തിരുവല്ല: ഒരുമാസം പിന്നിട്ടിട്ടും എ കെ ജി സെന്റർ ആക്രമണ കേസിലെ പ്രതികളെ പിടികൂടാൻ ആയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും പ്രതികൾ കാണാമറയത്താണ്. പ്രതികൾ സമർത്ഥരായതുകൊണ്ടാണ് പിടികൂടാൻ കഴിയാത്തത് എന്നാണ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ഇന്നലെ പറഞ്ഞത്. അതേ സമയം, എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. പത്തനംതിട്ട ജില്ല 'ആസാദ് കി ഗൗരവ് യാത്ര' മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എകെജി സെന്ററിന്റെ ഓലപ്പടക്കം പൊട്ടുന്നതിന് അരമണിക്കൂർ മുൻപ് 'ചിറ്റപ്പൻ' എല്ലാം അറിഞ്ഞു. കെട്ടിടത്തിന്റെ മുകളിലിരുന്ന് 'കിടുങ്ങാക്ഷിയമ്മ' കിടുങ്ങി. ഇപ്പോൾ പടക്കത്തിന്റെ ശബ്ദം കേട്ടാൽ സിപിഐഎമ്മുകാർ പേടിച്ച് പാർത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

ശത്രുക്കൾക്ക് പോലും ബംഗാളിലെ സിപിഐഎംന്റെ ഗതി വരുത്തരുതേയെന്നാണ് തന്റെ പ്രാർത്ഥന. ഇവിടെ ഡെപ്യൂട്ടി കളക്ടറെ വിരട്ടിയും ഡിവൈഎസ്‌പിയെ സ്ഥലം മാറ്റിയും ഏരിയാ സെക്രട്ടറിമാർ വിലസുകയാണ്. അതേ സമയം 33 വർഷം അവർ ഭരിച്ച ബംഗാളിലെ ഏരിയാസെക്രട്ടറി പറവൂരിൽ റോഡ് പണിക്കുണ്ട്. അവിടുത്തെ ജില്ലാ സെക്രട്ടറി തൃശ്ശൂരിൽ പൊറോട്ടയടിയിലാണ്. ജനങ്ങളുടെ സൗമനസ്യംകൊണ്ട് കിട്ടിയ തുടർഭരണം വിനയത്തോടെ സ്വീകരിക്കുന്നതിന് പകരം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഇന്നത്തെ മാതൃക തുടർന്നാൽ പൊറോട്ടയുടെ കാര്യം നാട്ടുകാർ ഓർമ്മിപ്പിക്കണമെന്നും സതീശൻ പറഞ്ഞു.

സിപിഐഎമ്മിന് മല്ലപ്പള്ളി കുഴപ്പം പിടിച്ച സ്ഥലമാണ്. ഇവിടെ കല്ലിട്ട് തുടങ്ങിയ കെ റെയിൽ ഒരു വഴിക്കായി. ഇവിടെ പ്രസംഗിച്ച ഒരു മന്ത്രിയുടെ പണി പോയെന്നും സതീശൻ പറഞ്ഞു.