നതാണ് ബേബിയുടെ മറ്റൊരു പരാതി. പിണറായി സർക്കാരിനെതിരെ ഞാൻ കൂടുതൽ പറയണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. സർക്കാരിനെതിരെ ഒരുപാട് കാര്യങ്ങൾ പറയണമെന്ന് ബേബിക്ക് ആഗ്രഹമുണ്ട്. പക്ഷെ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്നു പോകും. ഹിപ്പോക്രസിയാണ് ബേബി കാണിക്കുന്നത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള കാര്യങ്ങൾ പ്രതിപക്ഷ നേതാവ് പറയണമെന്നതാണ് ബേബിയുടെ ആഗ്രഹം. മുഖ്യമന്ത്രിക്കെതിരെയും പിണറായി സർക്കാരിനെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള ആഗ്രഹങ്ങൾ എന്നെക്കൊണ്ട് ചോദിപ്പിക്കാനാണ് ശ്രമം. ആർ.എസ്.എസിനെ അല്ല വിമർശിക്കേണ്ടതെന്നതാണ് ബേബിയുടെ ലൈൻ.
ഗോൾവാൾക്കറെ വിമർശിച്ചതാണ് പ്രശ്നം. ഗോൾവാൾക്കറെയല്ല അദ്ദേഹം എഴുതിയ പുസ്തമാണ് ഉദ്ധരിച്ചത്. അതുപോലും ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയില്ല. സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന് ഗോൾവാൾക്കറിന്റെ വിചാരധാര എന്ന പുസ്തകവുമായി സാമ്യമുണ്ട്. ആർ.എസ്.എസിനെ വിമർശിക്കുന്നതിൽ സിപിഎമ്മിന് എന്താണ് ഇത്ര വിഷമം. ആർ.എസ്.എസിനെ വിമർശിക്കുന്നത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ്. അത് ഇനിയും രൂക്ഷമായി തുടരും. അവരുടെ നിലപാടുകളോട് പൊരുത്തപ്പെടാനാകില്ല. ആർ.എസ്.എസിന് ഒപ്പം നിന്നുകൊണ്ട് കേരളത്തിലെ സിപിഎം നേതാക്കളും വിമർശിക്കുകയാണ്. ഒരേ തോണിയിലെ യാത്രക്കാരായ രണ്ടു കൂട്ടരുടെയും വിമർശനം നേരിടാൻ തയാറാണ്.
നാവ് പിഴ എന്ന് പറഞ്ഞ് സജി ചെറിയാനെ രക്ഷപ്പെടുത്താൻ ശ്രമിച്ചയാളാണ് എം.എ ബേബി. പി.ബി അംഗം നാവ് പിഴ ആണെന്ന് പറഞ്ഞ മന്ത്രി എന്തിനാണ് രാജിവച്ചത്? അപ്പോൾ ബേബിക്കൊന്നും അവിടെ ഒരു കാര്യവുമില്ല. കാര്യങ്ങൾ തീരുമാനിക്കുന്നത് വേറെ ആളുകളാണ്. ഭരണഘടനാ വിരുദ്ധ പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയതെന്ന് പറായാൻ പോലും തയാറാകാത്ത ബേബിയാണ് സംഘപരിവാറുകാർക്കൊപ്പം എന്നെ ആക്രമിക്കാൻ വരുന്നത്. കേരളം മുഴുവൻ കേസ് കൊടുക്കുമെന്നാണ് സംഘപരിവാർ പറഞ്ഞിരിക്കുന്നത്. അതിനെ നിയമപരമായി നേരിടും. എന്നാൽ സംഘപരിവാറിനെ വിമർശിക്കുകയോ, പ്രതിപക്ഷ നേതാവ് വിചാരധാരയിൽ നിന്നും ഉദ്ധരിച്ച കാര്യങ്ങൾ ശരിയാണെന്നോ പറയാതെ സിപിഎമ്മും ആർ.എസ്.എസിനൊപ്പം ചേർന്ന് ആക്രമിക്കുകയാണ്. അതിനെയൊക്കെ നേരിടാൻ തയാറാണ്.
അതേസമയം, സതീശൻ 2006ൽ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ തന്നെയായിരുന്നുവെന്നും, 2001ലും ആർഎസ്എസിനോട് വോട്ടു ചോദിച്ചിരുന്നുവെന്നും ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2001ലും 2006 ലും സതീശൻ ആർ.എസ്.എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്ന് ആർവി ബാബു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ