കോട്ടയം: മധ്യകേരളാ മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനും താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലവും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാമുദായിക സ്പർധ വളർത്തി കേരളത്തിന്റെ സാമൂഹിക ഇഴയടുപ്പം ഇല്ലാതാക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിനെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

മതസൗഹാർദ്ദവും മാനവികതയും ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യാൻ ഈ വാർത്താചിത്രം സമൂഹത്തിനാകെ പ്രചോദനമാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സാമുദായിക സ്പർധ വളർത്തി കേരളത്തിന്റെ സാമൂഹിക ഇഴയടുപ്പം പിച്ചിച്ചീന്താൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിന്. കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് പോറലേൽക്കരുതെന്ന സന്ദേശവുമായി സി.എസ്‌ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനും മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി രക്ഷാധികാരി താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലവുമാണ് സി.എസ്‌ഐ ബിഷപ്പ് ഹൗസിൽ കഴിഞ്ഞ ദിവസം സംയുക്ത പത്രസമ്മേളനം നടത്താനായി ഒത്തുചേർന്നത്.

സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷം ആളിക്കത്തിച്ച് രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതിനിടെ നോക്കുകുത്തിയായി ഒരു ഭരണകൂടം മാറി നിൽക്കുന്നിടത്താണ് മതസൗഹാർദ്ദത്തിന് പോറൽ ഏൽക്കാതിരിക്കാനുള്ള ശ്രമവുമായി ഈ രണ്ടു മത നേതാക്കൾ ഒത്തുചേർന്നത്. ഈ ഇഴയടുപ്പം തന്നെയാണ് വർഗീയവാദികളെ ഇത്രകാലവും അകറ്റിനിർത്താൻ കേരള സമൂഹം പുറത്തെടുത്തിരുന്ന ആയുധവും. മതസൗഹാർദ്ദവും മാനവികതയും ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യാൻ ഈ വാർത്താചിത്രം സമൂഹത്തിനാകെ പ്രചോദനമാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.